Top

'ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന് അവള്‍ പറഞ്ഞു, സിന്ദൂരക്കുറിയിട്ട ചിത്രം എന്നും അയച്ചു'; ആരോപണവുമായി ഷാരോണിന്റെ ബന്ധു

''കഷായത്തിന്റെ പേര് ചോദിച്ചപ്പോള്‍ പറയാന്‍ തയ്യാറായില്ല. ഫ്രൂട്ടിയിലായിരിക്കാം പ്രശ്‌നമെന്നാണ് പറഞ്ഞത്. ''

28 Oct 2022 3:05 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന് അവള്‍ പറഞ്ഞു, സിന്ദൂരക്കുറിയിട്ട ചിത്രം എന്നും അയച്ചു; ആരോപണവുമായി ഷാരോണിന്റെ ബന്ധു
X

തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണിന്റെ മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ച് അടുത്ത ബന്ധു സത്യശീലന്‍. ജാതകദോഷം കാരണം ആദ്യ ഭര്‍ത്താവ് നവംബറിന് മുന്‍പ് മരണപ്പെടുമെന്ന് പെണ്‍കുട്ടി അന്ധമായി വിശ്വസിച്ചിരുന്നെന്നും അതുകൊണ്ട് ഷാരോണിനെ കൊന്ന് മറ്റൊരു വിവാഹം കഴിക്കാനായിരുന്നു നീക്കമെന്ന് സത്യശീലന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. കയപ്പ് അറിയാന്‍ കഷായം കൊടുത്തെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. അങ്ങനെയാണെങ്കില്‍ ചെറിയ സ്പൂണില്‍ കൊടുത്താല്‍ പോരേ. 100 എംഎല്‍ കൊടുക്കുന്നത് എന്തിനാണെന്നും ഷാരോണിനെ കൊല്ലുക തന്നെയായിരുന്നു അവരുടെ ഉദേശമെന്ന് സത്യശീലന്‍ പറഞ്ഞു.

പരിചയപ്പെട്ട് മൂന്നു മാസത്തിനുള്ളില്‍ തന്നെ പെണ്‍കുട്ടി താലിയും കുങ്കുമവുമായി വന്ന്് ഷാരോണിനെ കൊണ്ട് താലിക്കെട്ടിക്കുകയും കുങ്കുമം നെറ്റിയില്‍ ചാര്‍ത്തിക്കുകയും ചെയ്തിരുന്നു. എല്ലാ ദിവസവും വൈകുന്നേരം കുങ്കുമം ചാര്‍ത്തി നില്‍ക്കുന്ന ഫോട്ടോ വാട്‌സ്ആപ്പില്‍ അയച്ചുകൊടുക്കുമായിരുന്നെന്നും സത്യശീലന്‍ പറഞ്ഞു.

സത്യശീലന്‍ പറഞ്ഞത്: കഷായത്തിന്റെ പേര് ചോദിച്ചപ്പോള്‍ പറയാന്‍ തയ്യാറായില്ല. ഫ്രൂട്ടിയിലായിരിക്കാം പ്രശ്‌നമെന്നാണ് പറഞ്ഞത്. അമ്മയെ വീട്ടില്‍ കൊണ്ടാക്കാന്‍ വന്ന ഓട്ടോക്കാരനും പ്രശ്‌നം അനുഭവപ്പെട്ടിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. 100 എംഎല്‍ കഷായവും ജ്യൂസും കൊടുത്തെന്ന് പെണ്‍കുട്ടി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കഷായത്തിന്റെ കുപ്പി എവിടെയെന്ന് ചോദിച്ചപ്പോള്‍ ആക്രിക്കടയില്‍ കൊടുത്തെന്നാണ് പറഞ്ഞത്. അവസാന ഡോസായിരുന്നെന്നാണ് കാരണമായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്.

