Top

എന്തുകൊണ്ടാണ് കേരളത്തിലെ റോഡുകളില്‍ കുഴിയുണ്ടാകുന്നത്?; മഴയുടെ പാറ്റേണിനും പങ്കെന്ന് മുരളി തുമ്മാരുകുടി

"ഇപ്പോഴുള്ള റോഡിന്റെ പത്തിലൊന്ന് പോലും അപ്ഗ്രേഡ് ചെയ്ത് കൊണ്ട് നടക്കാൻ കഴിയില്ല എന്നത് ഒരു സാന്പത്തിക യാഥാർഥ്യമാണ്."

17 Sep 2022 3:25 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്തുകൊണ്ടാണ് കേരളത്തിലെ റോഡുകളില്‍ കുഴിയുണ്ടാകുന്നത്?; മഴയുടെ പാറ്റേണിനും പങ്കെന്ന് മുരളി തുമ്മാരുകുടി
X

കോട്ടയം: കേരളത്തിലെ റോഡുകളില്‍ പെട്ടെന്ന് തന്നെ ഗട്ടറുകള്‍ രൂപപ്പെടുന്നതില്‍ മഴ പെയ്യുന്ന പാറ്റേണിനും പങ്കുണ്ടെന്ന് യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. കേരളത്തിലെ റോഡുകള്‍ തകരുന്നതിന് അതിതീവ്ര മഴ ഒരു കാരണമാണെന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ടാണ് തുമ്മാരുകുടിയുടെ പ്രതികരണം. പൊതുനിര്‍മ്മാണരംഗത്തെ അഴിമതി ഇല്ലാതായത് കൊണ്ട് മാത്രം റോഡിലെ കുഴി ഇല്ലാതാകില്ലെന്ന് മുരളി തുമ്മാരുകുടി പറയുന്നു.

'അഴിമതിയൊന്നും ഇല്ലാത്ത രാജ്യങ്ങളിലും റോഡുകളില്‍ കുഴിയുണ്ട്. ലോകത്ത് മറ്റൊരിടത്തും റോഡില്‍ കുഴിയില്ല എന്നൊക്കെ പറയുന്നത് വെറുതയാണ്. റോഡുണ്ടാക്കിയ സ്ഥലത്തിന്റെ ഭൂപ്രകൃതി, റോഡുള്ള പ്രദേശത്തിന്റെ കാലാവസ്ഥ, റോഡിന്റെ ഡിസൈന്‍, റോഡ് നിര്‍മ്മാണത്തിന്റെ രീതി ഇതൊക്കെ കുഴിയുണ്ടാകാന്‍ കാരണമാണ്. കേരളത്തിലെ ഭൂപ്രകൃതിയും കാലാവസ്ഥയും റോഡുകള്‍ വേഗത്തില്‍ കേടാവാന്‍ ഇടയാക്കുന്നതാണ്. കേരളം പോലത്തെ കാലാവസ്ഥയുള്ള സ്ഥലങ്ങളില്‍ കുഴിയില്ലാത്ത റോഡുകള്‍ ഇല്ലേ എന്ന് ആളുകള്‍ ചോദിക്കാറുണ്ട്. ഉണ്ട്. സിംഗപ്പൂരിലും മലേഷ്യയിലും ഒക്കെ നമുക്ക് സമാനമായ കാലാവസ്ഥയാണ്. പക്ഷെ അവിടെ ഒന്നും ഇത്തരത്തില്‍ ഉള്ള കുഴികള്‍ ഒന്നും കാണാറില്ല,' മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ കുറിച്ചു.

"കേരളത്തിലെ റോഡുകളുടെ ഒരു പ്രത്യേകത അതിൽ ഒന്ന് പോലും ഒരു ഹൈവേ ആയി മുൻകൂട്ടി പ്ലാൻ ചെയ്തതല്ല എന്നതാണ്. പണ്ടുണ്ടായിരുന്ന നട്ടുവഴികൾ പിന്നീട് വീതികൂട്ടി ഇടിച്ചുറപ്പിച്ച് കാളവണ്ടിക്ക് ഒക്കെ പോകാവുന്ന തരത്തിലാക്കി. മോട്ടോർ വാഹനങ്ങൾ വന്ന കാലത്ത് അതിൽ മെറ്റൽ ഇട്ടു റോഡുകൾ ആക്കി, കൂടുതൽ ബലവത്താക്കി. പിന്നീട് ടാറിങ്ങ് ചെയ്തു, കുറച്ചൊക്കെ കോൺക്രീറ്റ് ആക്കി. ഇപ്പോൾ കുറച്ചിടങ്ങളിൽ ടൈൽ ഇടുന്നു. ഇക്കാരണങ്ങൾ കൊണ്ടാണ് ഇടനാട്ടിലും തീരപ്രദേശത്തും പോലും നമ്മുടെ ഹൈവേകൾ പോലും വളഞ്ഞും പുളഞ്ഞും പോകുന്നത്.

