Top

സൗജന്യമായി പെരിറ്റോണിയല്‍ ഡയാലിസിസ് വീട്ടില്‍; പദ്ധതിയൊരുങ്ങുന്നു

നിലവില്‍ 92 ആശുപത്രികളിലായി പ്രതിമാസം 40,000ത്തോളം രോഗികള്‍ക്കാണ് ഹീമോഡയാലിസിസ് നല്‍കി വരുന്നത്

5 Feb 2022 6:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൗജന്യമായി പെരിറ്റോണിയല്‍ ഡയാലിസിസ് വീട്ടില്‍; പദ്ധതിയൊരുങ്ങുന്നു
X

ആശുപത്രിയില്‍ എത്താതെ രോഗികള്‍ക്ക് ഇനി മുതല്‍ വീടുകളില്‍ തന്നെ ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമൊരുങ്ങുന്നു. സംസ്ഥാനത്ത് 11 ജില്ലകളില്‍ ആണ് വീട്ടില്‍ തന്നെ ഡയാലിസിസ് ചെയ്യാന്‍ സഹായിക്കുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി ആരംഭിക്കുന്നത്. ഇതു തീര്‍ത്തും സൗജന്യമായിരിക്കും. ശരീരത്തിനുള്ളില്‍ വെച്ച് തന്നെ രക്തം ശുദ്ധീകരിക്കുന്ന രീതിയാണ് പെരിറ്റോണിയല്‍ ഡയാലിസിസ് അവലംബിക്കുന്നത്. ആശുപത്രികളില്‍ മാത്രം ചെയ്യാവുന്നതും ഏറെ ചെലവേറിയതും ശാരീരികമായ ബുദ്ധിമുട്ടുകള്‍ അധികവുമുള്ള ഹീമോ ഡയാലിസിസ് പടിപടിയായി കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി വ്യാപകമാക്കുന്നത്.

നിലവില്‍ 92 ആശുപത്രികളിലായി പ്രതിമാസം 40,000ത്തോളം രോഗികള്‍ക്കാണ് ഹീമോഡയാലിസിസ് നല്‍കി വരുന്നത്. ഇതുകൂടാതെ 10 മെഡിക്കല്‍ കോളേജുകള്‍ മുഖേന 10,000ത്തോളം ഡയാലിസിസുകളും നടത്തുന്നുണ്ട്. പുതിയ പദ്ധതിയിലൂടെ വലിയ ശതമാനം രോഗികള്‍ക്കും ആശുപത്രികളില്‍ പോകാതെ തന്നെ ഡയാലിസിസ് നടത്താന്‍ സാധിക്കും. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസൃതം മാത്രമായിരിക്കും ഏതു ഡയാലിസിസ് വേണമെന്നു തീരുമാനിക്കുന്നത്.

പെരിറ്റോണിയല്‍ ഡയാലിസിസിന് ആവശ്യമായ ഡയാലിസിസ് ഫഌയിഡ്, കത്തീറ്റര്‍, മറ്റു അനുബന്ധ സാമഗ്രികള്‍ എന്നിവ ആശുപത്രികളില്‍ നിന്നും സൗജന്യമായി നല്‍കുന്നു. നെഫ്രോളജിസ്റ്റുകള്‍ ഉള്ള ആശുപത്രികളില്‍ കത്തീറ്റര്‍ നിക്ഷേപിക്കുന്നതും പെരിറ്റോണിയല്‍ ഡയാലിസിസ് ആരംഭിക്കുന്നതും അതാത് ആശുപത്രികളില്‍ തന്നെയായിരിക്കും. നെഫ്രോളജിസ്റ്റുകള്‍ ഇല്ലാത്ത ജില്ലാ ആശുപത്രികളില്‍ അടുത്തുള്ള മെഡിക്കല്‍ കോളേജുകളില്‍ കത്തീറ്റര്‍ നിക്ഷേപിച്ച ശേഷം തുടര്‍ ചികിത്സയാണ് ജില്ലാ ആശുപത്രികളില്‍ നല്‍കി വരുക.

തിരുവനന്തപുരം , കൊല്ലം , ആലപ്പുഴ , എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം , കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി സജ്ജമാകുന്നത്. ബാക്കിയുള്ള 3 ജില്ലകളില്‍ കൂടി ഉടന്‍ തന്നെ ഇത് ആരംഭിക്കുന്നതായിരിക്കും.

Next Story