Top

ജാമ്യം സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയെന്ന് ഷാഫി; മാഫിയാ സര്‍ക്കാരിനെതിരെ പൊരുതാനുള്ള ഊര്‍ജ്ജമെന്ന് വിഷ്ണുനാഥ്

'ഇദ്ദേഹം ധീരനായ മുഖ്യമന്ത്രിയല്ല, ഇരട്ട ചങ്കില്ല, കേരളം കണ്ടതില്‍ വെച്ച് ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ്'

19 July 2022 3:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജാമ്യം സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയെന്ന് ഷാഫി; മാഫിയാ സര്‍ക്കാരിനെതിരെ പൊരുതാനുള്ള ഊര്‍ജ്ജമെന്ന് വിഷ്ണുനാഥ്
X

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ എസ് ശബരീനാഥനെതിരെയെടുത്ത കേസ് കള്ളക്കേസാണെന്ന് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. ശബരീനാഥന് ലഭിച്ച ജാമ്യം യൂത്ത് കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിച്ചതിന് സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണ്. ജാമ്യം റദ്ദ് ചെയ്യാനുള്ള കൊതിയോടെയാണ് പൊലീസ് അവസാന നിമിഷവും കേസിനെ സമീപിച്ചതെന്നും ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.

സര്‍ക്കാരിനെതിരെ കൂടുതല്‍ ഊര്‍ജ്ജത്തോടെ മുന്നോട് പോകാനുള്ള ശക്തിയാണ് ശബരീനാഥന്റെ അറസ്‌റ്റോടെ ലഭിച്ചതെന്ന് പി സി വിഷ്ണുനാഥ് പറഞ്ഞു. ജാമ്യം ലഭിച്ച ശബരീനാഥനെ കോടതിക്ക് പുറത്ത് സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഇരുവരും.

ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞത്:

കള്ളക്കേസും വ്യാജ അറസ്റ്റും കൊണ്ട് യൂത്ത് കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിച്ചതിന് സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണ് ജാമ്യം. പൊലീസ് തരം താണതിന്റെ ഏറ്റവും അങ്ങേയറ്റത്തെ നിലവാരത്തകര്‍ച്ച. കള്ളന്മാരെപ്പോലെയാണ് പൊലീസ് പെരുമാറിയത്. കോടതിയുടെ മുമ്പാകെ കള്ളം പറഞ്ഞു. പകല്‍ മുഴുവന്‍ അവിടെ ഇരുത്തിയിട്ട് ഫോണ്‍ ചോദിക്കുക പോലും ചെയ്യാത്ത ശബരിയെ, ഫോണ്‍ ലഭിക്കാന്‍ കസ്റ്റഡിയില്‍ വേണം എന്ന് ആവശ്യപ്പെട്ടത് ജാമ്യം നിഷേധിക്കാനുള്ള അവസാനത്തെ നാണം കെട്ട കൡയാണ്. അത് കോടതി തിരിച്ചറിഞ്ഞിട്ടാണ് ജാമ്യം ലഭിച്ചത്.

അവസാന നിമിഷവും ജാമ്യം റദ്ദ് ചെയ്യാന്‍ എന്തെങ്കിലും ചെയ്യണമെന്ന പിണറായിയുടെ നിര്‍ദ്ദേശം നടപ്പിലാക്കാന്‍, റിമാന്‍ഡിന്റെ കൊതിയോടെയാണ് പൊലീസ് ഇതിനെ സമീപിച്ചത്. ഇദ്ദേഹം ധീരനായ മുഖ്യമന്ത്രിയല്ല, ഇരട്ട ചങ്കില്ല, കേരളം കണ്ടതില്‍ വെച്ച് ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ്. ആ ഭീരുത്വത്തെ രാഷ്ട്രീയമായും പൊലീസ് നടപടിയെ നിയമപരമായും നേരിടും. കോടതിയെ സമീപിച്ചിട്ടുണ്ട്. കള്ളക്കേസിന്റെ മാസ്റ്റര്‍ മൈന്‍ഡ് പിണറായി വിജയനാണ്.

പി സി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞത്:

ഭീഷണിപ്പെടുത്തി നിശബ്ദമാക്കാന്‍ ശ്രമിച്ചു. കൂടുതല്‍ ഊര്‍ജ്ജം ലഭിച്ചു. കൂടുതല്‍ ശക്തിയോടെ മാഫിയ സര്‍ക്കാരിനെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും ഊര്‍ജ്ജത്തോടെ മുന്നോട്ട് പോകാനാണ് തീരുമാനം.

Story Highlights: PC Vishnunadh and Shafi Parambil reaction on bail on Youth congress leader KS Sabarinadhan

Next Story