Top

ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായി യുവാവിന്റെ മരണം: പെണ്‍സുഹൃത്ത് നല്‍കിയ ജ്യൂസ് കുടിച്ചതിനെ തുടര്‍ന്നെന്ന് ആരോപണം

പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് കഷായവും ജ്യൂസും കുടിച്ചതായി യുവാവ് പറഞ്ഞതായും ബന്ധുക്കള്‍ പറയുന്നു

28 Oct 2022 6:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായി യുവാവിന്റെ മരണം: പെണ്‍സുഹൃത്ത് നല്‍കിയ ജ്യൂസ് കുടിച്ചതിനെ തുടര്‍ന്നെന്ന് ആരോപണം
X

തിരുവനന്തപുരം: പാറശ്ശാലയിലെ യുവാവിന്റെ മരണം പെണ്‍സുഹൃത്ത് നല്‍കിയ ജ്യൂസ് കുടിച്ചതിനെ തുടര്‍ന്നെന്ന് ആരോപണം. മാല്യങ്കര ജെ പി ഹൗസില്‍ ജയരാജിന്റെ മകന്‍ ഷാരോണ്‍ രാജ് (23) ആണ് മരിച്ചത്. ഷാരോണിന്റേത് കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. അവസാന വര്‍ഷ ബിഎസ്‌സി റേഡിയോളജി വിദ്യാര്‍ത്ഥിയായിരുന്നു ഷാരോണ്‍.

ഈ മാസം 14നായിരുന്നു ഷാരോണ്‍ പെണ്‍ സുഹൃത്ത് നല്‍കിയ ജ്യൂസ് കുടിച്ചത്. ചികിത്സയിലായിരിക്കെ 25ന് മരണം സംഭവിക്കുകയായിരുന്നു. ആരോഗ്യനില വഷളായി വെന്റിലേറ്ററിലായിരിക്കെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ആസിഡ് പോലുള്ള എന്തോ അകത്ത് ചെന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആന്തരീകാവയവങ്ങള്‍ ദ്രവിച്ച് പോയതായും ഷാരോണിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു.

പെണ്‍കുട്ടി വിളിച്ചതനുസരിച്ചാണ് റെക്കോര്‍ഡ് വാങ്ങാന്‍ ഷാരോണ്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പോയതെന്ന് കുടുംബം പറയുന്നു. ഷാരോണും സുഹൃത്തും കൂടിയാണ് 14ന് രാവിലെ പോയത്. സുഹൃത്തിനോട് പുറത്ത് നില്‍ക്കാന്‍ ആവശ്യപ്പെട്ട് തനിച്ചാണ് പെണ്‍കുട്ടിയുടെ വീടിനുള്ളിലേക്ക് പോയത്. കുറച്ച് കഴിഞ്ഞ് പുറത്തുവന്ന ഷാരോണ്‍ പെണ്‍കുട്ടി നല്‍കിയ പാനീയം കഴിച്ച ഉടന്‍ ഛര്‍ദ്ദില്‍ അനുഭവപ്പെട്ടതായി സുഹൃത്തിനോട് പറഞ്ഞു. വീട്ടിലെത്തിക്കാനും ആവശ്യപ്പെട്ടു.

ഛര്‍ദ്ദിച്ച് അവശനിലയിലായ ഷാരോണിനെ വീട്ടുകാര്‍ പാറശാല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും എത്തിച്ചു. പരിശോധനയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ തിരികെ വീട്ടിലേക്ക് അയക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം ആരോഗ്യം കൂടുതല്‍ മോശമാകുകയായിരുന്നു. വായ്ക്കുള്ളില്‍ വ്രണങ്ങള്‍ രൂപപ്പെട്ടു. വെള്ളമോ മരുന്നോ പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നുവെന്ന് കുടുംബം പറയുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് കഷായവും ജ്യൂസും കുടിച്ചതായി യുവാവ് പറഞ്ഞതായും ബന്ധുക്കള്‍ പറയുന്നു.

ആരോഗ്യനില വഷളായതോടെ 17ന് വീണ്ടും മെഡിക്കല്‍ കോളേജിലെത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൃക്കകളുടെ പ്രവര്‍ത്തനം കുറയുന്നതായി കണ്ടെത്തിയത്. അടുത്ത ദിവസങ്ങളില്‍ പല ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനം മോശമായി തുടങ്ങി. മൂന്ന് തവണ ഡയാലിസിസിന് വിധേയമാക്കി. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് മജിസ്‌ട്രേറ്റ് എത്തി ഷാരോണിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.

Story Highlights: Parassala Youth Died After Drinking Juice Given By Friend Says Family

Next Story