Top

അനീഷിനെ തടഞ്ഞുനിർത്തി കഴുത്തിലും നെഞ്ചിലും കുത്തി; കൊലപാതകം മുന്‍വൈരാഗ്യം മൂലമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

മകളുമായുള്ള അനീഷിന്റെ പ്രണയമാണ് കൊലപാതകത്തിന് കാരണമെന്നും റിപ്പോർട്ടില്‍ പറയുന്നു.

31 Dec 2021 6:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അനീഷിനെ തടഞ്ഞുനിർത്തി കഴുത്തിലും നെഞ്ചിലും കുത്തി;  കൊലപാതകം മുന്‍വൈരാഗ്യം മൂലമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
X

തിരുവനന്തപുരം പേട്ടയില്‍ പത്തൊമ്പതുകാരന്റെ കൊലപാതകത്തിന് പിന്നില്‍ മുന്‍ വൈരാഗ്യമെന്ന് പൊലീസ്. പ്രതിയും അയല്‍വാസിയുമായ സൈമണ്‍ ലാലന്‍ അനീഷ് ജോര്‍ജിനെ കൊലപ്പെടുത്തിയത് മുന്‍വൈരാഗ്യം കൊണ്ടാണ് എന്നാണ് പൊലീസിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മകളുമായുള്ള അനീഷിന്റെ പ്രണയമാണ് കൊലപാതകത്തിന് കാരണം. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് സൈമണ്‍ അനീഷിനെ കുത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

അറസ്റ്റിലായ പ്രതി സൈമണ്‍ ലാലന്‍ കുറ്റം സമ്മതിച്ചുവെന്നും പൊലീസ് പറഞ്ഞു. നെഞ്ചിലും മുതുകിലുമായാണ് അനീഷിനെ പ്രതി കുത്തിയത്. ഇയാള്‍ തടഞ്ഞുവെച്ച് കുത്തുകയായിരുന്നു. വാട്ടര്‍ മീറ്റര്‍ ബോക്‌സിലാണ് കുത്താന്‍ ഉപയോഗിച്ച കത്തി ഒളിപ്പിച്ചത്. ഇത് കണ്ടെടുത്തതായും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

കൊലപാതകവുമായി ബന്ധപ്പെട്ട് ഫോണ്‍ രേഖകള്‍ നേരത്തെ പുറത്തുവന്നിരുന്നു. മകനെ പ്രതിയായ സൈമണ്‍ ലാലന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു എന്ന കുടുംബത്തിന്റെ ആരോപണം ശരിവയ്ക്കുന്നതാണ് പുറത്തുവന്ന ഫോണ്‍ രേഖകള്‍. കൊലപാതകത്തിന് മുന്‍പ് അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണില്‍ നിന്ന് വിളിച്ചെന്നാണ് കണ്ടെത്തല്‍. പുലര്‍ച്ചെ 3.20 നാണ് ഈ ഫോണ്‍ കോള്‍ എത്തിയത്. പൊലീസ് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം അനീഷിന് കുത്തേല്‍ക്കുന്നത് 3.30ന് ആണെന്നതും ആരോപണങ്ങള്‍ക്ക് ബലം നല്‍കുന്നു.

ഫോണ്‍വിളിയെത്തിയ അമ്മയുടെ ഫോണുമായാണ് അനീഷ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയത്. അനീഷ് ആക്രമിക്കപ്പെട്ടതിന് ശേഷം അനീഷിന്റെ അമ്മയും പെണ്‍കുട്ടിയുടെ അമ്മയും ഈ ഫോണിലേക്ക് വിളിച്ചതായും ഫോണ്‍ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. അനീഷിന്റെ അമ്മ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് പെണ്‍കുട്ടിയുടെ അമ്മയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അനീഷിന്റെ കുടുംബമാണ് ഫോണ്‍ രേഖകള്‍ പുറത്ത് വിട്ടത്.

അതേസമയം കേസില്‍ പെണ്‍കുട്ടിയുടെ അടക്കം പ്രാഥമിക മൊഴിയെടുക്കലാണ് പൂര്‍ത്തിയായി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെടുത്തിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് പേട്ട സ്വദേശിയായ അനീഷിനെ പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ വെച്ച് പെണ്‍കുട്ടിയുടെ അച്ഛന്‍ കൊലപ്പെടുന്നത്. കള്ളനാണെന്ന് തെറ്റിദ്ധരിച്ചു കുത്തിയെന്നായിരുന്നു പെണ്‍കുട്ടിയുടെ പിതാവ് ലാലന്‍ പോലീസില്‍ കീഴടങ്ങിയപ്പോള്‍ നല്‍കിയ മൊഴി. എന്നാല്‍ പെണ്‍കുട്ടിയുടെയും അമ്മയുടെയും മൊഴിയില്‍ അനീഷാണെന്ന് തിരിച്ചറിഞ്ഞു ശേഷമാണ് പ്രതി കുത്തിയതെന്ന് വ്യക്തമായിരുന്നു.

Next Story