ആധുനിക വാഹനങ്ങൾക്ക് ഉതകുന്ന റോഡുകൾ ഉണ്ടാക്കേണ്ടത് ഇങ്ങനെയല്ല. വാഹനങ്ങളുടെ എണ്ണവും ഭാരവും മണ്ണിന്റെ പ്രകൃതിയും വെള്ളത്തിന്റെ നിരപ്പും ഒക്കെ അറിഞ്ഞ്, വേണ്ടവിധത്തിൽ അടിയിൽ നിന്നും തന്നെ കെട്ടിപ്പൊക്കി വേണം റോഡുകൾ ഉണ്ടാക്കാൻ. അതിന് വലിയ ചിലവുണ്ട്. നിലവിലുള്ള റോഡുകൾ ഡിസൈൻ റോഡ് ആക്കിയെടുക്കണമെങ്കിൽ പുതിയ റോഡ് ഉണ്ടാക്കുന്നതിനേക്കാൾ ചിലവുണ്ടാകും, കാരണം പഴയതൊക്കെ കുത്തിയിളക്കി കളഞ്ഞിട്ട് വേണം പുതിയതാക്കാൻ.

ഇങ്ങനെയൊക്കെ തീർച്ചയായും ചെയ്യാമെങ്കിലും കേരളത്തിലാകമാനം ഇത്തരം റോഡുകൾ മാത്രം ഉണ്ടാക്കുമെന്ന് വച്ചാൽ ഇപ്പോഴുള്ള റോഡിന്റെ പത്തിലൊന്ന് പോലും അപ്ഗ്രേഡ് ചെയ്ത് കൊണ്ട് നടക്കാൻ കഴിയില്ല എന്നത് ഒരു സാന്പത്തിക യാഥാർഥ്യമാണ്.

ഇതിനൊക്കെ പുറമെയാണ് കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന വെല്ലുവിളികൾ. ലോകത്തെല്ലായിടത്തും മഴയുടെ രീതികൾ മാറുകയാണ്. മൊത്തം മഴയുടെ അളവ് കുറയുന്നിടങ്ങളിൽ പോലും മഴയുടെ സാന്ദ്രത വർദ്ധിക്കുകയാണ്. ഉള്ള മഴ കുറച്ചു നേരത്തിൽ പെയ്യുന്നതിനാൽ പ്രാദേശികമായി വെള്ളക്കെട്ടുകളും മണ്ണടിച്ചിലും ഉണ്ടാകുന്നു. ഒരു ദിവസം കഴിഞ്ഞാൽ പിന്നെ വെള്ളമൊന്നും ബാക്കിയില്ല താനും. മഴക്കാലം കഴിയുന്പോൾ പതിവിലും കുറവായിരുന്നു മഴ എന്നൊക്കെ കേൾക്കാം. ചിലപ്പോൾ ആകട്ടെ ഇത്തരത്തിൽ പ്രാദേശികമായി വെള്ളപ്പൊക്കം ഉണ്ടായ സ്ഥലങ്ങളിൽ ആ വർഷത്തിൽ തന്നെ വരൾച്ചയും ഉണ്ടാകുന്നു. ഇത് കാലാവസ്ഥ ശാസ്ത്രജ്ഞർ ഐ.പി.സി.സി. യുടെ 2012 ൽ സ്പെഷ്യൽ റിപ്പോർട്ട് ഓൺ എക്സ്ട്രീം ഇവെന്റ്സ് (SREX 2012) ൽ കൃത്യമായി പറഞ്ഞതാണ്. ഏറ്റവും പുതിയ ഐ.പി.സി.സി. റിപ്പോർട്ടിൽ ഇക്കാര്യം കൃത്യമായി വീണ്ടും പറഞ്ഞിട്ടുണ്ട്. ("The frequency and intensity of heavy precipitation events have increased since the 1950s over most land area for which observational data are sufficient for trend analysis (high confidence) (IPCC 6th Assessment Report"). കേരളത്തിലെ മഴയുടെ കണക്കുകളും നമ്മുടെ ചുറ്റും പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കങ്ങളും ഇത് കൃത്യമായി സൂചിപ്പിക്കുന്നുണ്ട്.

