Top

ബേബി ഡാമിലെ മരം മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയത് മന്ത്രി അറിയാതെ; വിശദീകരണം തേടി

മുല്ലപെരിയാര്‍ റിസര്‍വോയറിലെ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയതിലാണ് സ്റ്റാലിന്‍ കേരള സര്‍ക്കാരിന് നന്ദി അറിയിച്ചത്

6 Nov 2021 4:52 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബേബി ഡാമിലെ മരം മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയത് മന്ത്രി അറിയാതെ; വിശദീകരണം തേടി
X

മുല്ലപെരിയാറിലെ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കിയത് വനംവകുപ്പ് മന്ത്രി അറിയാതെ. സംഭവത്തില്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആന്റ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കേരളത്തിന് നന്ദി അറിയിച്ചുകൊണ്ട് പത്രകുറിപ്പ് പുറത്തിറക്കിയതോടെയാണ് മരം മുറിക്ക് കേരളം അനുമതി നല്‍കിയെന്ന വിവരം പുറത്ത് വന്നത്. ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ബെന്നിച്ചന്‍ തോമസാണ് അനുമതി നല്‍കിയത്. എന്നാല്‍ ഇത് വനം വകുപ്പ് മന്ത്രി അറിഞ്ഞില്ല.

മുല്ലപെരിയാര്‍ റിസര്‍വോയറിലെ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയതിലാണ് സ്റ്റാലിന്‍ കേരള സര്‍ക്കാരിന് നന്ദി അറിയിച്ചത്. ഇതോടെ ബേബി ഡാമും എര്‍ത്ത് ഡാമും ബലപ്പെടുത്താനുള്ള തടസം നീങ്ങിയെന്ന് തമിഴ്‌നാട് അറിയിച്ചു. ഡാം ബലപ്പെടുത്താന്‍ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ അനുമതി നല്‍കണമെന്ന് നേരത്തെ തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു.

'ബേബി ഡാമും എര്‍ത്ത് ഡാമും ശക്തിപ്പെടുത്തുന്നതിന് ഈ ദീര്‍ഘകാല അഭ്യര്‍ത്ഥന നിര്‍ണായകമായിരുന്നു. അനുമതി നല്‍കിയതോടെ ഇനി നടപടികള്‍ ആരംഭിക്കാം. ഈ അനുമതി നല്‍കിയതിന് എന്റെ സര്‍ക്കാരിന്റെയും തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളിലെ ജനങ്ങളുടെയും പേരില്‍ നന്ദി അറിയിക്കുന്നു. ഇത് ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ഈ മനോഭാവം തുടരുമെന്ന് ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു.' സ്റ്റാലിന്‍ അറിയിച്ചത്.

കഴിഞ്ഞ ദിവസം മുല്ലപ്പെരിയാറില്‍ സന്ദര്‍ശനം നടത്തിയ തമിഴ്‌നാട് മന്ത്രിതല സംഘം ബേബി ഡാം ബലപ്പെടുത്താന്‍ കേരള സര്‍ക്കാരിന്റെ അനുമതി ആവശ്യപ്പെട്ടിരുന്നു.

Next Story

Popular Stories