Top

'ആദ്യം സ്ഥാനാര്‍ത്ഥിയായപ്പോള്‍ ബിസ്മി ചൊല്ലി അനുഗ്രഹിച്ചത് ഈസ മൗലവി'; സംഘ്പരിവാറിനെ വിമര്‍ശിച്ച് പി സി ജോര്‍ജിന്റെ 2016ലെ പ്രസംഗം

1 May 2022 4:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആദ്യം സ്ഥാനാര്‍ത്ഥിയായപ്പോള്‍ ബിസ്മി ചൊല്ലി അനുഗ്രഹിച്ചത് ഈസ മൗലവി; സംഘ്പരിവാറിനെ വിമര്‍ശിച്ച് പി സി ജോര്‍ജിന്റെ 2016ലെ പ്രസംഗം
X

കാെച്ചി: എസ്ഡിപിഐയെ പുകഴ്ത്തി പിസി ജോര്‍ജ് സംസാരിക്കുന്ന പഴയ പ്രസംഗ വീഡിയോ ചര്‍ച്ചയാവുന്നു. 2016 ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്ന് വിജയിച്ചതിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കോഴിക്കോട് സംഘടിപ്പിച്ച ജനമഹാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിസി ജോര്‍ജ്.

എല്ലാ രാഷ്ട്രീയ സമാവാക്യങ്ങളും തെറ്റിച്ചായിരുന്നു 2016 ല്‍ പൂഞ്ഞാറില്‍ സ്വതന്ത്രനായി മത്സരിച്ച പിസി ജോര്‍ജ് വിജയിച്ചത്. എസ്ഡിപിഐ നല്‍കിയ പിന്തുണയാണ് തന്നെ വിജയിക്കാന്‍ സഹായിച്ചതെന്നാണ് പ്രസംഗത്തില്‍ പിസി ജോര്‍ജ് പറയുന്നത്. എസ്ഡിപിഐയെ വാനോളം പുകഴ്ത്തിയാണ് പിസി ജോര്‍ജ് സംസാരിക്കുന്നത്. അസലാമു അലൈക്കും പറഞ്ഞാണ് പിസി ജോർജ് പ്രസം​ഗം തുടങ്ങുന്നത്.

പ്രസം​ഗമിങ്ങനെ,

'ഞാൻ നന്ദിയുടെ ഹൃദയവുമായാണ് നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്. കാരണം ആ രാജ്യത്തെ രാഷ്ട്രീയ ഭിക്ഷാംദേഹികൾ എല്ലാം കൂടി പിസി ജോർജിനെ അങ്ങ് ശരിപ്പെടുത്തിക്കളയാം എന്ന് വിചാരിച്ചപ്പോൾ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വം എന്ന് വേണമെങ്കിൽ പറയാൻ കഴിയുന്ന എസ്ഡിപിഐയുടെ നേതാക്കൻമാരാണ് എളിയവനായ എനിക്ക് ആദ്യമായി പിന്തുണ പ്രഖ്യാപിച്ചത്. ആ പിന്തുണ പ്രഖ്യാപിക്കുമ്പോൾ പലർക്കും ബുദ്ധിമുട്ടായിരുന്നു. എസ്ഡിപിഐയുടെ നേതാവ് തന്നെ വന്ന് എന്നോട് ചോദിച്ചു ഞങ്ങളിങ്ങനെ പിന്തുണ തരുന്നത് മറ്റാളുകൾക്ക് ബുദ്ധിമുട്ടാക്കുമോ, ഞങ്ങൾ വോട്ട് ചെയ്യാൻ പിന്തുണ പരസ്യമായി പ്രഖ്യാപിച്ചാൽ ഏതെങ്കിലും കാരണവശാൽ പൂഞ്ഞാർ മണ്ഡലത്തിൽ 18 ശതമാനത്തോളം വരുന്ന മുസ്ലിം സമൂഹം ഒഴിച്ച് മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന്.

