Top

'ബിരിയാണി കിട്ടിയില്ല'; പരാതിപ്പെട്ട വിദ്യാര്‍ഥി സമരത്തിന് പോയിട്ടില്ലെന്ന് അധ്യാപക കമ്മീഷന്‍ സ്ഥിരീകരണം

രക്ഷിതാക്കളുടെ പരാതിയില്‍ പിടിഎ നിയോഗിച്ച അധ്യാപക കമീഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

30 July 2022 4:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിരിയാണി കിട്ടിയില്ല; പരാതിപ്പെട്ട വിദ്യാര്‍ഥി സമരത്തിന് പോയിട്ടില്ലെന്ന് അധ്യാപക കമ്മീഷന്‍ സ്ഥിരീകരണം
X

ബിരിയാണി വാങ്ങി തരാമെന്ന് പറഞ്ഞ് വിദ്യാര്‍ഥികളെ എസ്എഫ്‌ഐ പരിപാടിയിലേക്ക് കൊണ്ടുപോയെന്ന പ്രചരണത്തില്‍ ട്വിസ്റ്റ്.

എസ്എഫ്‌ഐ പരിപാടിയില്‍ പങ്കെടുത്താല്‍ ബിരിയാണി വാങ്ങി തരാമെന്ന് നേതാക്കള്‍ പറഞ്ഞതായി മാധ്യമങ്ങളിലൂടെ പ്രതികരിച്ച വിദ്യാര്‍ഥി സമരത്തിന് പോയിട്ടില്ലെന്നും ആ ദിവസം ക്ലാസിലുണ്ടായിരുന്നെന്നും കണ്ടെത്തി. പത്തിരിപ്പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രക്ഷിതാക്കളുടെ പരാതിയില്‍ പിടിഎ നിയോഗിച്ച അധ്യാപക കമ്മീഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ബിരിയാണി വാഗ്ദാനം നല്‍കിയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനത്തിന് കൊണ്ടുപോയതെന്ന വാദം തള്ളി സ്‌കൂളിലെ ഒരു വിഭാഗം വിദ്യാര്‍ഥികളും രംഗത്തെത്തിയിരുന്നു. രാഷ്ട്രീയം താല്‍പര്യം മുന്‍നിര്‍ത്തി വിദ്യാര്‍ഥികളെ പറഞ്ഞ് പഠിപ്പിച്ച് ബിരിയാണി കഥയുണ്ടാക്കുകയായിരുന്നെന്ന് സംഭവത്തിന് പിന്നാലെ എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞിരുന്നു.

27-ാം തീയതി എസ്എഫ്‌ഐ നടത്തിയ പ്രതികരണം: ''എന്തെങ്കിലും വാഗ്ദാനം കൊടുത്തിട്ട് അല്ല എസ്എഫ്‌ഐ കുട്ടികളെ കൊണ്ടുപോയത്. പത്തിരിപ്പാല എത്തി കുട്ടികള്‍ക്ക് ആവശ്യമായ ലഘുഭക്ഷണം വാങ്ങി നല്‍കാന്‍ ഭാരവാഹികള്‍ ഇറങ്ങി ഹോട്ടലിലേക്ക് കയറാന്‍ നില്‍ക്കുമ്പോഴാണ് ചിലര്‍ വന്ന് മനപൂര്‍വ്വം പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയും പ്രശ്‌നമുണ്ടാക്കുകയും ചെയ്തത്. ഇതിന്റെ വീഡിയോയാണ് ബിരിയാണി കൊടുത്ത് എസ്എഫ്‌ഐ കുട്ടികളെ പരിപാടിക്ക് കൊണ്ടുപോയെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. സംഭവത്തിന്റെ വസ്തുത എന്താണെന്ന് അന്വേഷിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല.''

''വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് മാര്‍ച്ചിലേക്ക് കൊണ്ടുപോകേണ്ട സാഹചര്യം എസ്എഫ്‌ഐക്കില്ല. പ്രദേശത്ത് ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ യൂണിറ്റാണ് പത്തിരിപ്പാലത്തേത്. എസ്എഫ്‌ഐയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത വിദ്യാര്‍ഥികളാണ് സ്‌കൂളിലുള്ളത്. യാതൊരു ബലപ്രയോഗത്തിന്റെയും ആവശ്യമില്ല. മാര്‍ച്ച് സംബന്ധിച്ച വിവരങ്ങള്‍ നേരത്തെ തന്നെ വിദ്യാര്‍ഥികളെ അറിയിച്ചിരുന്നു. വന്ന താല്‍പര്യമുള്ള വിദ്യാര്‍ഥികളെ മാര്‍ച്ചില്‍ പങ്കെടുപ്പിക്കുകയാണ് ഉണ്ടായത്.''

''രക്ഷിതാക്കളുടെ രാഷ്ട്രീയം നോക്കിയല്ല വിദ്യാര്‍ഥികളെ എസ്എഫ്‌ഐയുടെ ഭാഗമാക്കുന്നത്. എസ്എഫ്‌ഐയോട് താല്‍പര്യമുള്ളവരെ ചേര്‍ത്ത് നിര്‍ത്തി മുന്നോട്ടു കൊണ്ടുപോകുകയാണ് ചെയ്യുന്നത്. രാഷ്ട്രീയം താല്‍പര്യം മുന്‍നിര്‍ത്തി വിദ്യാര്‍ഥികളെ പറഞ്ഞ് പഠിപ്പിച്ച് ഇല്ലാത്ത ഒരു ബിരിയാണി കഥയുണ്ടാക്കുകയായിരുന്നു. എസ്എഫ്‌ഐയെ മോശമായി ചിത്രീകരിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു പ്രചരണം രാഷ്ട്രീയ താല്‍പര്യത്തോടെ ചിലര്‍ നടത്തുന്നത്. രാഷ്ട്രീയമുള്ളവരുടെ മക്കളെ പറഞ്ഞ് പഠിപ്പിക്കുകയും അതിന്റെ ഭാഗമായാണ് ബൈറ്റ് അടക്കം പുറത്തുവന്നത്.''

Next Story