Top

അടിയന്തിര ഡ്യൂട്ടി ബഹിഷ്‌കരണം ഒഴിവാക്കി; സമരം മയപ്പെടുത്തി പിജി ഡോക്ടര്‍മാര്‍

16 Dec 2021 4:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അടിയന്തിര ഡ്യൂട്ടി ബഹിഷ്‌കരണം ഒഴിവാക്കി; സമരം മയപ്പെടുത്തി പിജി ഡോക്ടര്‍മാര്‍
X

ആരോഗ്യമന്തി വീണാ ജോര്‍ജുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ കടുത്ത സമര രീതികളില്‍ നിന്നും പിന്തിരിഞ്ഞ് സംസ്ഥാനത്തെ പിജി ഡോക്ടര്‍മാര്‍. തീരുമാനങ്ങള്‍ ഉണ്ടായില്ലെങ്കിലും മന്ത്രിയുമായി നടത്തിയ ചര്‍ച്ച ഫലപ്രദമാണെന്നും അനുകൂല നിലപാടാണ് സ്വീകരിച്ചത് എന്നും വിലയിരുത്തിയാണ് തീരുമാനം. ഇതോടെ അത്യാഹിത വിഭാഗം ഡ്യൂട്ടികള്‍ ബഹിഷ്‌കരിച്ചുള്ള സമരം അവസാനിപ്പിച്ചു. അത്യാഹിത വിഭാഗങ്ങളില്‍ ഡോക്ടര്‍മാര്‍ ജോലിക്ക് തിരികെ കയറി. എന്നാല്‍ ഒപി, വാര്‍ഡ് ബഹിഷ്‌കരണം തുടരുമെന്നും പിജി ഡോക്ടര്‍മാര്‍ അറിയിച്ചു.

പിജി ഡോക്ടര്‍മാരും ആരോഗ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ പിജി ഡോക്ടര്‍മാരുടെ സമരം ഇന്നും തുടരുമെന്ന് ഇന്നലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ആരോഗ്യമന്ത്രി പിജി ഡോക്ടര്‍മാരുമായി നടത്തിയ മൂന്നാംവട്ട ചര്‍ച്ചയിലും ഒത്തു തീര്‍പ്പിന് വഴിയൊരുങ്ങിയിട്ടില്ല. സ്‌റ്റൈപ്പന്‍ഡ് വര്‍ദ്ധനവ് ധനസ്ഥിതി മെച്ചപ്പെടുന്നതനുസരിച്ചു പരിഗണിക്കാം എന്നാണ് സര്‍ക്കാര്‍ നിലപാട്. സമരക്കാര്‍ ആവശ്യപ്പെട്ടാല്‍ സീനിയര്‍ റസിഡണ്ടുന്റുമാരെ ഒഴിവാക്കി കൂടുതല്‍ നോണ്‍ അക്കാദമിക ജൂനിയര്‍ റസിഡന്റെ ഡോക്ടര്‍മാരെ നിയമിക്കുന്നത് പരിഗണിക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

എന്നാല്‍ സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാരെ പിരിച്ചുവിടുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കെഎംപിജിഎ ഭാരവാഹികള്‍ പറഞ്ഞു ചര്‍ച്ചയില്‍ നിരവധി കാര്യങ്ങളില്‍ വ്യക്തത വരാന്‍ ഉണ്ടെന്നാണ് സമരക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍ സമരം തുടരാനാണ് കെഎംപിജിഎ തീരുമാനം. എന്നാല്‍ അത്യാഹിത വിഭാഗത്തില്‍ ഇന്നുമുതല്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.

അതേസമയം പിജി ഡോക്ടര്‍മാരുടെ ജോലിഭാരം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ കോളേജുകളില്‍ റെസിഡന്‍സി മാനുവല്‍ പ്രകാരമാണോ പരിശീലനം എന്ന് സമിതി വിലയിരുത്തും. ഒന്നാംവര്‍ഷ നീറ്റ് പിജി പ്രവേശന വിഷയത്തില്‍ രാഷ്ട്രീയപരമായി കേന്ദ്രസര്‍ക്കാരുമായി ആശയവിനിമയം നടത്തിയതായും ആരോഗ്യമന്ത്രി അറിയിച്ചു. ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം പതിനാറാം ദിവസത്തിലേക്കാണ്, കടന്നിരിക്കുന്നത്.

Next Story