Top

'പി സി ജോര്‍ജ് തിരുവനന്തപുരത്തുണ്ട്'; വൃത്തികേട് വരുന്നതുകൊണ്ടാണ് ഫോണ്‍ ഓഫാക്കിയതെന്ന് ഷോണ്‍

വിദ്വേഷ പ്രസംഗത്തില്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിക്ഷേധിച്ചതോടെയാണ് പി സി ജോര്‍ജ്ജ് ഒളിവില്‍ പോയത്. അദ്ദേഹത്തിനായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.

22 May 2022 3:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പി സി ജോര്‍ജ് തിരുവനന്തപുരത്തുണ്ട്; വൃത്തികേട് വരുന്നതുകൊണ്ടാണ് ഫോണ്‍ ഓഫാക്കിയതെന്ന് ഷോണ്‍
X

കോട്ടയം: മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ്ജ് തിരുവനന്തപുരത്തുണ്ടെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്ജ്. എറണാകുളം വെണ്ണലയിലെ വിദ്വേഷ പ്രസംഗത്തില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിന് പിന്നാലെ പി സി ഒളിവില്‍ ആണെന്ന വാര്‍ത്തകളോട് പ്രതികരിക്കവെയാണ് ഷോണ്‍ ഇക്കാര്യം അറിയിച്ചത്. പിണറായി വിജയന്റെ പ്രീണന അറസ്റ്റിന് നിന്ന് കൊടുക്കില്ലെന്നും ഷോണ്‍ ജോര്‍ജ്ജ് റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞു.

ഒളിവിലാണോയെന്ന ചോദ്യത്തിന് ഷോണ്‍ ജോര്‍ജിന്റെ മറുപടി ഇങ്ങനെ:

"പി സി ജോര്‍ജ് തിരുവനന്തപുരത്തുണ്ട്. നിങ്ങള്‍ക്ക് അറിയാന്‍മേലെ, പിണറായിയുടെ പൊലീസിന് നിന്നുകൊടുക്കേണ്ട കാര്യമുണ്ടോ? ഞങ്ങള്‍ നിയമപരമായാണ് മുന്നോട്ട് പോകുന്നത്. അറസ്റ്റ് ചെയ്യില്ലെന്നാണ് കമ്മീഷണര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്. അതിന് രണ്ട് മണിക്കൂറിന് ശേഷം തീരുമാനം വന്നെങ്കില്‍ അത് പൊലീസിന്റേതല്ല. അറസ്റ്റ് ചെയ്യാനുള്ള തീരുമാനം പിണറായി വിജയന്റേതാണ്. അത് അനുസരിക്കാന്‍, അതിന് കൂട്ടുനില്‍ക്കാന്‍, പിണറായി വിജയന്റെ പ്രീണന അറസ്റ്റിന് നിന്നുകൊടുക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. പി സി ജോര്‍ജിന്റെ ഫോണ്‍ ഒരാഴ്ച്ചയായി സ്വിച്ച് ഓഫ് ആണ്. അദ്ദേഹത്തിന്റെ നമ്പര്‍ ലോകത്തുള്ള മനുഷ്യര്‍ക്ക് മുഴുവന്‍ അറിയാം. ഫോണ്‍ ഓണ്‍ ചെയ്താല്‍ വൃത്തികേടും തെറിവിളിയും മാത്രമാണ്. അദ്ദേഹത്തെ കോണ്‍ടാക്ട് ചെയ്യാനുള്ള വേറെ നമ്പര്‍ എന്റെ കൈയ്യിലുണ്ട്."

വിദ്വേഷ പ്രസംഗത്തില്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിക്ഷേധിച്ചതോടെയാണ് പി സി ജോര്‍ജ്ജ് ഒളിവില്‍ പോയത്. അദ്ദേഹത്തിനായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. വീട്ടില്‍ നിന്ന് ഇന്നലെ ഉച്ചക്ക് പി സി ജോര്‍ജ്ജ് പുറത്തേയ്ക്ക് പോയ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

അതേസമയം ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനാണ് പി സിയുടെ നീക്കം. ഇന്ന് കോടതി അവധിയായതിനാല്‍ തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ ഹരജി നല്‍കും. തിരുവനന്തപുരം കോടതിയുടെ ഉത്തരവ് കൂടി അറിഞ്ഞ ശേഷമായിരിക്കും പി സിയുടെ അറസ്റ്റ് എന്നായിരുന്നു കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു കഴിഞ്ഞ ദിവസം പറഞ്ഞത്. പി സി ജോര്‍ജ്ജിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും കമ്മീഷണര്‍ അറിയിച്ചിരുന്നു.

എറണാകുളം വെള്ളലയില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് പിസി ജോര്‍ജ്ജിനെതിരെ കേസെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ നടപടി രാഷ്ടീയ ലക്ഷ്യങ്ങളോടെയാണെന്നും ജാമ്യം വേണമെന്നുമാണ് പി സി ജോര്‍ജിന്റെ ആവശ്യം. കേസില്‍ തന്റെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് വേണമെന്ന പി സി ജോര്‍ജിന്റെ ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വെണ്ണല മഹാദേവ ക്ഷേത്രത്തില്‍ സപ്താഹ യജ്ഞത്തിന്റെ സമാപനപരിപാടിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് പി സി ജോര്‍ജ്ജിനെതിരെ കേസ്. പാലാരിവട്ടം പൊലീസാണ് പി സി ജോര്‍ജ്ജിന് എതിരെ സ്വമേധയാ കേസെടുത്തത്. 135 എ, 295 വകുപ്പുകള്‍ പ്രകാരമാണ് കേസ്. തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത സമാനമായ കേസില്‍ നടപടികള്‍ നേരിടവെയാണ് പിസി ജോര്‍ജ് എറണാകുളം വെണ്ണലയിലും വിദ്വേഷ പ്രസംഗം നടത്തിയത്. തിരുവനന്തപുരം അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജിന് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗം പാടില്ല, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നീ വ്യവസ്ഥകളോടെയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ജാമ്യം അനുവദിച്ചത്.

Story Highlights : PC George is in Thiruvananthapuram said shone george

Next Story

Popular Stories