ഇത്തരത്തിൽ പെയ്യുന്ന മഴകൾ ലോകത്തെവിടെയും റോഡ് നിർമ്മിക്കുന്നവർക്കും, കൊണ്ടുനടക്കുന്നവർക്കും പുതിയ വെല്ലുവിളികൾ ഉണ്ടാക്കുകയാണ്. ഇത് കേരളത്തിലെ മാത്രം കാര്യമല്ല. കാലാവസ്ഥ വ്യതിയാനം റോഡ് നിർമ്മാണത്തെ ബാധിക്കുന്നത് മഴകൊണ്ട് മാത്രവുമല്ല. ചൂട് കൂടുന്നതും തണുപ്പ് കൂടുന്നതും റോഡ് നിർമ്മാണത്തെ ബാധിക്കും. ഈ വിഷയത്തിൽ വിദഗ്ദ്ധർ ഏറെ പഠനങ്ങൾ നടത്തുന്നുണ്ട്. റോഡ് നിർമ്മാണ രീതികളിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. യൂറോപ്യൻ യൂണിയനിൽ റോഡുകൾ കാലാവസ്ഥ വ്യതിയാനത്തിന് തയ്യാറെടുക്കാൻ വേണ്ടി മാത്രം ഒരു പ്രൊജക്റ്റ് ഉണ്ട് (Roads for today adapted for tomorrow (ROADAPT)

ഈ സാഹചര്യത്തിൽ "കാലാവസ്ഥയെ പ്രതിരോധിക്കുന്ന നിർമ്മാണ രീതികൾ"എന്ന വിഷയത്തിൽ കേരളത്തിൽ സെമിനാർ സംഘടിപ്പിച്ചു എന്നറിയുന്നത് നല്ല കാര്യമാണ്. മഴയുടെ മാറുന്ന രീതികളെ പറ്റി പൊതുമരാമത്ത് മന്ത്രി ശ്രീ. മുഹമ്മദ് റിയാസ് അവിടെ സംസാരിച്ചിട്ടുണ്ട്. ഇത് എൻജിനീയർമാർ ശ്രദ്ധിക്കേണ്ടതാണ്. ലോകത്ത് ഈ വിഷയത്തിലുള്ള ചർച്ചകളും നിർദ്ദേശങ്ങളും മാർഗ്ഗരേഖകളും നമ്മൾ അറിയണം, നടപ്പിലാക്കണം.

അതേസമയം തന്നെ കേരളത്തിലെ റോഡിലെ കുഴികളുടെ ഉത്തരവാദിത്തം മുഴുവൻ കാലാവസ്ഥ വ്യതിയാനത്തിന് മേൽ കെട്ടിവെച്ച്, പഴയ നിർമ്മാണ രീതികളും, അതിനിടയിൽ അഴിമതിയും നടത്തി മുന്നോട്ട് പോകുന്നതും ശരിയല്ല. ഈ വിഷയത്തിൽ കോടതി ശക്തമായി ഇടപെടുന്നുണ്ട്, മന്ത്രിക്കും ഇക്കാര്യത്തിൽ ശ്രദ്ധ വേണം.

കാലാവസ്ഥ വ്യതിയാനം കേരളത്തിനോട് എന്താണ് ചെയ്യാൻ പോകുന്നത് എന്നതിലും, അതിന് കേരളം എങ്ങനെയാണ് തയ്യാറെടുക്കുന്നത് എന്നതിലും കോടതിയുടെ ശ്രദ്ധ വേണം. കാരണം, ഹൈക്കോടതി തന്നെ വെള്ളം പൊങ്ങാൻ പോകുന്ന സ്ഥലത്താണിരിക്കുന്നത്," മുരളി തുമ്മാരുകുടി കൂട്ടിച്ചേര്‍ത്തു.

STORY HIGHLIGHTS: pattern of rain is a reason for pot holes says Muralee Thummarukudy

Next Story