Top

പാവറട്ടി കസ്റ്റഡി മരണം: രഞ്ജിത്തിനെ പിടിക്കാന്‍ നിര്‍ദ്ദേശിച്ചത് ജിജു ജോസ്; മര്‍ദ്ദനവും അറിവോടെയെന്ന് സൂചന

ടീമിന്റെ ചുമതലയുള്ള ജിജു ജോസിന്റെ ഇടപെടലിനേക്കുറിച്ച് എക്‌സൈസ് ഉദ്യോഗസ്ഥര്‍ തന്നെ തുറന്നുപറഞ്ഞിട്ടും ജിജു എന്തുകൊണ്ട് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവായി എന്ന ചോദ്യം നിലനില്‍ക്കുകയാണ്.

30 April 2022 8:08 AM GMT
ആർ രോഷിപാൽ

പാവറട്ടി കസ്റ്റഡി മരണം: രഞ്ജിത്തിനെ പിടിക്കാന്‍ നിര്‍ദ്ദേശിച്ചത് ജിജു ജോസ്; മര്‍ദ്ദനവും അറിവോടെയെന്ന് സൂചന
X

തിരുവനന്തപുരം: പാവറട്ടിയില്‍ എക്‌സൈസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രഞ്ജിത്തിനെ പിടികൂടിയത് അന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന ജിജു ജോസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നെന്ന് സിബിഐ റിപ്പോര്‍ട്ടില്‍. രഞ്ജിത് കുമാറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചതും ജിജു ജോസിന്റെ അറിവോടെയാണെന്ന് സിബിഐ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങളില്‍ സൂചനയുണ്ട്. കസ്റ്റഡിയില്‍ എടുത്ത വിവരം അന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന ജിജു ജോസിനെ അറിയിച്ചെന്ന് എക്‌സൈസ് ഉദ്യോഗസ്ഥരുടെ മൊഴിയുണ്ട്. രഞ്ജിത് കുമാറിനെ ജീപ്പില്‍ കയറ്റി കൊണ്ടുവരാന്‍ സിഐ നിര്‍ദ്ദേശിച്ചെന്നും ഇതിനേത്തുടര്‍ന്നാണ് ജീപ്പില്‍ കയറ്റി കൂടുതല്‍ പരിശോധനയ്ക്കായി 'ചുറ്റിക്കറങ്ങിയതെ'ന്നും എക്‌സൈസ് ഉദ്യോഗസ്ഥന്‍ വി എ ഉമ്മര്‍, പാവറട്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍ എ ഫൈസലിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. ടീമിന്റെ ചുമതലയുള്ള ജിജു ജോസിന്റെ ഇടപെടലിനേക്കുറിച്ച് എക്‌സൈസ് ഉദ്യോഗസ്ഥര്‍ തന്നെ തുറന്നുപറഞ്ഞിട്ടും ജിജു എന്തുകൊണ്ട് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവായി എന്ന ചോദ്യം നിലനില്‍ക്കുകയാണ്.

