Top

'വഴിയാത്രക്കാരന്റെ കൈയ്യിലുള്ള വടി വാനിൽ തട്ടി'; കുന്നംകുളം അപകടത്തിൽ പിക്കപ്പ് വാൻ ഡ്രെെവറുടെ മൊഴി

15 April 2022 5:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വഴിയാത്രക്കാരന്റെ കൈയ്യിലുള്ള വടി വാനിൽ തട്ടി; കുന്നംകുളം അപകടത്തിൽ പിക്കപ്പ് വാൻ ഡ്രെെവറുടെ മൊഴി
X

തൃശൂർ: കുന്നംകുളത്ത് പിക്ക് അപ്പ് വാനും കെ സ്വിഫ്റ്റ് ബസും ഇടിച്ച് പരസ്വാമി എന്ന വഴിയാത്രക്കാരൻ മരിച്ച സംഭവത്തിന് കാരണം യാത്രക്കാരന്റെ കൈയിലുണ്ടായിരുന്ന വടി വാനിൽ തട്ടിയതാണെന്ന് പിക്കപ്പ് വാൻ ഡ്രൈവറുടെ മൊഴി. പരസ്വാമി റോഡിൽ വീണപ്പോൾ പിക്ക് അപ്പ് വാൻ നിർത്തി. അടുത്ത് ചെല്ലുമ്പോഴേക്കും കെ സ്വിഫ്റ്റ് ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. അമിത വേ​ഗത്തിലാണ് കെ സ്വിഫ്റ്റ് എത്തിയതെന്നും ഡ്രെെവർ വ്യക്തമാക്കി.

വഴിയാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസിന്റെ ഡ്രെെവർ വിനോദിനെതിരെയും പിക്ക് അപ്പ് വാൻ ഡ്രൈവർ സൈനുദ്ദീനെതിരെയും മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്യുകയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ബസ് ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റോഡിൽ വീണു കിടന്നയാളെ ശ്രദ്ധയിൽ പെട്ടില്ലായിരുന്നെന്നാണ് ഡ്രെെവർ പൊലീസിന് നൽകിയ മൊഴി.

വ്യാഴാഴ്ച പുലര്‍ച്ചെ കുന്ദംകുളം ജംഗ്ഷനിലായിരുന്നു അപകടം. തമിഴ്‌നാട് കള്ളകുറിച്ചി സ്വദേശി പരസ്വാമിയാണ് അപകടത്തില്‍ മരിച്ചത്. റോഡ് മുറിച്ച് കടക്കവെ പരസ്വാമിയെ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. റോഡില്‍ വീണ പരസ്വാമിയുടെ ശരീരത്തിലൂടെ പിന്നാലെ വന്ന കെ സ്വിഫ്റ്റ് ബസ് കയറിയിറങ്ങി. ഉടനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രമധ്യേ ഇയാള്‍ മരിക്കുകയായിരുന്നു.

കെ സ്വിഫ്റ്റ് ബസ് വീണ്ടും അപകടമുണ്ടാക്കിയെന്ന തരത്തിലായിരുന്നു വിഷയത്തില്‍ ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വാന്‍ ആണ് ആദ്യം പരസ്വാമിയെ ഇടിച്ചതെന്ന് വ്യക്തമായി. ഏപ്രില്‍ 11ന് ഫ്‌ലാഗ് ഓഫ് ചെയ്ത് സര്‍വീസ് ആരംഭിച്ചതിന് പിന്നാലെ കെ സിഫ്റ്റ് അപകടങ്ങളുടെ പേരില്‍ നിരന്തരം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. നാലിലധികം തവണയാണ് ഇതിനോടകം കെ സ്വിഫ്റ്റ് അപകടത്തില്‍ പെട്ടത്. കഴിഞ്ഞ ദിവസം കെഎസ് 041 ബസ് കോട്ടയ്ക്കലിന് അടുത്ത് വച്ച് തടി ലോറിയെ കയറ്റത്തില്‍ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ പെട്ട ബസ് ഓടിച്ച ഡ്രൈവര്‍മാര്‍ക്കെതിരെ ഇതിന് പിന്നാലെ നടപടിയും സ്വീകരിച്ചിരുന്നു. രണ്ട് ഡ്രൈവര്‍മാരെ ഇതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇന്റേണല്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ അപകടം സംഭവിച്ചതില്‍ ഡ്രൈവര്‍മാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന വിലയിരുത്തലില്‍ ആണ് നടപടി. ഇന്ന് താമരശേരി ചുരത്തിലും കെ സ്വിഫ്റ്റ് അപകടത്തില്‍പ്പെട്ടു.

story highlight: pick up van driver's statement in kunnamkulam accident

Next Story