Top

മുഖ്യമന്ത്രിയെ വെടിവെച്ച് കൊല്ലണമെന്ന് പിസി ജോര്‍ജിന്റെ ഭാര്യ; 'അപ്പന്റെ റിവോള്‍വറുണ്ട്, ഒരാഴ്ച്ചക്കുള്ളില്‍ അനുഭവിക്കും'

''നിങ്ങളിത് ചാനലില്‍ കൂടി വിട്ടാല്‍ എനിക്ക് കുഴപ്പമില്ല..''

2 July 2022 11:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഖ്യമന്ത്രിയെ വെടിവെച്ച് കൊല്ലണമെന്ന് പിസി ജോര്‍ജിന്റെ ഭാര്യ; അപ്പന്റെ റിവോള്‍വറുണ്ട്, ഒരാഴ്ച്ചക്കുള്ളില്‍ അനുഭവിക്കും
X

മുഖ്യമന്ത്രി പിണറായി വിജയനെ വെടിവച്ച് കൊല്ലാന്‍ ആഗ്രഹമുണ്ടെന്ന് പീഡനക്കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജിന്റെ ഭാര്യ ഉഷ. വീട്ടില്‍ അപ്പന്റെ റിവോള്‍വറുണ്ടെന്നും ഒരാഴ്ച്ചക്കുള്ളില്‍ അയാള്‍ അനുഭവിക്കുമെന്നും ഉഷ മാധ്യമങ്ങളോട് പറഞ്ഞു.

''ശരിക്കും പറഞ്ഞാല്‍ അയാളെ എനിക്ക് വെടിവെച്ച് കൊല്ലണമെന്നുണ്ട്. നിങ്ങളിത് ചാനലില്‍ കൂടി വിട്ടാല്‍ എനിക്ക് കുഴപ്പമില്ല. എന്റെ അപ്പന്റെ റിവോള്‍വറാണ് ഇവിടെയുള്ളത്. കുടുംബത്തിലെ എല്ലാവരും വേദനിക്കുന്നുണ്ട്. ഒരാഴ്ച്ചക്കുള്ളില്‍ അയാള്‍ അനുഭവിക്കും. അനുഭവിച്ചേ തീരു. ഇത്രയും പ്രായമായ ഒരാളെ പിടിച്ച് ജയിലില്‍ ഇടാമോ.''-ഉഷ പറഞ്ഞു.

പീഡനക്കേസില്‍ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നാണ് പിസി ജോര്‍ജിന്റെ കുടുംബത്തിന്റെ പ്രതികരണം. തെറ്റ് ചെയ്യാത്ത മനുഷ്യനാണ് പിസി ജോര്‍ജ്. പീഡനക്കേസ് രാഷ്ട്രീയ വൈരാഗ്യമാണ്. പിണറായി വിജയന്റെ പ്രശ്‌നങ്ങളൊന്നും പുറത്തേക്ക് വരരുത്. അതിനാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തതെന്നും ഉഷ പറഞ്ഞു.

ഉഷാ ജോര്‍ജിന്റെ വാക്കുകള്‍: ''തെറ്റ് ചെയ്യാത്ത മനുഷ്യനാണ് പിസി ജോര്‍ജ്. ഇത് പിണറായിയുടെ കളിയാണ്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നത് ശരിയാണോ. എല്ലാവരെയും മോനേ മോളേയെന്നെ അദ്ദേഹം വിളിക്കൂ. സിന്‍സിയര്‍ ആയതുകൊണ്ട് പറ്റിയതാണ്. തന്നെ പീഡിപ്പിക്കാത്ത വ്യക്തിയുണ്ടെങ്കില്‍ അത് പിസി ജോര്‍ജ് ആണെന്നും അച്ഛന് തുല്യമാണ് എന്നുമാണ് പരാതിക്കാരി മുന്‍പൊരിക്കല്‍ പറഞ്ഞത്. അറസ്റ്റിനെ കുറിച്ച് സൂചന ഇല്ലായിരുന്നു. സാക്ഷിയാക്കാമെന്ന് പറഞ്ഞാണ് പൊലീസ് വിളിച്ചു കൊണ്ട് പോയത്. പിണറായിയുടെ പ്രശ്‌നങ്ങള്‍ പുറത്ത് വരാതിരിക്കാനാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. വാര്‍ത്തകള്‍ അങ്ങനെ തിരിച്ചു വിടാനാണ് ശ്രമം. കേസിനെ നിയമപരമായി നേരിടും. ഇതിന് പിന്നില്‍ കളിച്ചവര്‍ക്ക് കുടുംബത്തിന്റെ ശാപം കിട്ടും.''

