Top

ഫോട്ടോ ചെറുതായി, പദവിക്ക് പരിഗണന ലഭിക്കുന്നില്ല; പരാതി നല്‍കി തൃശ്ശൂര്‍ മേയര്‍

പ്രോട്ടോകോള്‍ എന്താണെന്ന് വ്യക്താമാക്കണമെന്ന് അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടു.

9 Dec 2021 3:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫോട്ടോ ചെറുതായി, പദവിക്ക് പരിഗണന ലഭിക്കുന്നില്ല; പരാതി നല്‍കി തൃശ്ശൂര്‍ മേയര്‍
X

പദവിക്ക് അര്‍ഹിച്ച പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് സ്‌റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് പരാതി നല്‍കി തൃശ്ശൂര്‍ കോര്‍പറേഷന്‍ മേയര്‍ എംകെ വര്‍ഗീസ്. പ്രോട്ടോകോള്‍ എന്താണെന്ന് വ്യക്താമാക്കണമെന്ന് അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടു. എംപിയും എംഎല്‍എയും മേയറുടെ പദവിക്ക് താഴെയാണ്. പ്രോട്ടോകോള്‍ അനുസരിച്ച് ഡെപ്യൂട്ടി സ്പീക്കറുടെ പദവിക്ക് തുല്യമാണ് മേയറുടെ പദവിയെന്നും പരാതിയില്‍ പറയുന്നു. കോര്‍പറേഷന്‍ ചടങ്ങുകളില്‍ അധ്യക്ഷനാകേണ്ടത് മേയറാണ് എന്നാല്‍ പല ചടങ്ങുകലും മുഖ്യാതിഥിയാക്കി തരം താഴ്ത്തുകയാണെന്നും മേയര്‍ എംകെ വര്‍ഗീസ് പരാതിയിലൂടെ ആരോപിച്ചു.

കഴിഞ്ഞ ദിവസം പൂങ്കുന്നം ഗവ.എച്ച.എസ്.എസില്‍ നടന്ന വിജയദിനാഘോഷത്തില്‍ സ്ഥാപിച്ച ഫ്‌ളക്‌സില്‍ തന്റെ ഫോട്ടോ ചെറുതായെന്നും ഇത് പ്രോട്ടോകോള്‍ ലംഘനമാണെന്നും പറഞ്ഞ് മേയര്‍ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. പരിപാടി ഉദ്ഘാടനം ചെയ്യേണ്ട പി ബാലചന്ദ്രന്‍ എംഎല്‍എയുടെ ചിത്രം ഫ്‌ളക്‌സില്‍ വലുപ്പത്തിലും മേയറുടേത് ചെറുതാക്കിയുമാണ് നല്‍കിയിരുന്നത്. മേയറുടെ ബഹിഷ്‌കരണം വിവാദമായതോടെ എംഎല്‍എയും ചടങ്ങിനെത്തിയില്ല.

എംഎല്‍എയുടെ ഫോട്ടോ വലുതായി ബോര്‍ഡില്‍ വെച്ചു. പക്ഷെ എന്റെ ഏറ്റവും ചെറിയ ഫോട്ടോയാണ് വെച്ചത്. മാനസികമായി എന്നെ ഇത് തളര്‍ത്തി. പ്രോട്ടോക്കോള്‍ ലംഘനം മാത്രമല്ല എന്നെ അപമാനിച്ചതായി എനിക്ക് തോന്നി. അപ്പോള്‍ തന്നെ ഞാന്‍ സ്‌കൂള്‍ അധികൃതരെ വിളിച്ച് ചോദിച്ചു. ഇവിടത്തെ മേയറെയാണ് നിങ്ങള്‍ അപമാനിക്കുന്നത്. എംകെ വര്‍ഗീസ് ഒന്നുമല്ല. മേയര്‍ എന്ന പദവിക്ക് കൊടുക്കേണ്ട ആദരവ് നിങ്ങള്‍ കൊടുത്തില്ല. അതിനാല് ചടങ്ങ് ബഹിഷ്‌കരിക്കുകയാണെന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങിപ്പോന്നു, മേയര്‍ പറഞ്ഞു.

Next Story