വിഷയത്തില്‍ അന്ധവിശ്വാസത്തിന്റെ പങ്കും തോന്നിയിട്ടുണ്ട്. പരിചയപ്പെട്ട് രണ്ട് മൂന്നു മാസത്തിനുള്ളില്‍ തന്നെ പെണ്‍കുട്ടി താലിയും കുങ്കുമവുമായി വന്ന്് ഷാരോണിനെ കൊണ്ട് താലിക്കെട്ടിക്കുകയും കുങ്കുമം നെറ്റിയില്‍ ചാര്‍ത്തിക്കുകയും ചെയ്തു. ഇതിന് ശേഷം സമ്മതമില്ലാതെ എന്‍ഗേജ്‌മെന്റ് നടന്നെന്നാണ് പറഞ്ഞത്. ശേഷം പറഞ്ഞു ആ കല്യാണം വീട്ടുകാര്‍ നീട്ടി വച്ചെന്ന്. ജാതകദോഷം കാരണം ആദ്യ ഭര്‍ത്താവ് നവംബറിന് മുന്‍പ് മരണപ്പെടുമെന്നാണ് കാരണമായി പറഞ്ഞത്. നവംബറില്‍ 23 വയസ് തികയും. അതിന് മുന്‍പ് വിവാഹം നടന്നാല്‍ ആദ്യ ഭര്‍ത്താവ് മരിക്കുമെന്നാണ് പറഞ്ഞത്. അതുകൊണ്ടാണ് വിവാഹം ഫെബ്രുവരിയിലേക്ക് മാറ്റിയെന്നാണ്് പറഞ്ഞത്.

ഇരുവരും പ്രണയത്തിലായിരുന്നു. അവളെ വിവാഹം ചെയ്യണമെന്ന് ഷാരോണ്‍ പറഞ്ഞിരുന്നു. എന്‍ഗേജ്‌മെന്റ് കഴിഞ്ഞെന്ന് അറിയിച്ചപ്പോള്‍ ഷാരോണ്‍ ബന്ധത്തില്‍ നിന്ന് പിന്‍വാങ്ങി. എന്നാല്‍ പെണ്‍കുട്ടി വീണ്ടും ചാറ്റിലൂടെയും ഫോണ്‍ കോളുകളിലൂടെയും ബന്ധം പുനസ്ഥാപിച്ചു. തുടര്‍ന്ന് നവംബറോടെ വിവാഹം നടത്താനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് 14ന് വിളിച്ച് കഷായവും ജ്യൂസും കൊടുക്കുന്നത്.

ആദ്യഭര്‍ത്താവ് മരിക്കുമെന്ന് അവള്‍ ഉറച്ചു വിശ്വസിച്ചിരുന്നു. എല്ലാ ദിവസവും വൈകുന്നേരം കുങ്കുമം ചാര്‍ത്തി നില്‍ക്കുന്ന ഫോട്ടോ വാട്‌സ്ആപ്പില്‍ അയച്ചുകൊടുക്കുമായിരുന്നു. മകനെ കൊന്നതാണോയെന്ന് ഷാരോണിന്റെ പിതാവ് പെണ്‍കുട്ടിയോട് ചോദിച്ചപ്പോള്‍, അങ്ങനെയാണെങ്കില്‍ ജാതകദോഷം നിമിത്തമാണ്. ആ കുങ്കുമം മായച്ച് കളയാമെന്നാണ് പറഞ്ഞത്. അവളുടെ മനസില്‍ കുങ്കുമം തൊട്ടത് കൊണ്ട് ഷാരോണാണ് ആദ്യഭര്‍ത്താവ്. ഷാരോണ്‍ മരിച്ച് കഴിഞ്ഞാല്‍ ഇനിയൊരു വിവാഹജീവിതം സമ്പൂര്‍ണമാകുമെന്ന് അന്ധ വിശ്വാസമുണ്ടായിരുന്നു. കയപ്പ് അറിയാന്‍ കൊടുത്തെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. അങ്ങനെയാണെങ്കില്‍ സ്പൂണില്‍ കൊടുത്താല്‍ പോരേ. 100 എംഎല്‍ കൊടുക്കുന്നത് എന്തിനാണ്. കൊല്ലുക തന്നെയായിരുന്നു ഉദേശം.


Next Story

Popular Stories