Top

പാര്‍ട്ടി കോണ്‍ഗ്രസ് വോട്ടെടുപ്പ്; രാഷ്ട്രീയ പ്രമേയത്തെ എതിര്‍ത്ത് 4 പേര്‍

പ്രാദേശിക രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് ഓരോ പ്രദേശത്തും സഖ്യങ്ങള്‍ ഉണ്ടാക്കാമെന്നും രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കുന്നു

9 April 2022 1:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാര്‍ട്ടി കോണ്‍ഗ്രസ് വോട്ടെടുപ്പ്; രാഷ്ട്രീയ പ്രമേയത്തെ എതിര്‍ത്ത് 4 പേര്‍
X

കണ്ണൂര്‍: പതിവില്‍ നിന്നും വ്യത്യസ്തമായി രാഷ്ട്രീയ പ്രമേയത്തില്‍ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ വോട്ടെടുപ്പ് നടന്നു. വടക്കേ ഇന്ത്യയില്‍ നിന്നുള്ള നാല് പ്രതിനിധികള്‍ പരസ്യമായി നടന്ന വോട്ടെടുപ്പില്‍ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി. എന്നാല്‍ രാഷ്ട്രീയ പ്രമേയത്തിന് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കി. അതേസമയം പ്രാദേശിക സഹകരണം വേണമെന്ന കേരള ഘടകത്തിന്റെ നിര്‍ദേശത്തെ ബംഗാള്‍ ഘടകം പൊതുചര്‍ച്ചയില്‍ തന്നെ തള്ളി. എന്നാല്‍ പൊതു ചര്‍ച്ചയില്‍ നിര്‍ദേശിക്കപ്പെട്ട 390 ഭേദഗതികളില്‍ ഭൂരിപക്ഷവും അംഗീകരിക്കുകയായിരുന്നു.

ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി ധാരണ വേണ്ടെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനം പ്രാദേശിക രാഷ്ട്രീയ സാഹചര്യം അനുസരിച്ച് അടവുനയം സ്വീകരിക്കാനാണ് ധാരണ. വിശാല മതേതര മുന്നണിയില്‍ കോണ്‍ഗ്രസ് വേണോ വേണ്ടയോ എന്ന കാര്യം രണ്ടു ദിവസം ആണ് പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തത്. പ്രമേയ ചര്‍ച്ചയ്ക്കിടെ കേരള ബംഗാള്‍ ഘടകങ്ങള്‍ പലതവണ ഏറ്റുമുട്ടുകയും രൂക്ഷമായ ഭിന്നത രൂപപ്പെടുകയും ചെയ്തു. ഒടുവില്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ട എന്ന് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചു.

പ്രാദേശിക രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് ഓരോ പ്രദേശത്തും സഖ്യങ്ങള്‍ ഉണ്ടാക്കാമെന്നും രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കുന്നു. ബംഗാള്‍ ആസാം തമിഴ്‌നാട് മോഡലുകള്‍ തുടരുന്നതിനും തടസം ഉണ്ടാവില്ല. ഇടത് ഐക്യം ഊട്ടിയുറപ്പിക്കുന്നതിനും പാര്‍ട്ടിയുടെ അടിത്തറ വര്‍ധിപ്പിക്കുന്നതിനും ശ്രമങ്ങള്‍ ഉണ്ടാവും. പ്രാദേശിക മതേതര ശക്തികളുമായി ചേര്‍ന്ന് കൂട്ടുകെട്ട് ഉണ്ടാക്കാനും ശ്രമം നടക്കും. ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് ഏതാണ്ട് സമ്മാനമായ തീരുമാനങ്ങള്‍ തന്നെയാണ് ഇത്തവണയും ഉണ്ടായത്. കേരള മാതൃക ഉയര്‍ത്തിക്കാട്ടന്‍ മടിക്കരുത് എന്ന് ഹിമാചല്‍ പ്രദേശ്, കര്‍ണ്ണാടക ഘടകങ്ങള്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ കേരള ഘടകത്തിന് ലഭിക്കുന്ന സ്വീകാര്യത കൂടിയാണ് ഇത് വെളിവാക്കുന്നത്. 48 പ്രതിനിധികള്‍ രണ്ടുദിവസമായി നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു.


Next Story