പാവറട്ടി എക്‌സൈസ് കസ്റ്റഡി മരണക്കേസ് ഉപയോഗിച്ച് നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ദിലീപും സംഘവും ശ്രമിച്ചതായി സൂചനയുണ്ട്. ദിലീപിന്റെ ഫോണില്‍ നിന്നും വീണ്ടെടുത്ത ശബ്ദരേഖ ഇതില്‍ നിര്‍ണായക തെളിവാകും. പാവറട്ടി കേസില്‍ ആരോപണം നേരിടുന്ന സിഐ ജഡ്ജിയുടെ ഭര്‍ത്താവാണെന്നും ഈ ജഡ്ജിയുമായി ആത്മബന്ധം നിലനിര്‍ത്താനായെന്നുമാണ് ശബ്ദരേഖയിലുള്ളത്. 'തേടിയ വള്ളി കാലില്‍ ചുറ്റി' എന്ന് പരാമര്‍ശത്തോടെയാണ് സംഭാഷണം ആരംഭിക്കുന്നത്. ശബ്ദരേഖയില്‍ പ്രതിപാദിക്കുന്ന അഭിഭാഷകനായ സന്തോഷിന്റെ ബന്ധങ്ങളും അന്വേഷണ സംഘം പരിശോധിക്കും. ശബ്ദരേഖ ഉടന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. കേസില്‍ ആരോപണ വിധേയനായ ജഡ്ജിയുടെ ഭര്‍ത്താവ് ജിജു ജോസുമായുള്ള ദിലീപിന്റെ ബന്ധങ്ങള്‍ പരിശോധിക്കും. ശബ്ദരേഖയില്‍ പ്രതിപാദിക്കുന്ന അഭിഭാഷകന്‍ സന്തോഷിനെ ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ജഡ്ജി സന്തോഷിനെ ഫോണില്‍ വിളിച്ച് ആശങ്ക അറിയിച്ചു എന്ന് ശബ്ദ രേഖയില്‍ അവകാശപ്പെടുന്നുണ്ട്. നടിയെ ആക്രമിച്ച കേസിന് പാവറട്ടി കേസ് സഹായകരമാകുമെന്നും ശബ്ദരേഖയിലുണ്ട്.

രഞ്ജിത്തിനെ ജിജു ജോസിന്റെ നിര്‍ദ്ദേശ പ്രകാരം കസ്റ്റഡിയിലെടുത്ത ശേഷം പരിശോധനയ്ക്കായി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയെന്ന് ഉമ്മറുടെ മൊഴിയിലുണ്ട്. വിവരങ്ങളൊന്നും കിട്ടാതെ വന്നതിനേത്തുടര്‍ന്ന് തൃശൂര്‍ എക്‌സൈസ് ഓഫീസിലേക്ക് പോകുന്നതിനിടെ രഞ്ജിത് കുമാര്‍ അപസ്മാര ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് അവശനായെന്നും ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ മരിച്ചതായി കണ്ടെത്തിയെന്നുമാണ് എക്‌സൈസ് ഉദ്യോഗസ്ഥന്‍ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍, രഞ്ജിത് കുമാറിനെ കള്ള് കോണ്‍ട്രാക്ടറുടെ ഓഫീസിരിക്കുന്ന കെട്ടിടത്തില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയാണുണ്ടായതെന്ന് സിബിഐ കണ്ടെത്തി.

സിബിഐ പറയുന്നത്

'2019 ഒക്ടോബര്‍ ഒന്നിനാണ് 1.95 കിലോഗ്രാം കഞ്ചാവുമായി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രഞ്ജിത്തിനെ കസ്റ്റഡിയിലെടുക്കുന്നത്. ഉച്ചയ്ക്ക് രണ്ടരയോടെ ഗുരുവായൂരിലെ കനിഷ്‌ക് ജംഗ്ഷനില്‍ വെച്ച് രഞ്ജിത്തിനേയും ബൈക്കും കസ്റ്റഡിയിലെടുത്തു. അറസ്റ്റിന് ശേഷം രഞ്ജിത് കുമാറിനെ ഏക്‌സൈസ് ജീപ്പില്‍ ചാവക്കാട് റേഞ്ചിലുള്ള ഒരു കള്ള് കോണ്‍ട്രാക്ടറുടെ ഓഫീസിരിക്കുന്ന കെട്ടിടത്തിലേക്ക് കൊണ്ടുപോയി. കൂടുതല്‍ കഞ്ചാവ് കണ്ടെടുക്കാനും കുറ്റസമ്മതമൊഴിയെടുക്കാനും വേണ്ടിയായിരുന്നു എലവള്ളി പഞ്ചായത്തിലെ ഈ ഇടത്തേക്ക് പോയത്. പ്രതികളായ എല്ലാ എക്‌സൈസ് ഉദ്യോഗസ്ഥരും മൂന്ന് മണിയോടെ അവിടെയത്തി. എക്‌സൈസ് ഉദ്യോഗസ്ഥന്‍ കെ യു ഉമ്മറിന്റെ നേതൃത്വത്തിലുള്ള ടീം രഞ്ജിത്തിനെ നിയമവിരുദ്ധമായി ഒരു മുറിയില്‍ തടങ്കലിലാക്കി. ശാരീരികമായി പീഡിപ്പിച്ചുകൊണ്ടിരുന്നു. കുറ്റ സമ്മതമൊഴിയും കൂടുതല്‍ കഞ്ചാവ് കണ്ടെടുക്കലുമായിരുന്നു ലക്ഷ്യം. രഞ്ജിത് കുമാര്‍ ചോദ്യം ചെയ്യലിനിടെ കുഴഞ്ഞുവീണു. ഇയാളെ 4.25ന് പാവറട്ടി സാന്‍ജോസ് ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാര്‍ ഇയാള്‍ മരണപ്പെട്ടതായി അറിയിച്ചു.'

