Top

'വയനാട്ടുകാരനായ ഒരു ചെറുപ്പക്കാരന്‍ പറഞ്ഞതാണ്, അത് തെളിവല്ലെങ്കില്‍ പിന്നെ എന്ത്'; വന്ധ്യതാ തുള്ളി മരുന്നിനെ കുറിച്ച് പിസി ജോര്‍ജ്ജ്

1 May 2022 8:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വയനാട്ടുകാരനായ ഒരു ചെറുപ്പക്കാരന്‍ പറഞ്ഞതാണ്, അത് തെളിവല്ലെങ്കില്‍ പിന്നെ എന്ത്; വന്ധ്യതാ തുള്ളി മരുന്നിനെ കുറിച്ച് പിസി ജോര്‍ജ്ജ്
X

തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസിന് ആധാരമായ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി പൂഞ്ഞാര്‍ മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജ്ജ്. തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് പിസി ജോര്‍ജ്ജ് നിലപാടുകള്‍ വ്യക്തമാക്കിയത്. എംഎ യൂസഫലിയെ കുറിച്ച് താന്‍ നടത്തിയ പരാമര്‍ശം തിരുത്താന്‍ തയ്യാറായ പിസി ജോര്‍ജ്ജ് പക്ഷേ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. മുസ്ലീംങ്ങളിലെ തീവ്രവാദി വിഭാഗങ്ങള്‍ക്ക് പിണറായി വിജയന്‍ നല്‍കിയ റംസാന്‍ സമ്മാനമാണ് തന്റെ അറസ്റ്റ് എന്നായിരുന്നു പിസി ജോര്‍ജ്ജിന്റെ പ്രതികരണം.

എന്തെല്ലാം പറഞ്ഞോ അതില്‍ ഉറച്ച് നില്‍ക്കുന്നു, തെറ്റ് പറ്റി എന്ന് തോന്നു കാര്യങ്ങള്‍ മുന്‍പും പിന്‍വലിച്ചിട്ടുണ്ട്. ഇന്ത്യയെ സ്‌നേഹിക്കാത്തവരുടെ വോട്ട് വേണ്ടെന്ന് പറഞ്ഞ താന്‍ എങ്ങനെ തീവ്രവാദിയാവും എന്ന ചോദ്യം ഉന്നയിച്ചായിരുന്നു പിസി ജോര്‍ജ്ജ് നിലപാടുകള്‍ വിശദീകരിച്ചത്. അഭിമന്യൂ വധക്കേസിന്റെ പശ്ചാത്തലത്തിലായിരുന്നു മുസ്ലീം തീവ്രവാദികളുടെ പിന്തുണ വേണ്ടന്ന് താന്‍ പറഞ്ഞത്. മുസ്ലീം വിഭാഗത്തിലെ ഒരു വിഭാഗം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ തള്ളിപ്പറയുക തന്നെ ചെയ്യും. ഇന്ത്യാ രാജ്യത്തെ സ്‌നേഹിക്കാത്ത ആരുടേയും വോട്ടുകള്‍ വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസും എല്‍ഡിഎഫും ഒന്നാണ്. ഞാന്‍ പറഞ്ഞത് അവര്‍ക്ക് കൊണ്ടു. അവരുടെ പിന്തുണ എന്നത് മുസ്ലീം തീവ്രവാദികളാണ്. അവര്‍ക്കെതിരെ സംസാരിച്ചത് കൊണ്ടാണ് എന്നെ പിടിച്ച് ജയിലിലിടാന്‍ ശ്രമിക്കുന്നത്. ഈ രാജ്യത്ത് നീതി പീഠമുണ്ട്. എനിക്ക് നീതി തന്നു. നീതിപീഠം ശരികണ്ടെത്തുന്നു എന്ന് ബോധ്യപ്പെട്ടു. എന്നും പിസി ജോര്‍ജ്ജ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഒരു കാര്യം തിരുത്താനുണ്ടെന്ന് പറഞ്ഞായിരുന്നു യൂസഫലിയെ കുറിച്ചുള്ള പിസി ജോര്‍ജ്ജിന്റെ പ്രതികരണം. യൂസഫലി സാഹിബ് മാന്യനാണ്. എന്നാല്‍ മാളുകള്‍ പണിതാല്‍ ചെറിയ കച്ചവടക്കാര്‍ പട്ടിണിയിലാവും. എന്നാണ് ഉദ്ദേശിച്ചത്. മനസിലുള്ളതും പറഞ്ഞതും രണ്ടായിപ്പോയി. അത് തിരുത്തുകയാണ്. അദ്ദേഹത്തിന് എതിരായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നു. റിലയന്‍സിന് എതിരെ സമരം ചെയ്തവരാണ് പിണറായിയും കൂട്ടരും. കുത്തക വ്യാപാരികളുടെ കൈകളിലേക്ക് ചെറുകിട വ്യാപാരം എത്തരുത് എന്നതില്‍ ഉറച്ച് നില്‍ക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിളിച്ചാല്‍ താന്‍ ഏത് കോടതിയിലും എത്തുമായിരുന്നു. അതിനാണ് 50 പൊലീസുകാര്‍ പാതിരാത്രി വണ്ടിപിടിച്ച് ഈരാട്ടുപേട്ട വന്നത്. രാവിലെ 4.30 ന് വീട്ടിലെത്തിയ പൊലീസുകാരോടും ഇത് ചോദിച്ചു. കിട്ടിയ നിര്‍ദേശം ഇതായിരുന്നു എന്നാണ് പറഞ്ഞത്. പിന്നാലെ ആയിരുന്നു മുസ്ലീംങ്ങളിലെ തീവ്രവാദി വിഭാഗങ്ങള്‍ക്ക് പിണറായി വിജയന്‍ നല്‍കിയ റംസാന്‍ സമ്മാനമാണ് തന്റെ അറസ്റ്റ് എന്ന അദ്ദേഹത്തിന്റെ പ്രതികരണം.

Story Highlight: pc George reaction after hate speech case interim bail

Next Story