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സിബിഐക്ക് കള്ളമൊഴി നല്‍കാത്തതിന്റെ വൈരാഗ്യമാണ് പീഡന പരാതിക്ക് പിന്നിലെന്ന് പി സി ജോര്‍ജ് പറഞ്ഞു. താനൊരു സ്ത്രീയേയും പീഡിപ്പിച്ചിട്ടില്ല. പരാതിക്കാരി വൈരാഗ്യം തീര്‍ക്കുകയാണ്. കേസില്‍ നിരപരാധിയാണെന്ന് കോടതിയില്‍ നൂറുശതമാനം തെളിയുമെന്നും പിസി പറഞ്ഞു.

പിസി ജോര്‍ജിന്റെ പ്രതികരണം: ''ഈ ഒരു കാര്യം കൊണ്ടെന്നും പിണറായി വിജയന്‍ രക്ഷപ്പെടില്ല. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് മറുപടി നല്‍കി കൊണ്ടിരിക്കെ 11 മണിക്കാണ് ഈ കേസെടുത്തത്. തുടര്‍ന്നാണ് അറസ്റ്റ് നടന്നത്. ഞാന്‍ ഒളിക്കാന്‍ ഉദേശിക്കുന്നില്ല. റിമാന്‍ഡ് ചെയ്താലും സന്തോഷം. ശേഷം വസ്തുത ഞാന്‍ തെളിയിക്കും. ഞാന്‍ ഒരു സ്ത്രീയെയും പീഡിപ്പിക്കില്ല. ഞാന്‍ പൊതുപ്രവര്‍ത്തകനാണ്.''

''അടുത്തവരുന്ന എല്ലാ പെണ്‍കുട്ടികളെയും മോളേ, ചക്കരേ, സ്വന്തമേ എന്ന് അല്ലാതെ വിളിക്കാറില്ല. ആ സ്‌നേഹവും ബഹുമാനവും കാണിക്കുന്ന വ്യക്തിയാണ് ഞാന്‍. എനിക്കെതിരെ പിണറായി വിജയന്റെ കാശും വാങ്ങി കാണിക്കുന്ന മര്യാദകേടിന് ദൈവം ക്ഷമിക്കട്ടേ. താന്‍ പോയ രാഷ്ട്രീയക്കാരെല്ലാം പീഡിപ്പിച്ചെന്ന് അവരു തന്നെ പറഞ്ഞിട്ടുണ്ട്. ആ പീഡിപ്പിച്ചയാളുകളെല്ലാം ഇപ്പോള്‍ മാന്യമായി നടക്കുകയാണ്. അവരോട് മാന്യമായി പെരുമാറിയ ഏക രാഷ്ട്രീയ നേതാവാണ് പിസി ജോര്‍ജ് എന്ന് അവര് തന്നെ പറഞ്ഞിട്ടുണ്ട്.''

''സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ചു എന്ന് സ്റ്റേറ്റ്‌മെന്റ് അവര്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു. ആദ്യം എന്നോട് പറഞ്ഞത് ഉമ്മന്‍ചാണ്ടി ഓഫീസില്‍ വച്ച് പീഡിപ്പിച്ചു എന്നാണ്. ഉമ്മന്‍ചാണ്ടി വയസ്സാംകാലത്ത് മര്യാദകേട് കാണിച്ചോ എന്ന് താന്‍ ചിന്തിച്ചിരുന്നു. പിന്നീട് എഴുതി തന്നത് ക്ലിഫ് ഹൗസില്‍ വച്ച് പീഡിപ്പിച്ചു എന്നാണ്. അതോടെ അവരു പറയുന്നത് നുണയാണെന്ന് മനസിലായി. കള്ളസാക്ഷി പറയാന്‍ പറ്റില്ലെന്ന് പറഞ്ഞു. പച്ചക്കള്ളമാണ് പരാതിക്കാരി പറയുന്നതെന്ന് സിബിഐയോട് പറഞ്ഞു. അതിന്റെ വൈരാഗ്യം തീര്‍ക്കുന്നതിന്റെ ഭാഗമാണിത്.''

Next Story