Top

'ഞാനെങ്ങനെ പ്രതിയാവും?'; പിണറായിക്കെതിരെ 500 കേസെടുക്കേണ്ടി വരുമെന്ന് പിസി ജോർജ്

9 Jun 2022 8:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഞാനെങ്ങനെ പ്രതിയാവും?; പിണറായിക്കെതിരെ 500 കേസെടുക്കേണ്ടി വരുമെന്ന് പിസി ജോർജ്
X

കോട്ടയം: സ്വപ്‌ന നേരിട്ട പീഢനങ്ങള്‍ മാധ്യമങ്ങളോട് പറയുക മാത്രമാണ് ചെയ്തതെന്ന് പിസി ജോര്‍ജ്. ​ഗൂഢാലോചന കേസില്‍ താനെങ്ങനെ പ്രതിയായെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. സ്വപ്നയുടെ മൊഴി മുഖ്യമന്ത്രി വല്ലാതെ ഭയക്കുന്നു. മൊഴി മുഖ്യമന്ത്രിയേയും കുടുംബാംഗങ്ങളെയും പ്രതിക്കൂട്ടിലാക്കുമോ എന്ന ഭയമാണെന്നും പിസി ജോർജ് ആരോപിച്ചു. മുഖ്യമന്ത്രി നടത്തുന്ന അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.

സ്വപ്ന എനിക്ക്‌ എഴുതി നൽകിയ കത്തിൽ ജയിൽ ഡിഐജി അജയകുമാർ തന്നെ മാനസികമായി പീഡിപ്പിച്ചു എന്നും മുഖ്യമന്ത്രിക്കും,മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ ഒന്നും പറയരുത് എന്ന് ഭീഷണിപ്പെടുത്തി എന്നും കൃത്യമായി പറയുന്നു. അതോടൊപ്പം ഈ കേസിൽ ഇഡിയും കസ്റ്റംസും ആയി സഹകരിച്ചാൽ അവരെ നശിപ്പിക്കാൻ ഏതറ്റംവരെയും പോകുമെന്നും പറയുന്നു . ഇതാണ് ക്രിമിനൽ ഗൂഢാലോചന. ജുഡീഷ്യൽ കസ്റ്റഡിയിൽ ഇരിക്കുന്ന പ്രതിയെ കാണാനും, മുഖ്യമന്ത്രിക്കുവേണ്ടി ഭീഷണിപ്പെടുത്താനും ജയിൽ ഡിഐജിക്ക് എന്ത് അവകാശമെന്നും പിസി ജോർജ് ചോദിച്ചു.

കയ്യിലുള്ള തെളിവുകൾ ഞാൻ മാധ്യമപ്രവർത്തകർക്ക് നൽകി. ലഹളക്കും, സംഘർഷങ്ങൾക്കും ആഹ്വാനം ചെയ്തതിന് കേസെടുക്കും എങ്കിൽ പിണറായിക്കെതിരെ 500 കേസ് എടുക്കേണ്ടിവരും. മുൻപ് ഇ ഡി.ക്കും കസ്റ്റംസിനും സ്വപ്ന കൊടുത്ത മൊഴികൾ ഡി.ഐ.ജി യുടെ ഭീഷണിയുടെ അടിസ്ഥാനത്തിൽ ഭയന്ന് നൽകിയതാണെന്ന് എനിക്ക് നൽകിയ കത്തിൽ വ്യക്തമാണ്. ഇപ്പോൾ സ്വപ്ന നൽകിയ 164 - സ്റ്റേറ്റ്മെന്റ് മാത്രമാണ് അവർ സ്വതന്ത്രമായി നൽകിയതും സത്യം ആയിട്ടുള്ളതും. അതിനാൽ ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളായി കാണുന്നവരെ ചോദ്യംചെയ്യാൻ ഇഡിയും കസ്റ്റംസും തയ്യാറാകണമെന്നും പിസി ആവശ്യപ്പെട്ടു.

താൻ കൂടി കുറ്റാരോപിതനായി നിൽക്കുന്ന കേസിലെ പ്രതിയെ ജയിലിനുള്ളിൽ വെച്ച് ഭരണസ്വാധീനം ഉപയോഗിച്ച് ഡിഐജിയെ കൊണ്ട് സ്വാധീനിക്കാൻ ശ്രമിച്ച മുഖ്യമന്ത്രി ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുന്നു. ഒരു നിമിഷം പോലും കളയാതെ രാജിവെക്കാൻ തയാറാകണം. ഇല്ലെങ്കിൽ ഗവർണ്ണർ ഈ വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി നടത്തുന്ന അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും ചൂണ്ടിക്കാട്ടി ഇന്ന് തന്നെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകും. മുഖ്യമന്ത്രി മാറി നിന്നുകൊണ്ട് അന്വേഷണത്തെ നേരിടാൻ തയ്യാറായില്ലെങ്കിൽ ഭരണഘടനയുടെ 356 അനുഛേദ്ദ പ്രകാരം നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുമെന്നും പിസി ജോർജ് പറഞ്ഞു.

Story Highlight: PC George about case against him

Next Story