Top

'പൊലീസില്‍ ചിലര്‍ക്ക് തെറ്റായ സമീപനം'; വകുപ്പില്‍ പോരായ്മകള്‍ ഉണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി

12 Jan 2022 4:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൊലീസില്‍ ചിലര്‍ക്ക് തെറ്റായ സമീപനം; വകുപ്പില്‍ പോരായ്മകള്‍ ഉണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി
X

ആഭ്യന്തര വകുപ്പില്‍ പ്രശ്‌നങ്ങളും പോരായ്മകളും ഉണ്ടെന്ന് തുറന്ന് സമ്മതിച്ച് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയുമായ പിണറായി വിജയന്‍. പൊലീസില്‍ ചിലര്‍ക്ക് തെറ്റായ സമീപനമുണ്ടെന്നും അവരെ തിരുത്തുമെന്നും പിണറായി വിജയന്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പൊലീസ് സേനയെ ആകെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ നല്‍കിയ മറുപടി പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

അതിനിടെ, എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. വഴിതെറ്റിയവരെ തിരിച്ച് കൊണ്ട് വരാന്‍ ശ്രമിക്കണം. അകാരണമായി ആരെയും ജയിലടയ്ക്കണമെന്നില്ലെന്നും യുഎപിഎ കേസില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പിണറായി വിജയന്‍ പറഞ്ഞു.

അതേസമയം ഇടുക്കി എന്‍ജിനീയറിംഗ് കോളേജില്‍ കെഎസ്‌യു- എസ്എഫ്‌ഐ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ധീരജിന്റെ വിലാപയാത്രയ്ക്ക് പിന്നാലെ സംസ്ഥാനത്ത് അങ്ങിങ്ങായി കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം ഉണ്ടാവുന്നുണ്ട്. കോഴിക്കോട് കൊയിലാണ്ടിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണമുണ്ടായി. ജനല്‍ചില്ലുകള്‍ തകര്‍ക്കുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തു. വടകര എടച്ചേരിയിലും കോണ്‍ഗ്രസ് ഓഫീസിനു നേരെ ആക്രമണമുണ്ടായി. പയ്യോളിയില്‍ കോണ്‍ഗ്രസിന്റെ കൊടിമരം തകര്‍ത്തു. വിലാപയാത്ര കടന്നു പോയതിനു ശേഷമാണ് ആക്രമണം. ഈ സാഹതര്യത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

മലപ്പുറം വണ്ടൂരിനടുത്ത് ചെറുകോട് കോണ്‍ഗ്രസ് സിപിഐഎം പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടയടിയുമുണ്ടായി. കോണ്‍ഗ്രസ് പ്രകടനത്തിനിടെ സിപിഎമ്മിന്റെ കൊടികള്‍ നശിപ്പിച്ചെന്ന് ആരോപിച്ചാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇന്നലെ രാത്രി ഒന്നര മണിക്കൂറോളം സംഘര്‍ഷം തുടര്‍ന്നു.

Next Story