Top

പിഎഫ്‌ഐ നിരോധനം: യോഗം വിളിച്ച് ഡിജിപി, നേതാക്കളുടെ വീടുകളില്‍ പരിശോധനയും അറസ്റ്റും

പത്തനംതിട്ടയില്‍ മൂന്ന് പിഎഫ്‌ഐ നേതാക്കളുടെ വീട്ടില്‍ പൊലീസ് പരിശോധന.

29 Sep 2022 5:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിഎഫ്‌ഐ നിരോധനം: യോഗം വിളിച്ച് ഡിജിപി, നേതാക്കളുടെ വീടുകളില്‍ പരിശോധനയും അറസ്റ്റും
X

കേന്ദ്ര സര്‍ക്കാര്‍ നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിനെതിരെ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ വിശദീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാരുടെ യോഗം വിളിച്ച് ഡിജിപി അനില്‍ കാന്ത്. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയതിന് പിന്നാലെയാണ് ഡിജിപി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. തലസ്ഥാനത്ത് കലക്ടര്‍മാരുടേയും വകുപ്പ് മേധാവിമാരുടേയും യോഗം ചേരുന്നുണ്ട്. ഇതിന് ശേഷമായിരിക്കും ഡിജിപി വിളിച്ചുചേര്‍ത്ത യോഗം നടക്കുക.

പിഎഫ്‌ഐയെ നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ശനനടപടികള്‍ നിര്‍ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും പോപ്പുലര്‍ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടെയും ഓഫീസുകള്‍ മുദ്രവയ്ക്കാനുമാണ് സര്‍ക്കാര്‍ ഉത്തരവ്. ഓഫീസുകള്‍ ഇന്ന് തന്നെ പൂട്ടി സീല്‍ ചെയ്യും. കലക്ടര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കുമാണ് നടപടികള്‍ക്കുള്ള അധികാരം നല്‍കിയിരിക്കുന്നത്. ആഭ്യന്തരസെക്രട്ടറിയാണ് ഉത്തരവിറക്കിയത്. നടപടികള്‍ ക്രമീകരിക്കാന്‍ യോഗത്തിന് ശേഷം ഡിജിപി സര്‍ക്കുലറും പുറത്തിറക്കും.

കോഴിക്കോട് സംസ്ഥാന സമിതി ഓഫീസ്, ആലപ്പുഴ മണ്ണഞ്ചേരി, തിരുവനന്തപുരം മണക്കാട്, പട്ടാമ്പി, പന്തളം, ആലുവ, അടൂര്‍, കണ്ണൂര്‍, തൊടുപുഴ, തൃശൂര്‍, കരുനാഗപ്പള്ളി, മലപ്പുറം, മാനന്തവാടി, കാസര്‍ഗോഡ് തുടങ്ങിയ സ്ഥലങ്ങളിലെ ഓഫീസുകളാണ് ആദ്യഘട്ടത്തില്‍ പൂട്ടുന്നത്.

ഇതിനിടെ പത്തനംതിട്ട കോന്നി കുമ്മണ്ണൂരില്‍ മൂന്ന് പിഎഫ്‌ഐ നേതാക്കളുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. മുഹമ്മദ് ഷാന്‍, അജ്മല്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ഹര്‍ത്താല്‍ ദിനത്തില്‍ അക്രമക്കേസുകളിലെ പ്രതികളായ ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഹര്‍ത്താലിലെ ആക്രമം സംബന്ധിച്ച് കണ്ണൂരിലും മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. മട്ടന്നൂരില്‍ പൊലീസിനെ ആക്രമിച്ച കേസില്‍ സത്താര്‍, സജീര്‍ എന്നിവരാണ് അറസ്റ്റിലായത്. ബൈക്ക് യാത്രികന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ കേസില്‍ പ്രതിയായ സഫ്വന്‍ എന്ന പിഎഫ്‌ഐ പ്രവര്‍ത്തകനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളും നിരോധന ഉത്തരവ് നടപ്പാക്കി തുടങ്ങി. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് യുഎപിഎ നിയമപ്രകാരം കര്‍ണാടകയും മഹാരാഷ്ട്രയും ഉത്തരവിറക്കി. കര്‍ണാടകയിലെ മംഗളൂരുവില്‍ സംഘടനയുടെ പത്തോളം ഓഫീസുകളും അടച്ചുപൂട്ടി. കസബ ബെംഗ്രെ, ചൊക്കബെട്ട്, കാട്ടിപ്പള്ള, കിന്നിപദവ്, കെസി റോഡ്, ഇനോളി, മല്ലൂര്‍, നെല്ലിക്കൈ റോഡ്, കുദ്രോളി, അസിസുദ്ദീന്‍ റോഡ് ബന്തര്‍ എന്നിവിടങ്ങളില്‍ പിഎഫ്‌ഐ ഓഫീസുകളും റാവു ആന്‍ഡ് റാവു സര്‍ക്കിളിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് എംപവര്‍മെന്റ് ഓഫീസുമാണ് മംഗളൂരു പൊലീസ് സീല്‍ ചെയ്തത്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പിഎഫ്‌ഐ ശക്തികേന്ദ്രങ്ങളില്‍ കൂടുതല്‍ സേനയെയും വിന്യസിച്ചിട്ടുണ്ട്.

ഇന്നലെ രാവിലെയാണ് പിഎഫ്‌ഐ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ക്യാമ്പസ് ഫ്രണ്ട്, റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസെഷന്‍, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട് എന്നീ അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്.

Next Story