Top

'വാസന്തിയമ്മ മഠത്തിലെ സഹായികളെ പെട്ടന്ന് കാണാതായി'; ദുരൂഹതയെന്ന് നാട്ടുകാർ, അന്വേഷണം

15 Oct 2022 8:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വാസന്തിയമ്മ മഠത്തിലെ സഹായികളെ പെട്ടന്ന് കാണാതായി; ദുരൂഹതയെന്ന് നാട്ടുകാർ, അന്വേഷണം
X

പത്തനംതിട്ട: മലയാലപ്പുഴയില്‍ അറസ്റ്റിലായ 'മന്ത്രവാദിനി' ശോഭനയ്‌ക്കൊപ്പം താമസിച്ചിരുന്ന യുവാക്കളുടെ തിരോധാനത്തില്‍ ദുരൂഹതയാരോപിച്ച് നാട്ടുകാര്‍. വാസന്തിയമ്മ മഠത്തിലെ സഹായികളായി നിന്ന രണ്ട് യുവാക്കളെ ഒരു സുപ്രഭാതത്തില്‍ കാണാതാവുകായായിരുന്നെന്ന് സമീപവാസികള്‍ പറഞ്ഞു. മന്ത്രവാദ കര്‍മങ്ങളില്‍ പലപ്പോഴായി പല സഹായികളും നില്‍ക്കുകയും പിണങ്ങിപ്പോവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ നാട്ടുകാരുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന രണ്ട് യുവാക്കളെ പെട്ടന്ന് കാണാതാവുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയെന്ന പരാതിയില്‍ ശോഭനയെയും നിലവിലെ കൂട്ടാളി ഉണ്ണിക്കൃഷണനെയും പൊലീസ് പിടികൂടിയിരുന്നു. അതിനിടെ ശോഭന മന്ത്രവാദത്തിന്റെ പേരില്‍ ആളുകളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബാധയൊഴിപ്പിക്കാനെന്ന പേരില്‍ സ്ത്രീയുടെ മുടിക്ക് കുത്തിപ്പിടിച്ച് വലിക്കുന്നതും മര്‍ദ്ദിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ശോഭനയുടെയും ഉണ്ണികൃഷ്ണന്റെയും അറസ്റ്റിന് പിന്നാലെയാണ് ക്രൂരമര്‍ദ്ദനത്തിന്റെ വീഡിയോ പുറത്ത് വന്നത്.

സ്ത്രീയെ അസഭ്യം പറയുന്നതും വടി കൊണ്ട് അടിക്കുന്നതും നെഞ്ചില്‍ ചവിട്ടുന്നതും വീഡിയോയില്‍ കാണാം. മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാകാം ഇതെന്നാണ് പൊലീസ് കരുതുന്നത്. പൂജയ്ക്ക് എത്തിയ ആരോ പകര്‍ത്തിയതാണ് ദൃശ്യങ്ങളെന്നും കരുതുന്നു. ശോഭന നടത്തിയിരുന്ന കേന്ദ്രത്തില്‍ കുട്ടികളെ പോലും മന്ത്രവാദത്തിന് വിധേയമാക്കുന്ന എന്ന പരാതിയെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി. കുട്ടിയെ ഉപയോഗിച്ച് പൂജകള്‍ നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വീട്ടില്‍ നിന്ന് രാത്രി ഉള്‍പ്പടെ പെണ്‍കുട്ടികളുടെ കരച്ചില്‍ കേള്‍ക്കാറുണ്ടെന്ന് അയല്‍ക്കാരും വെളിപ്പെടുത്തിയിരുന്നു.

STORY HIGHLIGHTS: People demands probe in missing of Shobhana's helpers

Next Story