Top

പി ജി ഡോക്ടർമാരുടെ സമരം; സർക്കാർ ഉത്തരവില്‍ വ്യക്തതയില്ലെന്ന് ആരോപണം, സമരം തുടരും

പ്രതിമാസം 45,000 രൂപ ശമ്പളത്തില്‍ 373 ജൂനിയർ റെസിഡന്റ് ഡോക്ടർമാരെ നിയമിക്കുമെന്ന് അറിയിച്ചുകൊണ്ടായിരുന്നു ഉത്തരവ്

10 Dec 2021 2:39 AM GMT
അനുപമ ശ്രീദേവി

പി ജി ഡോക്ടർമാരുടെ സമരം; സർക്കാർ ഉത്തരവില്‍ വ്യക്തതയില്ലെന്ന് ആരോപണം, സമരം തുടരും
X

സർക്കാർ മെഡിക്കൽ കോളേജിലെ പിജി ഡോക്ടർമാരുടെ സമരത്തിന്റെ പ്രധാന ആവശ്യം അംഗീകരിച്ച് സർക്കാർ. സമരം ചെയ്യുന്ന ഡോക്ടർമാരുടെ ആവശ്യമനുസരിച്ച് 373 ജൂനിയർ റെസിഡന്റ് ഡോക്ടർമാരെ ഉടൻ നിയമിക്കുമെന്നാണ് സർക്കാർ ഉത്തരവ്. ഇന്ന് മുതൽ അത്യാഹിതവിഭാഗം അടക്കം ബഹിഷ്കരിച്ച് സമരം ശക്തമാക്കുമെന്ന് സമരക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു നടപടി. എന്നാല്‍ ഉത്തരവില്‍ വ്യക്തത ഇല്ലെന്ന് ആരോപിച്ച ഡോക്ടർമാർ സമരം തുടരുമെന്ന് അറിയിച്ചു.

സമരം 10-ാം ദിവസം പിന്നിടുന്ന പശ്ചാത്തലത്തില്‍ വാര്‍ഡ്, ഒപി എന്നിവയ്ക്ക് പുറമെ അത്യാഹിത വിഭാഗവും ബഹിഷ്‌കരിക്കുമെന്നായിരുന്നു സമരം ചെയ്യുന്ന പിജി ഡോക്ടർമാരുടെ നിലപാട്. നേരത്തെ ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയില്‍ ഒരു വിഭാഗം സമരത്തില്‍ നിന്ന് പിന്മാറിയിരുന്നു. എന്നാല്‍ ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍മാരെ നിയമിക്കാമെന്ന ആരോഗ്യ മന്ത്രിയുടെ വാക്കാലുള്ള ഉറപ്പ് ഉത്തരവായി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം ഡോക്ടർമാർ സമരം തുടരുകയായിരുന്നു.


ഈ സാഹചര്യത്തിലാണ് പ്രതിമാസം 45,000 രൂപ ശമ്പളത്തില്‍ 373 ജൂനിയർ റെസിഡന്റ് ഡോക്ടർമാരെ നിയമിക്കുമെന്ന് അറിയിച്ചുകൊണ്ട് ഉത്തരവ് പുറത്തുവിട്ടത്. എന്നാൽ ആരോഗ്യവകുപ്പിന്റെ ഉത്തരവിൽ നിയമനം സംബന്ധിച്ച് ഇന്റർവ്യൂ മുതല്‍ എത്ര കാലത്തിനുള്ളില്‍ നിയമനം ഉണ്ടാകും എന്നടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. നാലു ശതമാനം സ്റ്റൈപ്പൻഡ് വർദ്ധനവേണമെന്ന ആവശ്യവും അഗീകരിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെജിഎംപിഎ പ്രതിനിധികളെ വീണ്ടും ചർച്ചയ്ക്ക് വിളിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.


ചൊവ്വാഴ്ച്ച പി ജി ഡോക്ടർമാരുടെ സംഘടന പ്രതിനിധികളുമായി നടത്തിയ ചർച്ചയെ തുടർന്ന് സമരം പിൻവലിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. പിജി ഡോക്ടർമാരുടെ ജോലി ഭാരം കുറയ്ക്കാൻ ജൂനിയർ റസിഡന്റ് ഡോക്ടർമാരെ നിയമിക്കുമെന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്. എന്നാൽ ഇത് ഉത്തരവായി ഇറങ്ങുന്നത് വരെ സമരം തുടരുമെന്ന് പി ജി ഡോക്ടർമാരും വ്യക്തമാക്കി.

സമരം തുടർന്നാല്‍ കർശന നടപടിയുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. പകർച്ചവ്യാധി നിരോധന നിയമപ്രകാരം കേസെടുക്കുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതിനുപുറമെ സർക്കാർ നിർദ്ദേശപ്രകാരം ഹോസ്റ്റലുകളിൽ നിന്ന് സമരം ചെയ്യുന്ന പിജി ഡോക്ടർമാരെ പുറത്താക്കാനും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ സർക്കുലർ ഇറക്കി. ഇതിൽ പ്രതിഷേധിച്ചു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇന്നലെ രാത്രി ഡോക്ടർമാർ പ്രതിഷേധിച്ചു.

Next Story