Top

'സ്വപ്‌നയുടെ കൈവശം തെളിവൊന്നുമില്ല'; ഓരോ ദിവസവും ഓരോന്ന് പറയുമെന്ന് പിസി ജോര്‍ജ് കേസിലെ പരാതിക്കാരി

''അവര്‍ സംസാരിക്കട്ടെ. തെളിവില്ലെന്ന് മാത്രം. നിങ്ങളാരും ചോദിച്ചുന്നില്ല തെളിവുണ്ടോന്ന്..''

2 July 2022 2:58 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വപ്‌നയുടെ കൈവശം തെളിവൊന്നുമില്ല; ഓരോ ദിവസവും ഓരോന്ന് പറയുമെന്ന് പിസി ജോര്‍ജ് കേസിലെ പരാതിക്കാരി
X

മാധ്യമങ്ങളിലൂടെ നടത്തിയ ആരോപണങ്ങളില്‍ സ്വപ്‌ന സുരേഷിന്റെ കൈവശം തെളിവുകളൊന്നുമില്ലെന്ന് പിസി ജോര്‍ജിനെതിരെ പീഡന പരാതി നല്‍കിയ സോളാര്‍ കേസ് പ്രതിയായ യുവതി. തെളിവില്ലാത്തത് കൊണ്ട് ഓരോ ദിവസവും ഓരോന്ന് വന്ന് പറയുതാണ് അവരുടെ രീതി. അവര്‍ ഉന്നയിച്ച കാര്യങ്ങളില്‍ മാധ്യമങ്ങള്‍ തെളിവ് ചോദിക്കാറില്ലെന്നും യുവതി പറഞ്ഞു.

യുവതിയുടെ വാക്കുകള്‍: ''നിങ്ങള്‍ എന്നോട് ചോദിക്കും തെളിവുണ്ടോയെന്ന്. പക്ഷെ ഒരു തവണയെങ്കിലും നിങ്ങള്‍ തെളിവുണ്ടോയെന്ന് അവരോട് ചോദിച്ചിട്ടുണ്ടോ. നിങ്ങള്‍ക്ക് അവരുടെ തെളിവുകള്‍ വേണ്ട. ഞാന്‍ തെളിവുകള്‍ സഹിതമാണ് പരാതി നല്‍കിയിട്ടുള്ളത്. എന്തെങ്കിലും ആരോപണങ്ങള്‍ പറഞ്ഞ് ഞാന്‍ പോവുകയല്ല. എന്തുകൊണ്ടാണ് സ്വര്‍ണക്കടത്തിലേക്ക് എന്നെ വരുത്തിയതെന്ന് എനിക്ക് വ്യക്തമായിട്ടില്ല. ഞാന്‍ മനസിലാക്കിയ സ്വപ്‌ന ഇരട്ടി ബോള്‍ഡാണ്. അവര്‍ സംസാരിക്കട്ടെ. തെളിവില്ലെന്ന് മാത്രം. നിങ്ങളാരും ചോദിച്ചുന്നില്ല തെളിവുണ്ടോന്ന്. തെളിവില്ലാത്തത് കൊണ്ട് അവര്‍ ഓരോ ദിവസവും ഓരോന്ന് പറയും. സ്വര്‍ണക്കടത്തുമായി എനിക്കൊരു ബന്ധവുമില്ല. സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പ്രതി മാത്രമാണ് ഞാന്‍. ദേശവിരുദ്ധമായ ഒന്നിനും ഞാന്‍ നിന്നിട്ടില്ല.''

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും രാഷ്ട്രീയനേതാക്കള്‍ക്കും പങ്കില്ലെന്ന് ജയില്‍ കിടക്കുമ്പോള്‍ അവര്‍ കരഞ്ഞ് കൊണ്ട് പറഞ്ഞിരുന്നെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.

പീഡനക്കേസില്‍ പിസി ജോര്‍ജിനെതിരെ വ്യക്തമായ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും പരാതിക്കാരി പറഞ്ഞു. തെളിവുകളെല്ലാം പൊലീസിന് കൈമാറിയിട്ടുണ്ട്. ഫോണ്‍ കോള്‍ റെക്കോര്‍ഡുകളും മറ്റും തെളിവുകളുമാണ് കൈമാറിയത്. പിസി ജോര്‍ജ് പീഡിപ്പിച്ചത് അന്വേഷണസംഘത്തോട് അങ്ങോട്ട് പറയുകയായിരുന്നു. 2014 മുതല്‍ പി.സി ജോര്‍ജുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു.

പരാതിക്കാരിയുടെ വാക്കുകള്‍: ''ഞാന്‍ തെളിവുകള്‍ സഹിതമാണ് പരാതി നല്‍കിയിട്ടുള്ളത്. അദ്ദേഹം ചെയ്ത പ്രവൃത്തി അദ്ദേഹത്തിന് നന്നായി അറിയാം. ഗസ്റ്റ് ഹൗസില്‍ വരൂ അവിടെ ഇവിടെ വരൂ തുടങ്ങിയ എല്ലാ ഫോണ്‍ സംഭാഷണങ്ങളും റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ശാരീരികമായി ആക്രമിച്ചത് കൊണ്ടാണ് പരാതി നല്‍കിയതും രഹസ്യമൊഴി നല്‍കിയതും. ഇത് മാത്രമേ ഇപ്പോള്‍ പറയാന്‍ സാധിക്കൂ. ഒരുപാട് ആലോചിച്ച ശേഷമാണ് പരാതി നല്‍കിയത്. പരാതി നല്‍കാന്‍ ക്ഷമ കാണിച്ചത് ഗൂഢാലോചന കേസില്‍ ഇവരൊക്കെ എന്താണ് എന്നെ കൊണ്ട് ഉദേശിക്കുന്നതെന്ന് മനസിലാക്കാന്‍ വേണ്ടിയായിരുന്നു. സരിത സ്വപ്‌നയ്ക്ക് വേണ്ടി സംസാരിക്കെന്നാണ് പിസി ജോര്‍ജ് പറഞ്ഞത്. ബാക്കി പാര്‍ട്ടി ഏറ്റെടുത്തോളും എന്ന് പിസി ജോര്‍ജ് പറഞ്ഞാല്‍ ഉടന്‍ സംസാരിക്കാന്‍ മാത്രം മണ്ടി അല്ല ഞാന്‍. മണ്ടത്തരം കാണിച്ച് കാണിച്ചാണ് 33 കേസുകളില്‍ ഞാന്‍ പ്രതിയായത്.''

സോളാര്‍ കേസ് പ്രതിയായ യുവതിയുടെ പരാതിയില്‍ മ്യൂസിയം പൊലീസാണ് പിസി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീത്വത്തെ അപമാനിച്ചതിന് 354, 54 (അ) വകുപ്പുകള്‍ പ്രകാരമാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. 2022 ഫെബ്രുവരി 10ന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ച് ലൈംഗിക താത്പര്യത്തോടെ കടന്നു പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസിലായിരുന്നു പി.സി ജോര്‍ജിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്. ഈ കേസില്‍ ക്രൈംബ്രാഞ്ചിന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായതിന് ശേഷമാണ് പീഡനക്കേസില്‍ ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. ഗൂഢാലോചനക്കേസില്‍ സാക്ഷിയായ പരാതിക്കാരിയുടെ മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. ഇതിലാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Next Story