Top

വിഷന്‍ 24: അരിച്ചുപെറുക്കി വോട്ട് പിടിക്കാന്‍ കോണ്‍ഗ്രസ്; 17 വയസുകാരുടെ പട്ടിക തയ്യാറാക്കുന്നു

പുതുതായി വോട്ടര്‍ പട്ടികയിലേക്ക് വരേണ്ടവരുടെ കണക്ക് ബൂത്ത് തലത്തില്‍ ശേഖരിക്കാനാണ് തീരുമാനം

13 Oct 2022 4:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിഷന്‍ 24: അരിച്ചുപെറുക്കി വോട്ട് പിടിക്കാന്‍ കോണ്‍ഗ്രസ്; 17 വയസുകാരുടെ പട്ടിക തയ്യാറാക്കുന്നു
X

കൊച്ചി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നിലവില്‍ പതിനേഴ് വയസുള്ളവരുടെ ലിസ്റ്റുണ്ടാക്കാന്‍ കോണ്‍ഗ്രസ്. വിഷന്‍ 24 നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദേശമുണ്ടായത്. നിലവിലെ വോട്ടര്‍പട്ടിക ക്രമപ്പെടുത്തിയ ശേഷമാകും അടുത്തവര്‍ഷത്തോടെ വോട്ടര്‍ പട്ടികയില്‍ ഇടം പിടിക്കേണ്ട പതിനേഴുകാരുടെ കണക്കെടുക്കല്‍.

വോട്ടര്‍ പട്ടികയില്‍ ഒരേ വീട്ടിലെ വോട്ടര്‍മാര്‍ ക്രമനമ്പര്‍ തെറ്റിയും മറ്റും കിടക്കുന്നത് ആദ്യം നേരെയാക്കും. ഈ വര്‍ഷം പതിനെട്ട് വയസ് തികഞ്ഞവരുടെ വോട്ടുകള്‍ ഇപ്പോള്‍ തന്നെ ചേര്‍ക്കും. പുതുതായി വോട്ടര്‍ പട്ടികയിലേക്ക് വരേണ്ടവരുടെ കണക്ക് ബൂത്ത് തലത്തില്‍ ശേഖരിക്കാനാണ് തീരുമാനം. അടുത്ത ജനുവരിയില്‍ തന്നെ ഇവരെ പട്ടികയില്‍ ഉള്‍പ്പെടുത്താനും ബൂത്ത് കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എറണാകുളത്ത് കഴിഞ്ഞ ദിവസം ചേര്‍ന്ന വിഷന്‍ 24 നേതൃയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയം കൈവരിക്കാന്‍ സാധിച്ചതിന് ഒരു കാരണം വോട്ടര്‍പട്ടിക പുതുക്കുന്നതില്‍ മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തനമാണെന്ന് വിലയിരുത്തലുണ്ട്. ഇതേതുടര്‍ന്നാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ ആരംഭിക്കാനുള്ള തീരുമാനം.

മത-സാമുദായിക നേതാക്കളെ നേരത്തെ തന്നെ കണ്ട് സൗഹൃദമുണ്ടാക്കണമെന്നും നിര്‍ദേശമുണ്ട്. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ചെന്നാല്‍ അതുകൊണ്ടാണ് വന്നതെന്ന് അവര്‍ പറയും. അതുകൊണ്ട് നേരത്തെ തന്നെ നല്ല ബന്ധം സ്ഥാപിച്ചെടുക്കണമെന്നും പ്രശ്‌നങ്ങള്‍ അറിഞ്ഞ് പരിഹാരം തേടണമെന്നുമാണ് നിര്‍ദേശം. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാത്തവരെ കണ്ടെത്തി ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്താനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

Story Highlights: Parliament Election Congress To Prepare List Of 17 Year Olds

Next Story