Top

കസ്റ്റഡിയില്‍ മരിച്ച രഞ്ജിത്തിനെ പിടികൂടാന്‍ നിര്‍ദ്ദേശം നല്‍കിയത് ജിജു ജോസ്; ദിലീപിന്റെ ഫോണില്‍ നിന്ന് വീണ്ടെടുത്ത ശബ്ദരേഖയില്‍ പരാമര്‍ശിച്ച പാവറട്ടി കേസിന്റെ നാള്‍വഴി

2019 ഒക്ടോബര്‍ 19 നായിരുന്നു ശബ്ദശകലത്തില്‍ പരാമര്‍ശിക്കുന്ന പാവറട്ടി കസ്റ്റഡി മരണ കേസിന് ആസ്പദമായ സംഭവം നടന്നത്

26 April 2022 6:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കസ്റ്റഡിയില്‍ മരിച്ച രഞ്ജിത്തിനെ പിടികൂടാന്‍ നിര്‍ദ്ദേശം നല്‍കിയത് ജിജു ജോസ്; ദിലീപിന്റെ ഫോണില്‍ നിന്ന് വീണ്ടെടുത്ത ശബ്ദരേഖയില്‍ പരാമര്‍ശിച്ച പാവറട്ടി കേസിന്റെ നാള്‍വഴി
X

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപും സംഘവും ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ ശബ്ദശകലത്തില്‍ പാവറട്ടി കേസിനെകുറിച്ചും പരാമര്‍ശം. ദിലീപിന്റെ ഫോണില്‍ നിന്നും കണ്ടെടുത്ത ശബ്ദ ശകലത്തിലാണ് പാവറട്ടി കസ്റ്റഡി മരണത്തെകുറിച്ചും എക്‌സൈസ് ഉദ്യോഗസ്ഥന്‍ ജിജു ജോസിനെകുറിച്ചും പരാമര്‍ശിക്കുന്നത്. ദിലീപിന്റെ കേസ് കൈമാറിയിട്ടുള്ള കോടതിയിലെ ജഡ്ജി, എക്‌സൈസ് ഉദ്യോഗസ്ഥനായ ജിജുവിന്റെ (ജിജു ജോസ്) ഭാര്യയാണെന്നാണ് പറയുന്നത്. ഇത് ശബ്ദരേഖയില്‍ കേള്‍ക്കാം. ലോക്കപ്പ് മര്‍ദ്ദന മരണത്തില്‍ ഏറ്റവും കൂടുതല്‍ ആരോപണം വന്നിരിക്കുന്നത് ജിജുവിനെതിരെയാണെന്നും ശബ്ദശകലത്തില്‍ പറയുന്നുണ്ട്. ദിലീപ് ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കിയ മുംബൈ ലാബില്‍ നിന്നുള്ള കൂടുതല്‍ തെളിവുകളാണ് റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചിരിക്കുന്നത്.

2019 ഒക്ടോബര്‍ 19 നായിരുന്നു പാവറട്ടി കസ്റ്റഡി മരണ കേസിന് ആസ്പദമായ സംഭവം നടന്നത്. ഇതില്‍ എട്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ എക്‌സൈസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായിരുന്നില്ല. അതില്‍ ഒരാള്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ ജിജു ജോസായിരുന്നു. രഞ്ജിത്തിനെ പിടികൂടാനുള്ള നിര്‍ദേശം സംഘത്തിന് നല്‍കിയ ഉദ്യോഗസ്ഥനാണ് ജിജു ജോസഫ്. എന്നാല്‍ കേസിന്‍റെ ഒരു ഘട്ടത്തിലും ആരോപണവിധേയനായോ പ്രതിപ്പട്ടികയിലോ ജിജു ജോസഫിന്‍റെ പേര് പരാമർശിക്കുന്നില്ല. സിപിഐഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന്റെ മരുമകന്‍ കൂടിയാണ് ജിജു ജോസ്.

പാവറട്ടി കേസിന്റെ നാള്‍വഴി-

-2019 ഒക്ടോബര്‍ ഒന്നാം തിയ്യതിയാണ് കഞ്ചാവ് കൈവശം വെച്ചെന്നാരോപിച്ച് തൃശൂര്‍ ജില്ലയിലെ പാവറട്ടിയില്‍ രഞ്ജിത്ത് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഗുരുവായൂരില്‍വെച്ചാണ് രണ്ട് കിലോ കഞ്ചാവുമായി രജ്ഞിത്തിനെ സംഘം പിടികൂടിയത്. പിന്നീട് എക്‌സൈസ് കസ്റ്റഡിയില്‍ വെച്ച് യുവാവ് മരണപ്പെട്ടുവെന്ന വാര്‍ത്തയാണ് പുറത്ത് വന്നത്.

-കസ്റ്റഡിയിലെടുത്ത വാഹനത്തില്‍വെച്ച് രജ്ഞിത്ത് അപസ്മാര ലക്ഷണം കാണിച്ചപ്പോള്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചുവെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മൊഴി. ഇതിനെതിരെ അന്ന് രജ്ഞിതിന്റെ മുന്‍ ഭാര്യ രംഗത്തെത്തി. മൊഴിയില്‍ ദുരൂഹതയുണ്ടെന്നും മുമ്പൊരിക്കലും അപസ്മാരം ഉണ്ടായിട്ടില്ലെന്ന് ഭാര്യ പറഞ്ഞു.

-പോസ്റ്റ് മോര്‍ട്ടത്തില്‍ യുവാവിന്റെ ശരീരത്തില്‍ പന്ത്രണ്ടോളം ക്ഷതങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തി. മര്‍ദ്ദനമേറ്റാണ് മരണമെന്നും ആന്തരിക രക്തസ്രവം മരണത്തില്‍ കലാശിച്ചെന്നുമായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. രഞ്ജിത്തിന്റെ തലയില്‍ കണ്ടെത്തിയ ക്ഷതം മരണകാരണമായേക്കാമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.

