Top

ആനി രാജയെ കൈവിട്ടതിലുള്‍പ്പെടെ വിമര്‍ശിച്ച് പാര്‍ട്ടി; മുന്നണിയില്‍ നേട്ടങ്ങളും കോട്ടങ്ങളും പങ്കിടണമെന്ന് കാനം

1980ലെടുത്ത രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് അതുവരെ പരസ്പരം പോരാടിയിരുന്ന പാര്‍ട്ടികള്‍ ഒരുമിച്ച് പുതിയ മുന്നണിക്ക് രൂപം നല്‍കിയത്. 1980 മുതല്‍ 2022 വരെ ആ മുന്നണിയോട് വിശ്വസ്തതയും കൂറും പുലര്‍ത്തിക്കൊണ്ട് മുന്നോട്ടുപോകാന്‍ സിപിഐ പരിശ്രമിച്ചിട്ടുണ്ട്

23 July 2022 12:44 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആനി രാജയെ കൈവിട്ടതിലുള്‍പ്പെടെ വിമര്‍ശിച്ച് പാര്‍ട്ടി; മുന്നണിയില്‍ നേട്ടങ്ങളും കോട്ടങ്ങളും പങ്കിടണമെന്ന് കാനം
X

തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനം. എം എം മണി ആനി രാജയെ വിമര്‍ച്ചപ്പോള്‍ സംസ്ഥാന സെക്രട്ടറി മൗനം പാലിച്ചത് ശരിയായില്ലെന്നും പിന്തുണയ്ക്കാത്തത് തെറ്റായെന്നും പ്രതിനിധികള്‍ ആരോപിച്ചു. എന്നാല്‍ മുന്നണിയില്‍ നേട്ടങ്ങളും കോട്ടങ്ങളും പങ്കിടണമെന്ന് കാനം പറഞ്ഞു.

'1980ലെടുത്ത രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് അതുവരെ പരസ്പരം പോരാടിയിരുന്ന പാര്‍ട്ടികള്‍ ഒരുമിച്ച് പുതിയ മുന്നണിക്ക് രൂപം നല്‍കിയത്. 1980 മുതല്‍ 2022 വരെ ആ മുന്നണിയോട് വിശ്വസ്തതയും കൂറും പുലര്‍ത്തിക്കൊണ്ട് മുന്നോട്ടുപോകാന്‍ സിപിഐ പരിശ്രമിച്ചിട്ടുണ്ട്. ആ മുന്നണിയെ ശക്തിപ്പെടുത്താനും അതിനെ ഇടതുപക്ഷ നിലപാടുകളില്‍ ഉറപ്പിച്ചുനിര്‍ത്താനും വേണ്ടി നമ്മുടെ പാര്‍ട്ടി മുന്‍കൈ എടുത്തിട്ടുണ്ടുണ്ടെന്നും' കാനം പറഞ്ഞു.

മുന്നണിയാകുമ്പോള്‍ അതിന്റെ നേട്ടങ്ങളും കോട്ടങ്ങളും അതിലെ കക്ഷികള്‍ വീതം വെച്ചെടുക്കണമെന്നായിരുന്നു കാനത്തിന്റെ വാദം. സുഖ ദുഃഖങ്ങള്‍, അതിന്റെ ഫലമായുണ്ടാകുന്ന കാര്യങ്ങള്‍ അത് മുന്നണിയിലെ ഘടകക്ഷികള്‍ക്ക് അവകാശപ്പെട്ടതാണ്. നേട്ടം വരുമ്പോള്‍ കൈ നീട്ടുകയും കോട്ടങ്ങളുണ്ടാകുമ്പോള്‍ ഉത്തരവാദിത്തം ഞങ്ങള്‍ക്കില്ല എന്ന് പറയുകയും ചെയ്യുന്ന വിലകുറഞ്ഞ രാഷ്ട്രീയമല്ല സിപിഐ പിന്തുടരുന്നതെന്നും കാനം കൂട്ടിച്ചേര്‍ത്തു.

ജനങ്ങള്‍ നമ്മളില്‍ അര്‍പ്പിച്ച വിശ്വാസത്തിന് പോറലേല്‍ക്കാതിരിക്കാന്‍ പാര്‍ട്ടി സദാ ജാഗരൂകരാണ്. എല്‍ ഡി എഫ് ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തില്‍ വ്യതിയാനം ഉണ്ടായപ്പോഴെല്ലാം അത് തിരുത്താന്‍ ശക്തമായ നിലപാടുകള്‍ എടുത്ത് മുന്നോട്ടു പോയിട്ടുണ്ട്. ഇനിയും അത്തരത്തിലുള്ള നയങ്ങള്‍ തുടരുമെന്നുമാണ് സമ്മേളന റിപ്പോര്‍ട്ടില്‍ പറയുന്നത്.

സമ്മേളനത്തില്‍ കൃഷി മന്ത്രി പി പ്രസാദിനെതിരേയും വിമര്‍ശനമുയര്‍ന്നു. നാട്ടില്‍ വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ വകുപ്പ് നോക്കുകുത്തിയായി നില്‍ക്കുന്നുവെന്നാണ് വിമര്‍ശനം. പച്ചക്കറി വില ഉയരുമ്പോള്‍ കുറഞ്ഞ വിലക്ക് സാധനങ്ങള്‍ നല്‍കുന്ന ഹോര്‍ട്ടികോര്‍പ്പ് ഔട്ട്ലെറ്റുകള്‍ പൂട്ടിക്കൊണ്ടിരിക്കുകയാണെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.

Story highlights: Party criticized Kanam Rajendran for abandoning Annie Raja

Next Story