Top

'ഒരു പാലമിട്ടാല്‍ ഇങ്ങോട്ടും വേണം, 44 അളവിലുള്ള ഷര്‍ട്ട് വാങ്ങണം'; പിഎഫ് ലോണിന് അപേക്ഷിച്ച യുവതിയോട് ഉദ്യോഗസ്ഥന്‍; വിജിലന്‍സ് കുടുക്കിയതിങ്ങനെ

വിനോയ് നിർദേശിച്ച പ്രകാരം ഷർട്ട് വാങ്ങി അതിൽ ഫിനോഫ്‌തലിൻ പൗഡറിട്ട് വിജിലൻസ് സംഘം യുവതിയെ ഹോട്ടൽ മുറിയിലേക്ക് അയച്ചു

11 March 2022 8:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു പാലമിട്ടാല്‍ ഇങ്ങോട്ടും വേണം, 44 അളവിലുള്ള ഷര്‍ട്ട് വാങ്ങണം; പിഎഫ് ലോണിന് അപേക്ഷിച്ച യുവതിയോട് ഉദ്യോഗസ്ഥന്‍; വിജിലന്‍സ് കുടുക്കിയതിങ്ങനെ
X

കോട്ടയം: പി.എഫ് തുക പാസാക്കണമെങ്കിൽ ലൈംഗികബന്ധത്തിലേർപ്പെടണമെന്ന് ഉദ്യോ​ഗസ്ഥന്റെ നിർദേശം. ഇതിനായി വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയ പ്രൊവിഡന്റ് ഫണ്ട് സംസ്ഥാന നോഡൽ ഓഫീസർ അറസ്റ്റിൽ. കണ്ണൂർ തളിക്കാവ് സ്വദേശി ആർ വിനോയ് ചന്ദ്രനെയാണ് കിഴക്കൻ മേഖല വിജിലൻസ് സൂപ്രണ്ട് വി.ജി വിനോദ് കുമാർ അറസ്റ്റ് ചെയ്തത്.

വീട് നിർമാണത്തിനായി പി എഫിൽ നിന്നും വായ്‌പ എടുക്കുന്നതിനായാണ് കോട്ടയം സ്വദേശിയായ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരി അപേക്ഷ നൽകിയത്. എന്നാൽ സാങ്കേതിക പിഴവുകൾ വന്നതിനാൽ സംസ്ഥാന നോഡൽ ഓഫീസറെ സമീപിക്കാൻ അറിയിക്കുകയായിരുന്നു. തുടർന്നാണ് യുവതി വിനോയ് ചന്ദ്രനെ ഫോണിൽ വിളിച്ചത്. പ്രശ്നം പരിഹരിക്കാമെന്ന് ഏറ്റ ഇയാൾ ജീവനക്കാരിയെ ലെെംഗിക താത്‌പര്യത്തോടുകൂടി സമീപിക്കുകയായിരുന്നു.

നിരന്തരം ലെെംഗിക ചുവയോടെ വാട്സാപ്പിൽ മെസേജ് അയക്കുകയും വിളിക്കുകയും ചെയ്തു. ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്ന് പറഞ്ഞ വിനോയ് യുവതിയോട് ന​​ഗ്നയായി വാട്സാപ്പ് കോളിൽ വരാൻ ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാതെ വന്നതോടെ താൻ അടുത്ത ദിവസം കോട്ടയത്ത് വരുന്നുണ്ടെന്നും കോട്ടയത്ത് മുറി എടുത്ത് പ്രശ്നം പരിഹരിക്കാമെന്നും അറിയിച്ചു. വരുമ്പോൾ 44 അളവിലുള്ള ഷർട്ട് വാങ്ങി വരണമെന്നും നിർദേശിച്ചു. ഇതോടെ യുവതി വിജിലൻസ് എസ്‌.പി വി.ജി വിനോദ് കുമാറിനെ സമീപിക്കുകയായിരുന്നു.

തുടർന്ന് വിനോയ് നിർദേശിച്ച പ്രകാരം ഷർട്ട് വാങ്ങി അതിൽ ഫിനോഫ്‌തലിൻ പൗഡറിട്ട് വിജിലൻസ് സംഘം യുവതിയെ ഹോട്ടൽ മുറിയിലേക്ക് അയച്ചു. യുവതി മുറിയിലേക്ക് കയറിയതിന് പിന്നാലെ വിജിലൻസ് സംഘവും അകത്തേക്ക് പ്രവേശിച്ചു.ഇതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

STORY HIGHLIGHTS: pf officer arrested in sex abuse case

Next Story