Top

അവധി പ്രഖ്യാപനത്തിലെ ആശയക്കുഴപ്പം; എറണാകുളം കളക്ടർ രേണു രാജിനെതിരെ ഹൈക്കോടതിയിൽ ഹർജി

4 Aug 2022 10:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അവധി പ്രഖ്യാപനത്തിലെ ആശയക്കുഴപ്പം; എറണാകുളം കളക്ടർ രേണു രാജിനെതിരെ ഹൈക്കോടതിയിൽ ഹർജി
X

കൊച്ചി: എറണാകുളം ജില്ലാ കളക്ടർ രേണു രാജിനെതിരെ ഹൈക്കോടതിയിൽ ഹർജി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തിൽ എറണാകുളം സ്വദേശി അഡ്വ. എം ആർ ധനിൽ ആണ് ഹർജി നൽകിയത്. അവധി പ്രഖ്യാപനത്തിനുളള മാർഗരേഖകളടക്കം വേണമെന്നാണ് ഹർജിക്കാരൻ ഉന്നയിച്ചിരിക്കുന്ന ആവശ്യം. അവധി പ്രഖ്യാപനത്തിലെ ആശയക്കുഴപ്പം ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ഹർജിക്കാരൻ പറയുന്നു. വിഷയത്തിൽ കളക്ടർ രേണു രാജിനോട് റിപ്പോർട്ട് തേടണമെന്നും ഹർജിയിലുണ്ട്.

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച കളക്ടറുടെ നടപടി വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഭൂരിഭാഗം സ്കൂളുകളും പ്രവർത്തിച്ച് തുടങ്ങിയതിന് പിന്നാലെ അവധി നൽകിയ തീരുമാനത്തിന് എതിരെ രക്ഷിതാക്കളടക്കമുള്ളവർ രംഗത്തെത്തുകയായിരുന്നു. കളക്ടറുടെ ഫേസ്ബുക്ക് പേജിലൂടെയും രൂക്ഷവിമർശനങ്ങൾ ഉയർന്നു.

ഇന്നലെ രാത്രി തുടങ്ങിയ കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ സ്‌കൂളുകൾക്ക് ഇന്ന് അവധിയാണെന്ന് രാവിലെ 8:30 നാണ് കളക്ടർ അറിയിച്ചത്. വിദ്യാർത്ഥികളും അധ്യാപകരും മറ്റ് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ ജോലിക്കായി പുറപ്പെട്ടതിന് ശേഷം അവധി പ്രഖ്യാപിച്ചതാണ് വ്യാപക വിമർശനത്തിനിടയാക്കിയത്. നടപടി വിവാദമായതോടെ എറണാകുളം കളക്ടർ പുതുക്കിയ നിർദേശം ഇറക്കി. ഇതിനകം പ്രവർത്തനം ആരംഭിച്ച സ്‌കൂളുകൾ അടക്കേണ്ടതില്ലെന്നും സ്‌കൂളുകളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും കളക്ടർ ഡോ. രേണു രാജ് വിശദീകരണ കുറിപ്പ് ഇറക്കി.

STORY HIGHLIGHTS: Petition in High Court against Ernakulam District Collector in late announcement of holidays

Next Story