ഞാൻ പറഞ്ഞു, എന്റെ വാപ്പ പ്ലാത്തോട്ടത്തിൽ ചാക്കോച്ചനാണ്. എന്നെ സഹായിക്കുന്നവരെ , പ്രത്യേകിച്ച് ഈ മൂന്ന് രാഷ്ട്രീയ പാർട്ടികളും ഒരുമിച്ച് വന്നപ്പോൾ എന്നെ സഹായിക്കാൻ വേണ്ടി ആദ്യം വന്ന നിങ്ങളോട് നന്ദിയില്ലാതെ പെരുമാറാൻ എനിക്ക് കഴിയില്ല. അതുകൊണ്ട് ഞാൻ തോൽക്കുകയോ ജയിക്കുകയോ ചെയ്യട്ടെ നിങ്ങളാണെനിക്ക് പിന്തുണ പ്രഖ്യാപിച്ചതെന്ന് പരസ്യമായി പറയും. അതിന്റെ പേരിൽ കിട്ടുന്ന വോട്ടെനിക്ക് മതി എന്ന് ഞാൻ പ്രഖ്യാപിക്കുകയായിരുന്നു.

1980 ൽ ആദ്യമായി ഒരു കൊച്ചു പയ്യനെന്ന നിലയിൽ സ്ഥാനാർത്ഥിത്വത്തിലേക്ക് വന്നപ്പോൾ ഞാൻ ആദ്യം പോവുന്നത് ഈ സ്റ്റേജിലുള്ള വന്ദ്യനായ ഈസ മൗലവി അവർകളുടെ മുന്നിലാണ്. അദ്ദേഹം അന്ന് തേവരുപാറയിലെ കത്തീഫാണ്. അദ്ദേഹത്തെ ചെന്ന് കണ്ടു. ഞാൻ മത്സരം രം​ഗത്തേക്ക് ഇറങ്ങുകയാണ് അങ്ങെന്നെ അനു​ഗ്രഹിക്കണം എന്ന് പറഞ്ഞപ്പോൾ അദ്ദേഹം എന്റെ തലയിൽ കൈവെച്ച് ബിസ്മില്ലാഹ് റഹീം നീ വിജയിച്ച് വരും എന്ന് അനു​ഗ്രഹിച്ചു വിട്ട ഓർമ്മ എന്നെ ഇപ്പോഴും സംതൃപ്തനാക്കുന്നു.

മറ്റ് വിശദാംശങ്ങളിലേക്ക് കടക്കും മുമ്പ് ചില കാര്യങ്ങൾ പറയണം എന്നെനിക്ക് നിർബന്ധമുണ്ട്. ഇവിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്യം സംസാരിച്ച് കേൾക്കാനിടയായി. ഞാനതിലേക്ക് വരികയാണ്. അന്താരാഷ്ട്ര നിലയിൽ അദ്ദേഹം നടത്തുന്ന നീക്കങ്ങളിൽ നമുക്കാർക്കും തർക്കമില്ല. അന്താരാഷ്ട്ര തലത്തിലും ആഭ്യന്തര തലത്തിലും അദ്ദേഹം നടത്തുന്ന നീക്കങ്ങൾ രണ്ടായി കാണുന്നു. അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ യശസ് വർധിപ്പിക്കുന്നതിന് അദ്ദേഹം വെറുപ്പിന്റെ രാഷ്ട്രീയം മാറ്റി വെച്ച് ഇടപെടുന്നു. പക്ഷെ ആ മോദി ആഭ്യന്തര രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ വെറുപ്പിന്റെ രാഷ്ട്രീയത്തിലേക്ക് തന്നെ പോവുന്നെന്ന് മാത്രമല്ല, സംഘപരിവാറുൾപ്പെടെയുള്ള സംഘടനകളെ പരിപോഷിപ്പിച്ച് ഇവിടത്തെ ന്യൂനപക്ഷങ്ങളെയും ദളിത് വിഭാ​ഗങ്ങളെയും സംരക്ഷിക്കുന്നതിൽ വിമുഖത കാട്ടുകയാണ്. മോദിയുടെ പോക്ക് ഈ നിലയിലാണെങ്കിൽ ഇന്ത്യാ രാജ്യത്ത് ചെറുത്ത് നിൽപ്പിന്റെ രാഷ്ട്രീയം ഉയർന്നു വരുമെന്നതിൽ സംശയമില്ല.'

story highlight: pc George's old speech praising sdpi going viral

Next Story