Top

വീടിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം വിസ്മയയുടേത്; സിസി ടിവിയില്‍ സഹോദരി ഓടിപോകുന്നതിന്റെ ദൃശ്യങ്ങള്‍

മൃതദേഹം കണ്ടെടുത്ത മുറിയുടെ വാതിലിന്റെ കട്ടിളയില്‍ കണ്ടെത്തിയ രക്തപ്പാടുകളും സംഭവസ്ഥലത്തെ മണ്ണെണ്ണയുടെ ഗന്ധവും ദുരൂഹതയിലേക്ക് വിരല്‍ചൂണ്ടുന്നതാണെന്നാണ് പൊലീസിന്റെ നിഗമനം.

29 Dec 2021 7:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വീടിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം വിസ്മയയുടേത്; സിസി ടിവിയില്‍ സഹോദരി ഓടിപോകുന്നതിന്റെ ദൃശ്യങ്ങള്‍
X

വിസ്മയ, ജിത്തു

പറവൂരില്‍ തീപിടിച്ച വീടിനുള്ളില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു.പനോരമ നഗർ അറയ്ക്കപ്പറമ്പിൽ ശിവാനന്ദന്റെ മകള്‍ വിസ്മയ (25) ആണ് മരിച്ചത്. കാണാതായ ഇളയ സഹോദരി ജിത്തു (22) വീട്ടില്‍ നിന്നും ഓടിപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ജിത്തു ഒളിവില്‍പോയതായാണ് പൊലീസിന്റെ നിഗമനം. യുവതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെയായിരുന്നു അപകടം. ശിവാനന്ദനും ഭാര്യ ജിജിയും പുറത്തുപോയ സമയത്തായിരുന്നു സംഭവം. വീട്ടില്‍നിന്ന് പുക ഉയരുന്നത് കണ്ട അയൽവാസികളാണ് പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചത്. പൊലീസ് എത്തുമ്പോള്‍ വീടിന്റെ ഗേറ്റ് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. മുൻവശത്തെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. വീടിന്റെ രണ്ട് മുറികൾ പൂർണമായി കത്തിയിരുന്നു. അതിൽ ഒന്നില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.


മൃതദേഹത്തിലുണ്ടായിരുന്ന മാലയില്‍ നിന്ന് മരിച്ചത് മൂത്ത് മകള്‍ വിസ്മയയാണെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞെങ്കിലും കൂടുതല്‍ പരിശോധന ആവശ്യമാണെന്നതിനാല്‍ പൊലീസ് ഈ നിഗമനം സ്ഥിരീകരിച്ചിരുന്നില്ല. വിസ്മയയുടെ മൊബൈൽ ഫോൺ കണ്ടെത്താനായിട്ടില്ല. ഇതു കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. മൃതദേഹം കണ്ടെടുത്ത മുറിയുടെ വാതിലിന്റെ കട്ടിളയില്‍ കണ്ടെത്തിയ രക്തപ്പാടുകളും സംഭവസ്ഥലത്തെ മണ്ണെണ്ണയുടെ ഗന്ധവും ദുരൂഹതയിലേക്ക് വിരല്‍ചൂണ്ടുന്നതാണെന്നാണ് പൊലീസിന്റെ നിഗമനം.

ജിത്തു കഴിഞ്ഞ കുറച്ചുനാളുകളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നതായും റിപ്പോർട്ടുണ്ട്. ഒരാഴ്ച മുൻപ് ശിവാനന്ദനെ വീട്ടിൽ പൂട്ടിയിട്ടശേഷം ജിത്തു വീട്ടില്‍നിന്ന് ഇറങ്ങിപ്പോയതായി പറയപ്പെടുന്നു. വിസ്മയ ബിബിഎയും ജിത്തു ബിഎസ്സിയും പൂര്‍ത്തിയാക്കിയവരാണ്.

Next Story