Top

'അവന്‍ നല്ല ചെറുക്കനാന്നേ, മൂന്നുമാസം എന്റൊപ്പം താമസിപ്പിച്ചിരുന്നു, കഞ്ഞി വെക്കാന്‍ വരെ ഉഷക്ക് കൂട്ടായിരുന്നു'; ബിനീഷിനെക്കുറിച്ച് പിസി ജോര്‍ജ്ജ്

അവനെപറ്റി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് അറിയാവുന്നത്ര ആര്‍ക്കും അറിയില്ല

7 Dec 2021 11:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അവന്‍ നല്ല ചെറുക്കനാന്നേ, മൂന്നുമാസം എന്റൊപ്പം താമസിപ്പിച്ചിരുന്നു, കഞ്ഞി വെക്കാന്‍ വരെ ഉഷക്ക് കൂട്ടായിരുന്നു; ബിനീഷിനെക്കുറിച്ച് പിസി ജോര്‍ജ്ജ്
X

ബിനീഷ് കോടിയേരിയെ വേട്ടയാടേണ്ടതില്ലെന്ന് പൂഞ്ഞാർ മുന്‍ എംഎല്‍എ പിസി ജോർജ്. ബിനീഷിനെ തനിക്ക് വ്യക്തിപരമായി തന്നെ അറിയാമെന്നും 'കുഴിയില്‍ വീണ പന്നിക്ക് കല്ലും തടിയെന്നപോലെയാണ്' ബിനീഷിനെ താറടിക്കുന്നതെന്നും പിസി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു. കണ്ണൂരുകാരുടെ രക്തത്തിന് ഇത്തിരി ചൂട് കൂടുതലാ, അതിന്റേതായ കുഴപ്പത്തിനപ്പുറം ബിനീഷിന് മറ്റു ദൂഷ്യങ്ങളൊന്നുമില്ലെന്നും പിസി കൂട്ടിചേര്‍ത്തു. ബിനീഷ് കോടിയേരിയും പിസി ജോര്‍ജ്ജും നീനു മോഹന്‍ദാസും ചേര്‍ന്ന് എറണാകുളം ഹൈക്കോടതിയില്‍ പ്രക്ടീസ് തുടങ്ങിയ പശ്ചാത്തലത്തില്‍ കൂടിയാണ് പ്രതികരണം.

പിസി ജോര്‍ജിന്റെ വാക്കുകള്‍-

'കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരി എന്ന ചെറുക്കന്‍ നല്ല ചെറുക്കനാ. അവനെപറ്റി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് അറിയാവുന്നത്ര ആര്‍ക്കും അറിയില്ല. കണ്ണൂരുകാരുടെ രക്തത്തിന് ഇത്തിരി ചൂട് കൂടുതല, അതിന്റേതായ കുഴപ്പത്തിനപ്പുറം കൂടുതലൊന്നുല്ല. പഠിക്കുന്നകാലം മുതല്‍ അങ്ങനെയാ.

എകെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇവരെ അറസ്റ്റ് ചെയ്യാന്‍ നിന്നത്. അന്ന് ഇവന്റെ അമ്മ കരഞ്ഞു. കോടിയേരി മിണ്ടാതിരുന്നു. മടുത്തപ്പോള്‍ ഞാന്‍ ഈരാറ്റുപേട്ട കൊണ്ടുപോയി മൂന്നുമാസം എന്റൊപ്പം താമസിപ്പിച്ചു. നല്ല പയ്യനാ. കഞ്ഞി വെക്കാന്‍ വരെ ഉഷക്ക് കൂട്ടായിരുന്നു. പാവം ചെറുക്കനാ.

അവന്‍ പണം ഉണ്ടാക്കാന്‍ പോയി. കുറ്റം പറയാന്‍ പറ്റുമോ. ഒരു വര്‍ഷം കര്‍ണ്ണാടകയില്‍ ജയിലില്‍ കിടന്നിട്ട് എന്തെങ്കിലും തെളിയിക്കാന്‍ കഴിഞ്ഞോ. ഷോണ്‍ രണ്ട് വര്‍ഷമായി പാലാ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്. ഞാന്‍ ഉദ്ഘാടനം ചെയ്ത് അരമണിക്കൂര്‍ കൊണ്ടുതന്നെ നാല് കേസ് കിട്ടിയിട്ടുണ്ട്. പിള്ളേരുടെ തൊഴില്‍ നടക്കും. പിള്ളേരൊക്കെ നന്നായി വരട്ടെ.

അവരെല്ലാം ഒരുമിച്ച് പഠിച്ചവരാ. എംഎല്‍എ ക്വാട്ടേഴ്‌സില്‍ മൂന്നുപേരും വരാറുണ്ട്. വ്യത്യസ്തരാഷ്ട്രീയക്കാരായാല്‍ എന്താ. കോടിയേരി വരാതിരുന്നത് സമ്മേളനകാലമായതിനാലാണ്. നല്ല ചെറുപ്പക്കാരനെക്കുറിച്ച് നെഗറ്റീവ് ഇമേജ് ഉണ്ടാക്കരുത്. അതുകൊണ്ട് തന്നെയാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. കുഴിയില്‍ വീണ പന്നിക്ക് കല്ലും തടിയെന്നപോലെയാണ്.'



Next Story