Top

വെണ്ണല വിദ്വേഷ പ്രസം​ഗത്തിൽ പിസി ജോർജ് പൊലീസിന് മുന്നിൽ ഹാജരാവും; അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടും

25 May 2022 5:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വെണ്ണല വിദ്വേഷ പ്രസം​ഗത്തിൽ പിസി ജോർജ് പൊലീസിന് മുന്നിൽ ഹാജരാവും; അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടും
X

കൊച്ചി: വെണ്ണലയിൽ നടത്തിയ മത വിദ്വേഷ പ്രസം​ഗത്തിൽ പിസി ജോർജ് ഇന്ന് പൊലീസിന് മുന്നിൽ ഹാജരാവും. പാലാരിവട്ടം പൊലീസ് നൽകിയ നോട്ടീസ് പിസി ജോർജ് കൈപ്പറ്റി. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടും. അറസ്റ്റ് ചെയ്താൽ ജാമ്യം നൽകണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിരുന്നു. ഒളിവിലായിരുന്ന പിസി ജോര്‍ജ് ഇന്നലെ ഈരാറ്റു പേട്ടയിലെ വീട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്. വെണ്ണല വിദ്വേഷ പ്രസം​ഗത്തിൽ നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് പിസി ജോര്‍ജ് ഒളിവില്‍ പോയിരുന്നത്.

അതേസമയം തിരുവനന്തപുരത്തെ മത വിദ്വേഷ പ്രസംഗത്തില്‍ പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ അപേക്ഷയില്‍ ഇന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധി പറയും. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജിന് ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗം പാടില്ല, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നീ വ്യവസ്ഥകളോടെയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ പിസി ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്ന് കാട്ടി പൊലീസ് കോടതിയെ സമീപിക്കുകയായിരുന്നു. ‌ജാമ്യം ലഭിച്ചതിന് പിന്നാലെ തന്റെ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നെന്നാണ് മാധ്യമങ്ങളോട് പിസി ജോർജ് പറഞ്ഞത്.

Story Highlight: PC George will appear before police in hate speech case

Next Story