Top

പറവൂരില്‍ വീടിന് തീപിടിച്ച് യുവതി മരിച്ചു; സഹോദരിയെ കാണാനില്ല, ദുരൂഹത

ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെയായിരുന്നു അപകടം.

29 Dec 2021 5:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പറവൂരില്‍ വീടിന് തീപിടിച്ച് യുവതി മരിച്ചു; സഹോദരിയെ കാണാനില്ല, ദുരൂഹത
X

പറവൂരില്‍ വീടിന് തീപിടിച്ച് യുവതി മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരിയെ കാണാനില്ല. പനോരമ നഗർ അറയ്ക്കപ്പറമ്പിൽ ശിവാനന്ദന്റെ വീടിനാണ് തീപിടിച്ചത്. ശിവാനന്ദന്റെ പെണ്‍മക്കളായ വിസ്മയ (25), ജിത്തു (22) എന്നിവരാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇവരിലൊരാളാണ് മരിച്ചത്. പൂർണ്ണമായി കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ മരണപ്പെട്ടത് ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെയായിരുന്നു അപകടം. ശിവാനന്ദനും ജിജിയും പുറത്തുപോയ സമയത്തായിരുന്നു സംഭവം. വീട്ടില്‍നിന്ന് പുക ഉയരുന്നത് കണ്ട അയൽവാസികളാണ് പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചത്. പൊലീസ് എത്തുമ്പോള്‍ വീടിന്റെ ഗേറ്റ് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. മുൻവശത്തെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. വീടിന്റെ രണ്ട് മുറികൾ പൂർണമായി കത്തിയിരുന്നു. അതിൽ ഒന്നില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിലുണ്ടായിരുന്ന മാലയില്‍ നിന്ന് മരിച്ചത് മൂത്ത് മകള്‍ വിസ്മയയാണെന്ന് മാതാപിതാക്കള്‍ പറയുന്നുണ്ടെങ്കിലും കൂടുതല്‍ പരിശോധന ആവശ്യമാണെന്നതിനാല്‍ പൊലീസ് ഈ നിഗമനം സ്ഥിരീകരിച്ചിട്ടില്ല. കാണാതായ യുവതിക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വിസ്മയയുടെ മൊബൈൽ ഫോൺ കണ്ടെത്താനായിട്ടില്ല. ഇതു കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. മൃതദേഹം കണ്ടെടുത്ത മുറിയുടെ വാതിലിന്റെ കട്ടിളയില്‍ കണ്ടെത്തിയ രക്തപ്പാടുകളും സംഭവസ്ഥലത്തെ മണ്ണെണ്ണയുടെ ഗന്ധവും ദുരൂഹതയിലേക്ക് വിരല്‍ചൂണ്ടുന്നതാണെന്നാണ് പൊലീസിന്റെ നിഗമനം.

ശിവാനന്ദന്റെ രണ്ടാമത്തെ മകൾ ജിത്തു കഴിഞ്ഞ കുറച്ചുനാളുകളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നതായും റിപ്പോർട്ട് ഉണ്ട്. ഒരാഴ്ച മുൻപ് ശിവാനന്ദനെ വീട്ടിൽ പൂട്ടിയിട്ടശേഷം ജിത്തു വീട്ടില്‍നിന്ന് ഇറങ്ങിപ്പോയതായി പറയപ്പെടുന്നു.

Next Story