Top

'മാര്‍ക്‌സിസ്റ്റ് വിരുദ്ധത ദുര്‍ബലപ്പെട്ടത് നേട്ടം'; പാര്‍ട്ടി സ്ത്രീ സൗഹൃദമാകണമെന്നും കോടിയേരി

'പൊലീസിനെതിരെ വിമര്‍ശനം ഉണ്ടായിട്ടില്ല'

3 March 2022 10:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാര്‍ക്‌സിസ്റ്റ് വിരുദ്ധത ദുര്‍ബലപ്പെട്ടത് നേട്ടം; പാര്‍ട്ടി സ്ത്രീ സൗഹൃദമാകണമെന്നും കോടിയേരി
X

കൊച്ചി: മാര്‍ക്‌സിസ്റ്റ് വിരുദ്ധത ദുര്‍ബലപ്പെട്ടത് നേട്ടമായെന്ന് സിപിഐഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതുപക്ഷ വിരുദ്ധരും വര്‍ഗ്ഗീയ വലതുപക്ഷ ശക്തികളും ഒത്തുചേര്‍ന്നാണ് കേരളത്തിലെ വികസനം തടയാന്‍ ശ്രമിക്കുന്നത്. ഇതിന് എതിരെ പ്രാരണം നടത്തണം എന്ന് സംസ്ഥാന സമ്മേളനത്തില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ടന്നും അദ്ദേഹം വ്യക്തമാക്കി.

'സംഘടനാപരമായും രാഷ്ട്രീയമായും പാര്‍ട്ടി ഇടപെടല്‍ നേട്ടമായി വിലയിരുത്തി. മുന്നണി വിപുലീകരിച്ചത് നേട്ടമായി അഭിപ്രായപ്പെട്ടു. പുതുതായി പാര്‍ട്ടിയില്‍ ചേരുന്നവര്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കും. പ്രാദേശിക സംഘടന പ്രശ്‌നങ്ങളില്‍ ശക്തമായ നടപടി എടുക്കാന്‍ സംസ്ഥാന കമ്മിറ്റി ഇടപെടണം എന്ന് അഭിപ്രായം ഉയര്‍ന്നു. എല്ലാ കമ്മിറ്റികളിലും രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കണം. പാര്‍ട്ടി സംസ്ഥാന സെന്റര്‍ കാര്യക്ഷമമാകണം. ആവശ്യമായ സ്വയം വിമര്‍ശനം നടത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ സെക്രട്ടറിയേറ്റില്‍ കേന്ദ്രീകരിക്കണം. 12.15 ന് പുതിയ സംസ്ഥാന കമ്മിറ്റി പാനല്‍ അവതരിപ്പിക്കും. പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ ചര്‍ച്ച ഐക്യത്തിന്റെ വിളംബരമായി മാറി. എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാനുള്ള അവസരം ഉണ്ടായി. സംസ്ഥാനത്തെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമ്മേളനമായി മാറി', അദ്ദേഹം ചൂണ്ടിക്കാട്ടി.

കാര്‍ഷിക മേഖല ശക്തിപ്പെടുത്തണമെന്നും ഇതിനായി പ്രത്യേക സേന ഉണ്ടാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'ഉത്പന്നങ്ങള്‍ക്ക് ന്യായ വില ഉറപ്പ് വരുത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരണ മേഖലയും മുന്‍കൈ എടുക്കണം. ഇടുക്കി ഭൂപ്രശ്‌നം പരിഹരിക്കാന്‍ പ്രാധാന്യം നല്‍കണം. ജല സംരക്ഷണത്തിന് പരിഗണന നല്‍കണം. തോട്ടം മേഖലയില്‍ ഡയറക്റ്ററേറ്റ് രൂപീകരിക്കണം എന്ന നിര്‍ദ്ദേശമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

'സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി നടപടി എടുക്കുന്ന പൊലീസുകാര്‍ക്ക് എതിരെ നടപടി ഉണ്ടാകും. പൊലീസിനെതിരെ വിമര്‍ശനം ഉണ്ടായിട്ടില്ല. സ്ത്രീ പുരുഷ സമത്വം പാര്‍ട്ടിയില്‍ ഉണ്ടാകണം. സ്ത്രീപക്ഷ കേരളം മുദ്രാവാക്യം ഉയര്‍ത്തണം. പാര്‍ട്ടി സ്ത്രീ സൗഹൃദമാകണം. നിര്‍ഭയമായി അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ് സിപിഐഎം.' പുറത്ത് പറയാനുള്ള വിമര്‍ശനം സിപിഐക്ക് എതിരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

STORY HIGHLIGHTS: Kodiyeri Balakrishnan Press meet

Next Story