Top

നടുത്തളത്തില്‍ പ്രതിഷേധം: റഹീം, ശിവദാസന്‍, സന്തോഷ് കുമാര്‍ അടക്കം 19 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

കനിമൊഴി, സുഷ്മിത ദേവ്, ഡോള സെന്‍, ശാന്തനു സെന്‍ എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തു.

26 July 2022 9:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നടുത്തളത്തില്‍ പ്രതിഷേധം: റഹീം, ശിവദാസന്‍, സന്തോഷ് കുമാര്‍ അടക്കം 19 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍
X

പ്രതിഷേധം നടത്തിയതിന് രാജ്യസഭയിലെ 19 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. എഎ റഹീം, വി ശിവദാസന്‍, പി സന്തോഷ് കുമാര്‍ അടക്കമുള്ളവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചതിനാണ് എംപിമാരെ ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. കനിമൊഴി, സുഷ്മിത ദേവ്, ഡോള സെന്‍, ശാന്തനു സെന്‍ എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തു.

പാര്‍ലമെന്റിലെ നടപടിക്രമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്നറിയിപ്പ് നല്‍കിയിട്ടും നടുത്തളത്തിലേക്ക് ഇറങ്ങി പ്രതിഷേധിച്ചുവെന്നാണ് സസ്‌പെന്‍ഷന്റെ കാരണമായി പറയുന്നത്.

വിലക്കയറ്റം, ജിഎസ്ടി വിഷയങ്ങളില്‍ 11 മണിയോടെ രാജ്യസഭയുടെ നടുക്കളത്തില്‍ പ്രതിഷേധമുണ്ടായി. ഇതോടെ സഭ നിര്‍ത്തി വച്ചു. വീണ്ടും 12 മണിയോടെ സഭ ചേര്‍ന്നപ്പോള്‍ എംപിമാര്‍ പ്രതിഷേധം നടത്തി. തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടി പ്രഖ്യാപിച്ചത്.


സസ്‌പെന്‍ഷനെ കുറിച്ച് എഎ റഹീം പറഞ്ഞത്: ''രാജ്യസഭയില്‍ നിന്ന് ഞങ്ങള്‍ 19 പ്രതിപക്ഷ അംഗങ്ങളെ സസ്പെന്റ് ചെയ്തു. എന്നെക്കൂടാതെ കേരളത്തെ പ്രതിനിധീകരിക്കുന്ന സഖാവ് വി ശിവദാസന്‍, സഖാവ് പി സന്തോഷ്‌കുമാര്‍ എന്നിവരെയും സസ്പെന്റ് ചെയ്തു.

ജനങ്ങളെ ദുരിതത്തിലാക്കുന്ന വിലക്കയറ്റം സഭ നിര്‍ത്തി വച്ചു ചര്‍ച്ച ചെയ്യണമെന്ന് കഴിഞ്ഞ ഒരാഴ്ചക്കാലമായി പ്രതിപക്ഷം ആവശ്യപ്പെടുകയാണ്.ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാകുന്നില്ല.ഏകപക്ഷീയമായി ചര്‍ച്ചകളെയും സംവാദങ്ങളെയും അടിച്ചമര്‍ത്തുകയാണ്. ജനാധിപത്യ അവകാശങ്ങള്‍ സഭയ്ക്കുള്ളില്‍ പോലും അനുവദിക്കുന്നില്ല.

ഇന്നാണെങ്കില്‍ സിപിഐ(എം) ലെ ബികാസ് രഞ്ജന്‍ ഭട്ടാചാര്യയെ ഒരു ബില്ലില്‍ ചര്‍ച്ച ചെയ്യാന്‍ പോലും അനുവദിച്ചില്ല.തുടര്‍ന്ന് പ്രതിഷേധിച്ച ഞാനടക്കമുള്ള

പ്രതിപക്ഷ അംഗങ്ങളെ സസ്പെന്റ് ചെയ്യുകയായിരുന്നു. അടിച്ചമര്‍ത്താനാകില്ല.ഏകാധിപത്യം അനുവദിക്കില്ല. ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ചതിന് ലഭിച്ച ഈ നടപടി അഭിമാനത്തോടെ സ്വീകരിക്കുന്നു.''

Next Story