-പിന്നീട് എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച്ചയുണ്ടായെന്ന് എക്‌സൈസ് വകുപ്പ് കണ്ടെത്തി. ആരോപണ വിധേയരായ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കസ്റ്റഡിയില്‍ എടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തത്. യുവാവ് മരിച്ചത് മര്‍ദനത്തെ തുടര്‍ന്നാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഗുരുവായൂര്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനായിരുന്നു കേസിന്റെ ചുമതല.

-ഇതിന് പുറമേ വകുപ്പുതല നടപടി സ്വീകരിക്കാന്‍ അഡിഷണല്‍ എക്‌സൈസ് കമ്മീഷറും ശുപാര്‍ശ ചെയ്തിരുന്നു.

- സംഭവത്തില്‍ എട്ട് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന പ്രിവന്റീവ് ഓഫീസര്‍മാരായ വി എ ഉമ്മര്‍, എം ജി അനൂപ്കുമാര്‍, അബ്ദുള്‍ ജബ്ബാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിധിന്‍ എം മാധവന്‍, വി എം സ്മിബിന്‍, എം ഒ ബെന്നി, മഹേഷ്, എക്‌സൈസ് ഡ്രൈവര്‍ വി ബി ശ്രീജിത്ത് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രതിയെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയ ജീപ്പ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. രഞ്ജിത്തിനെ പിടികൂടാനുള്ള നിര്‍ദേശം സംഘത്തിന് നല്‍കിയ സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജു ജോസായായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിനെതിരെ നടപടിയുണ്ടായിരുന്നില്ല.

-മൂന്ന് പ്രിവന്റീവ് ഓഫീസര്‍മാര്‍, നാല് സിവില്‍ ഓഫീസര്‍മാര്‍, ഡ്രൈവര്‍ എന്നിവരാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പ്രിവന്റീവ് ഓഫീസര്‍മാരാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത്. ഇവരാണ് രഞ്ജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാല്‍, കേസില്‍ പ്രതിയാകുമെന്ന് ഉറപ്പായതോടെ ഇവര്‍ ഒളിവില്‍ പോയി.

-പിന്നീട് ഗുരുവായൂര്‍ എസിപി ബിജു ഭാസ്‌കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസില്‍ അന്വേഷണം ആരംഭിച്ചു. പിന്നീട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടീസ് നല്‍കിയെങ്കിലും ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് എക്‌സൈസ് വകുപ്പ് നോട്ടീസും നല്‍കി. അടുത്ത നടപടികളിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

- അടുത്ത ദിവസങ്ങളിലായി കേസില്‍ മൂന്ന് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുള്‍ ജബ്ബാര്‍, എംജി അനൂപ് കുമാര്‍, എക്‌സൈസ് ഓഫീസര്‍ നിധിന്‍ എം മാധവ് എന്നിവരാണ് അറസ്റ്റിലായത്. പിന്നീട് കേസിലെ മുഖ്യപ്രതി വി എ ഉമ്മര്‍ കീഴടങ്ങി. ഇതോടെ കേസിലെ ഏഴ് പ്രതികളും പിടിയിലായി.

-ഒക്ടോബര്‍ 12 നാണ് കസ്റ്റഡി മരണകേസില്‍ അന്വേഷണം സിബിഐക്ക് വിടാന്‍ മന്ത്രിസഭാ തീരുമാനിച്ചത്. സുപ്രീംകോടതി വിധി പ്രകാരമായിരുന്നു നടപടി. ജൂലൈ 30 സിബിഐ കേസെടുത്തു. ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ എറണാകുളം സിജെഎം കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.

- 2020 ഫെബ്രുവരി 8ന് സിബിഐ കുറ്റപത്രം നല്‍കി. ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഗുരുവായൂരില്‍ വച്ച് രണ്ട് കിലോ കഞ്ചാവുമായി കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് സിബിഐ കുറ്റപത്രം. അനൂപ് കുമാര്‍, നിധിന്‍, അബ്ദുള്‍ ജബ്ബാര്‍, ഉമ്മര്‍, മഹേഷ്, സ്മിബിന്‍, ബെന്നി എന്നിവരാണ് പ്രതികള്‍. ഇതില്‍ അബ്ദുള്‍ ജബ്ബാര്‍, ഉമ്മര്‍, മഹേഷ്, സ്മിബിന്‍ എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. മറ്റുള്ളവര്‍ക്കെതിരെ അന്യായമായി തടങ്കലില്‍ വയ്ക്കല്‍, വ്യാജരേഖയുണ്ടാക്കല്‍ എന്നിവയാണ് ചുമത്തിയത്.

-2021 ജൂണ്‍ 12 ന് ത സസ്‌പെന്‍ഷനില്‍ കഴിയുന്ന ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടു. സിബിഐ കുറ്റക്കാരെന്ന് കണ്ടെത്തിയ ഉമ്മര്‍, അനൂപ് കുമാര്‍, അബ്ദുല്‍ ജബ്ബാര്‍, എന്നിവരുള്‍പ്പെടെ എട്ട് ഉദ്യോഗസ്ഥരെയാണ് തിരിച്ചെടുത്തത്. പല ജില്ലകളിലേക്കാണ് ഇവരെ സ്ഥലം മാറ്റി നിയമിച്ചത്. സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ഇവരുടെ അപേക്ഷ പരിഗണിച്ചാണ് നടപടി.

Next Story