Top

കടയ്ക്കാവൂര്‍ പോക്‌സോ കേസ്: അമ്മയെ കുറ്റവിമുക്തയാക്കിയ നടപടിക്കെതിരെ മകന്‍ സുപ്രീംകോടതിയില്‍

റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരനായ മകന്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്

11 Aug 2022 12:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ന്യൂഡല്‍ഹി: കടയ്ക്കാവൂര്‍ പോക്സോ കേസില്‍ ആരോപണവിധേയായ അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വഷണസംഘത്തിന്റെ റിപ്പോര്‍ട്ടിനെതിരെ മൂത്ത മകന്‍ സുപ്രീംകോടതിയിലേക്ക്. റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരനായ മകന്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. തന്റെ വാദം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ടെന്നും അമ്മയുടെ ജാമ്യം റദ്ദാക്കമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

നേരത്തെ കേസില്‍ കുറ്റാരോപിതയ്ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി ശരിവെച്ചിരുന്നു. പതിമൂന്നുകാരനായ മകനെ അമ്മ ലൈംഗിക പീഡനത്തിന് വിധേയമാക്കി എന്നായിരുന്നു ആരോപണം. തുടര്‍ന്ന് 2020 ഡിസംബര്‍ 28നാണ് കുട്ടിയുടെ അമ്മയെ കടയ്ക്കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ മുന്‍ ഭര്‍ത്താവിന്റെ പരാതിയിലായിരുന്നു നടപടി.

കേസിലുള്‍പ്പെട്ട പതിമൂന്നുകാരന്റെ മൊഴി വിശ്വാസ യോഗ്യമല്ലെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ആരോപണം വ്യാജമാണെന്ന് അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കേസില്‍ മൊഴി നല്‍കാന്‍ പിതാവ് സഹോദരനെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ഇളയകുട്ടിയുടെ മൊഴി. ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെ എതിര്‍ത്തതിന് മകളെ കേസില്‍ കുടുക്കിയതാണെന്ന് കുറ്റാരോപിതയുടെ മാതാപിതാക്കളും ആരോപിച്ചു. മകന് കൗണ്‍സിലിംഗ് നടത്തണമെന്നും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കണമെന്നും അമ്മയും കുടുംബവും ആവശ്യപ്പെട്ടിരുന്നു.

മകള്‍ ഭര്‍ത്താവിന്റെ നിരന്തര അതിക്രമങ്ങള്‍ക്ക് ഇരയായിരുന്നതായും അതില്‍ സഹികെട്ടാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി അകന്ന് കഴിയുന്നതെന്നും കുടുംബം അറിയിച്ചു. 17ഉം 14ഉം 11ഉം വയസുള്ള മൂന്ന് ആണ്‍കുട്ടികളും ആറ് വയസുള്ള പെണ്‍കുട്ടിയുമാണ് 37കാരിയായ യുവതിക്കുള്ളത്. അകന്ന് കഴിയാന്‍ തുടങ്ങിയതിന് ശേഷം ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചു. നിയമപരമായി വിവാഹമോചനം നേടാതെയായിരുന്നു ഇത്. വിവാഹശേഷം മൂന്ന് കുട്ടികളെ ഇയാള്‍ ഒപ്പം കൊണ്ടുപോകുകയായിരുന്നു. വിഹാമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചതിനെ എതിര്‍ത്തും ജീവനാംശം ആവശ്യപ്പെട്ടും യുവതി പരാതി നല്‍കിയതിനെയും തുടര്‍ന്നുളള വിരോധമാണ് പരാതിക്ക് കാരണമെന്നും യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു.

STORY HIGHLIGHTS: Petition against High Court verdict in Kadakkavoor case

Next Story