Top

കുഞ്ഞിനെ കടത്തിയെന്ന പരാതി; അനുപമയുടെ പരാതിയില്‍ വനിതാ കമ്മിഷന്‍ കേസെടുത്തു, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി

21 Oct 2021 12:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുഞ്ഞിനെ കടത്തിയെന്ന പരാതി; അനുപമയുടെ പരാതിയില്‍ വനിതാ കമ്മിഷന്‍ കേസെടുത്തു, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി
X

പേരൂര്‍ക്കടയില്‍ അനുപമ എന്ന യുവതിയുടെ രക്ഷിതാക്കള്‍ കുഞ്ഞിനെ മാറ്റിയതായി ലഭിച്ച പരാതിയില്‍ വനിതാ കമ്മിഷന്‍ കേസെടുത്തു. വിഷയത്തില്‍ ഡിജിപിയോട് അടിയന്തര റിപ്പോര്‍ട്ട് തേടിയ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി തിരുവനന്തപുരത്ത് അടുത്തമാസം നടക്കുന്ന സിറ്റിങ്ങില്‍ കക്ഷികളെ വിളിച്ചുവരുത്തും. കുഞ്ഞിനെ കാണാതായ സംഭവത്തില്‍ ശിശുക്ഷേമ സമിതിക്കെതിരെ ആരോപണമുയര്‍ന്നതിന് പിന്നാലെയാണ് അടിയന്തര നടപടി.

പ്രസവിച്ച് മൂന്നാം നാള്‍ അനുപമയുടെ മാതാപിതാക്കള്‍ എടുത്ത് മാറ്റിയ കുഞ്ഞിനെ ശിശുക്ഷേമ സമിതി ആന്ധ്രാപ്രദേശിലെ ദമ്പതിമാര്‍ക്ക് ദത്ത് നല്‍കിയെന്നാണ് പുറത്തു വരുന്ന വിവരം. ആദ്യഘട്ടമെന്ന നിലയില്‍ താല്‍ക്കാലിക ദത്ത് നല്‍കിയ കുഞ്ഞിനെ സ്ഥിരമായി ദത്ത് നല്‍കാനുള്ള നടപടികള്‍ കോടതിയില്‍ നടക്കുകയാണ്. കുഞ്ഞിനെ തേടി അനുപമയും ഭര്‍ത്താവും രംഗത്തെത്തിയിട്ടും ഇതില്‍ പരാതി നിലനില്‍ക്കെയും ദത്ത് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ശിശുക്ഷേമ സമിതി ശ്രമിക്കുന്നതെന്ന് അനുപമയും ഭര്‍ത്താവ് അജിത്തും ആരോപിച്ചിരുന്നു.

ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായ ഷിജു ഖാനെതിരെയാണ് ഇരുവരും ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. നിലവില്‍ പേരൂര്‍ക്കട പൊലീസ് നടത്തുന്ന അന്വേഷണം കേസ് അട്ടിമറിക്കാനാണെന്നും അന്വേഷണ മേല്‍നോട്ടമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അനുപമ വ്യക്തമാക്കിയിട്ടുണ്ട്.

ഏപ്രിലില്‍ ശിശുക്ഷേമസമിതിയില്‍ അവിടെ ലഭിച്ച കുഞ്ഞുങ്ങളുടെ വിവരം തേടി അനുപമയും അജിത്തും എത്തിയിരുന്നു. വിവരങ്ങള്‍ കോടതിയിലേ നല്‍കൂ എന്നാണ് സമിതി അന്ന് ഇവരോട് പറഞ്ഞത്. സമിതിയിലെ ഉന്നതരായ പലര്‍ക്കും കുഞ്ഞിനെ ഇവിടെ ഏല്‍പ്പിച്ച വിവരം അറിയാമായിരുന്നെന്നും ഒത്തുകളിയുണ്ടെന്നുമാണ് അനുപമ ആരോപിക്കുന്നു. ഓഗസ്റ്റ് ആദ്യവാരം ശിശുക്ഷേമസമിതി ദത്ത് നല്‍കിയ കുഞ്ഞ് അനുപമയുടേതാണെന്നാണ് സംശയം.

അതേസമയം, കുഞ്ഞിനെ അച്ഛനും അമ്മയും വിട്ടു തരുന്നില്ലെന്ന് കാട്ടി സിപിഐഎമ്മിന്റെ പല മുതിര്‍ന്ന നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നെന്ന് അനുപമ പറയുന്നു. കോടിയേരി ബാലകൃഷ്ണന്‍, ആനാവൂര്‍ നാഗപ്പന്‍, വൃന്ദ കാരാട്ട്, പികെ ശ്രീമതി, പി സതീദേവി തുടങ്ങിയ നേതാക്കള്‍ക്കെല്ലാം പരാതി നല്‍കിയിരുന്നു. നിലവിലെ വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി അടക്കമുള്ളവര്‍ക്ക് മുന്നില്‍ ഈ ഘട്ടത്തില്‍ പരാതിയെത്തിയിരുന്നു. ഇക്കാര്യം സതീദേവി ശരിവെക്കുകയും ചെയ്തിട്ടുണ്ട്.

ഏപ്രില്‍ മാസം മുതല്‍ തന്റെ കൈയ്യില്‍ നിന്നെടുത്ത് കൊണ്ടു പോയ കുഞ്ഞിനെ അന്വേഷിച്ചുള്ള പരാതിയുമായി പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങുകയാണ് അനുപമയും അജിത്തും. ഡിജിപിയുടെ അടുത്ത് വരെ പരാതി നല്‍കി. പരാതിയിലെ അന്വേഷണം നാലു മാസത്തോളമാണ് വൈകിയത്. കുഞ്ഞിനെ വിട്ടുതരുന്നില്ലെന്ന് പരാതി ലഭിച്ച് ആറു മാസത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് പൊലീസ് അനുപമയുടെ ബന്ധുക്കള്‍ക്കെതിരെ കേസെടുത്തത്. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ, സഹോദരി, സഹോദരി ഭര്‍ത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

അനുപമയുടെ സമ്മതത്തോടെയാണ് കുഞ്ഞിനെ കൈമാറിയതെന്നാണ് സിപിഐഎം പേരൂര്‍ക്കട ഏരിയ കമ്മിറ്റി അംഗം കൂടിയായ പിതാവ് പിഎസ് ജയചന്ദ്രന്‍ പറയുന്നത്. എന്നാല്‍ ഈ വാദം തെറ്റാണെന്ന് അനുപമ പറയുന്നു. ദുരഭിമാനം മൂലമാണ് കുഞ്ഞിനെ തന്നില്‍ നിന്നകറ്റിയത്. സഹോദരിയുടെ വിവാഹം കഴിഞ്ഞിട്ടും അജിത്തിന്റെ ഒപ്പം ജീവിതം തുടങ്ങിയിട്ടും കുഞ്ഞ് എവിടെയാണെന്ന കാര്യം വീട്ടുകാര്‍ വെളിപ്പെടുത്തിയില്ലെന്നതും അനുപമ ചൂണ്ടിക്കാട്ടുന്നു.

Next Story