Top

'വേർപാട് സ്ത്രീ മുന്നേറ്റങ്ങൾക്ക് കനത്ത നഷ്ടം'; എം സി ജോസഫൈന് അനുശോചിച്ച് മുഖ്യമന്ത്രി

തൊഴിലാളികൾക്കും സ്ത്രീകൾക്കും ജനങ്ങൾക്കാകെയും വേണ്ടി വിശ്രമരഹിതമായി പ്രവർത്തിച്ച നേതാവാണ് ജോസഫൈന്

10 April 2022 9:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വേർപാട് സ്ത്രീ മുന്നേറ്റങ്ങൾക്ക് കനത്ത നഷ്ടം; എം സി ജോസഫൈന് അനുശോചിച്ച് മുഖ്യമന്ത്രി
X

തിരുവനന്തപുരം: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മീഷൻ മുൻ അധ്യക്ഷയുമായ എംസി ജോസഫൈന് അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐ എമ്മിന്റെ സമുന്നത നേതാവായ എം സി ജോസഫൈന്റെ ആകസ്മിക വിയോഗം തീവ്രമായ വ്യസനമുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൊഴിലാളികൾക്കും സ്ത്രീകൾക്കും ജനങ്ങൾക്കാകെയും വേണ്ടി വിശ്രമരഹിതമായി പ്രവർത്തിച്ച നേതാവാണ് ജോസഫൈന്. വിദ്യാർഥി - യുവജന - മഹിളാ പ്രസ്ഥാനങ്ങളിൽ അരനൂറ്റാണ്ടിലേറെയായി ജോസഫൈന്റെ സാന്നിധ്യം ഉണ്ട്.

പാർട്ടിയുടെ ഇരുപത്തിമൂന്നാം കോൺഗ്രസ്സിൽ പങ്കെടുത്തു കൊണ്ടിരിക്കെയാണ് സഖാവിന് ഹൃദയാഘാതമുണ്ടായത്. ഇടപെട്ട മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അവർ സ്ത്രീകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്കു വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണെടുത്തത്. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ നേതാവ്, വനിതാ കമീഷൻ അധ്യക്ഷ എന്നീ നിലകളിലുള്ള ജോസഫൈന്റെ ഇടപെടലുകൾ സ്ത്രീ സമൂഹത്തിന് നീതി ഉറപ്പാക്കുക, പുരോഗതിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തിൽ മാത്രം ഊന്നിയുള്ളതായിരുന്നു.

വിവിധ തൊഴിലാളി യൂണിയനുകളുടെ നേതാവ്, വനിതാ വികസന കോർപറേഷന്റെയും വിശാലകൊച്ചി വികസന അതോറിറ്റിയുടെയും നായിക എന്നീ നിലകളിലും ശ്രദ്ധേയമായ സംഭാവനകളാണ് അവർ നൽകിയത്. ജോസഫൈന്റെ വേർപാട് കേരളത്തിലെ പുരോഗമന പ്രസ്ഥാനത്തിനും സ്ത്രീ മുന്നേറ്റങ്ങൾക്കും കനത്ത നഷ്ടമാണുണ്ടാക്കുന്നത്. സഖാവിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ എകെജി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ജോസഫെെന്റെ അന്ത്യം. മൃതദേഹം അഞ്ച് മണിയോടെ എറണാകുളത്തേക്ക് കൊണ്ടുപോകും. ഇന്നലെ കണ്ണൂരിലെ പാർട്ടി കോൺഗ്രസ് വേദിയിൽ വെച്ചാണ് ജോസഫെെന് ഹൃദയാഘാതമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 2017 മാർച്ച് മാസം മുതൽ 2021 ജൂൺ 25 വരെ, സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായി പ്രവർത്തിച്ചിട്ടുണ്ട്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റായി പ്രവർത്തിച്ച് വരികയായിരുന്നു. ജി.സി.ഡി.എ. ചെയർപേഴ്സണും വനിതാ വികസന കോർപറേഷൻ ചെയർപേഴ്സണുമായിരുന്നു.

Story highlights: Chief Minister Pinarayi Vijayan conveyed his condolences to MC Josephine

Next Story