Top

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കേന്ദ്രം ഇടപെടണം; ഡൽഹി ഹൈക്കോടതിയിൽ ഹർജി

അമ്പത് രാജ്യങ്ങളിൽ നിന്നുള്ള മലയാളികളായ പ്രവാസികളുടെ നേതൃത്വത്തിലഉളള സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഡൽഹി ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്.

12 March 2022 10:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കേന്ദ്രം ഇടപെടണം; ഡൽഹി ഹൈക്കോടതിയിൽ ഹർജി
X

ഡൽഹി: യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയക്കായി കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് ഡ​ൽഹി ഹൈക്കോടതിയിൽ ഹർജി. അമ്പത് രാജ്യങ്ങളിൽ നിന്നുള്ള മലയാളികളായ പ്രവാസികളുടെ നേതൃത്വത്തിലഉളള സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഡൽഹി ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. വധശിക്ഷയൊഴിവാക്കാൻ നയതന്ത്രതലത്തിൽ ഇടപെടൽ വേണമെന്നാണ് ആക്ഷൻ കൗൺസിലിന്റെ ആവശ്യം.

യമൻ പൗരന്റെ കുടുംബത്തിന് കൈമാറാനുളള മോചനദ്രവ്യം നൽകുന്നതിന് വേണ്ടിയുളള സംവിധാനം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വധശിക്ഷയിൽ ഇളവു നൽകണമെന്നാവശ്യപ്പെട്ട് നിമിഷപ്രിയ നൽകിയ അപ്പീൽ യമനിലെ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

70 ലക്ഷം രൂപയാണ് നിമിഷപ്രിയക്ക് മോചനദ്രവ്യമായ് നല്‍കേണ്ടി വരുക. ഇസ്ലാമിക നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകിയാൽ മാത്രമാണ് നിമിഷയുടെ മോചനം സാധ്യമാകൂ. ഇതിനായി ഗോത്ര നേതാക്കളെ ഉൾപ്പെടുത്തി കോടതിക്ക് പുറത്ത് ആക്ഷൻ കൗൺസിൽ മധ്യസ്ഥചർച്ച നടത്തിയിരുന്നു. കൊല്ലപ്പെട്ട തലാലിന്‍റെ ഗോത്രമായ അല്‍ സുവൈദി ഗോത്ര നേതാക്കളുമായാണ് ചര്‍‍ച്ച നടത്തിയത്.

മോചനദ്രവ്യം സമാഹരിക്കാനുള്ള ആവശ്യം മുൻനിർത്തി നിമിഷപ്രിയ ജയിലിൽ നിന്നും മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. 70 ലക്ഷം രൂപ എന്ന മോചനദ്രവ്യത്തിലേക്ക് സ്വമേധയാ സംഭാവന ചെയ്യാൻ തയ്യാറുള്ള ഇന്ത്യക്കാരിൽ നിന്നും സ്വരൂപിക്കുന്ന ധനസഹായം യെമനിലെ ഇന്ത്യൻ എംബസിയിലേക്ക് എത്തിച്ചു കൊടുക്കാനുള്ള സഹായ സഹകരണങ്ങൾ ആണ് സംസ്ഥാന സർക്കാരിൽ നിന്നും വിദേശകാര്യ വകുപ്പിൽ നിന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെടുന്നത്.

2017ലാണ് യമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി എന്ന കേസിലാണ് നിമിഷപ്രിയ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്.അപ്പീൽ കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നല്‍കാന്‍ സാധിക്കുമെങ്കിലും അതില്‍ വലിയ പ്രതീക്ഷയില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.


STORY HIGHLIGHTS: Center Should Intervene to Avoid Death Sentence of Nimishapriya; Petition Submitted in Delhi High Court


Next Story