Top

'പി സി ജോര്‍ജ്ജ് തൃക്കാക്കരയില്‍ പോയത് ജാമ്യ ഉപാധികളുടെ ലംഘനമല്ല'; പൊലീസിന് നിയമോപദേശം

അന്വേഷണവുമായി സഹകരിക്കാത്ത പി സി ജോര്‍ജിന്റെ നിലപാട് ജാമ്യവ്യവസ്ഥയുടെ ലംഘനമാണോയെന്ന് പൊലീസ് നിയമോപദേശം തേടിയിരുന്നു.

2 Jun 2022 6:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പി സി ജോര്‍ജ്ജ് തൃക്കാക്കരയില്‍ പോയത് ജാമ്യ ഉപാധികളുടെ ലംഘനമല്ല; പൊലീസിന് നിയമോപദേശം
X

കൊച്ചി: വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കേണ്ടതില്ലെന്ന് പൊലീസ്. ചോദ്യം ചെയ്യലിന് ഹാജരാകാതെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തത് ജാമ്യ ഉപാധികളുടെ ലംഘനമല്ലെന്ന് നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പി സി ജോര്‍ജിന് ഫോര്‍ട്ട് പൊലീസ് വീണ്ടും നോട്ടീസ് നല്‍കും.

ഇക്കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു പി സി ജോര്‍ജ് ശബ്ദ പരിശോധനയുള്‍പ്പെടെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിയിരുന്നത്. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഹാജരാകാന്‍ സാവകാശം ആവശ്യപ്പെട്ട് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കത്തയക്കുകയായിരുന്നു. എങ്കിലും തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു പി സി ജോര്‍ജ്.

ഇത്തരത്തില്‍ അന്വേഷണവുമായി സഹകരിക്കാത്ത പി സി ജോര്‍ജിന്റെ നിലപാട് ജാമ്യവ്യവസ്ഥയുടെ ലംഘനമാണോയെന്ന് പൊലീസ് നിയമോപദേശം തേടിയിരുന്നു. തിരുവനന്തപുരത്തും വെണ്ണലയിലും നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ പരസ്യപ്രസ്താവനകള്‍ പാടില്ല, വിദ്വേഷ പ്രസംഗം ആവര്‍ത്തിക്കരുത്, ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയനാകണം, അന്വേഷണവുമായി സഹകരിക്കണം എന്നീ വ്യവസ്ഥകളോടെയാണ് ഹൈക്കോടതി പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്.

ഇതിനിടെ പൊലീസിനെതിരെ വിമര്‍ശനവുമായി പി സി ജോര്‍ജ് രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം പൊലീസിന് മുന്നില്‍ ഹാജരാവാന്‍ തനിക്ക് നിരന്തരം നോട്ടീസ് വന്നിരുന്നെന്നും ഞായറാഴ്ച പള്ളിയില്‍ പോവേണ്ട ദിവസമാണെന്ന് പൊലീസുകാര്‍ക്ക് അറിയില്ലേയെന്നും പിസി ജോര്‍ജ് ചോദിച്ചു. നിയമം ലംഘിക്കാതിരിക്കാന്‍ ഹെലികോപ്ടര്‍ വിളിച്ച് ഹാജരാവുന്നതിനെ പറ്റി വരെ ആലോചിച്ചെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു.

Next Story