മരണകാരണം മര്‍ദ്ദനമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടെന്നും സിബിഐയുടെ പ്രാഥമികാന്വേഷണത്തില്‍ പറയുന്നു. 'പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ 54കാരനായ രഞ്ജിത്ത് കുമാറിന്റെ തലയിലും ഉടലിലും ഏറ്റ മാരക പരുക്കുകളാണ് മരണകാരണമെന്ന് ചൂണ്ടിക്കാണിക്കുന്നു. തലയിലും ഉടലിലുമായി മാരകമായ 12 ക്ഷതങ്ങള്‍ ഏറ്റെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ഈ പരുക്കുകളാണ് മരണത്തിലേക്ക് നയിച്ചതെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി.'

എക്‌സൈസ് പ്രവന്റീവ് ഓഫീസര്‍ വി എ ഉമ്മറിന്റെ മൊഴി

ടിയാന്റെ ബാഗ് തുറന്ന് പരിശോധിച്ചതില്‍ ഉദ്ദേശം രണ്ട് കിലോ തൂക്കം വരുന്ന കഞ്ചാവ് കാണപ്പെട്ടിട്ടുള്ളതും ടി വിവരം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ അറിയിച്ച സമയം ടിയാനെ ജീപ്പില്‍ കയറ്റിക്കൊണ്ടുവരാന്‍ പറഞ്ഞതിനേത്തുടര്‍ന്ന് ടിയാനെ ജീപ്പില്‍ കയറ്റി കൂടുതല്‍ പരിശോധനയ്ക്കായി രഞ്ജിത്ത് കുമാര്‍ പറഞ്ഞ വിവരങ്ങള്‍ അനുസരിച്ച് വിവിധ സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങിയെങ്കിലും ഫലപ്രദമായ വിവരങ്ങളൊന്നും കിട്ടിയില്ല. തുടര്‍ന്ന് തൃശൂര്‍ ജില്ലാ എക്‌സൈസ് ഓഫീസിലേക്ക് പോകുവാനായി കാഞ്ഞാണി വഴി വരവെ മുല്ലശ്ശേരി കുമ്പുള്ളി പാലം കഴിഞ്ഞയുടനെ രഞ്ജിത് കുമാര്‍ അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഞങ്ങള്‍ വണ്ടി നിര്‍ത്തി നോക്കിയപ്പോള്‍ അവന്‍ കൂടുതല്‍ അവശനായി കാണപ്പെട്ടപ്പോള്‍ വണ്ടി തിരിച്ച് അടുത്തുള്ള പാവറട്ടി സാന്‍ജോസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൈകി 4.25 മണിയോടെ ഡോക്ടര്‍ പരിശോധിച്ചതില്‍ ടിയാന്‍ മരണപ്പെട്ടതായി അറിയിച്ചു. മരണപ്പെട്ട രഞ്ജിത്ത് കുമാറിന്റെ ബോഡി പാവറട്ടി സാന്‍ജോസ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവസ്ഥലം പാവറട്ടി പൊലീസ് സ്റ്റേഷനില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ വടക്ക് ആണ്.

Story Highlights: Pavaratty custodial death CBI fir hints excise inspector jiju jose may have known about the torture

Next Story

Popular Stories