Top

'അന്നു കുടിച്ചില്ലേ ഒരു മാ. എക്സ്പിയറി ഡേറ്റ് കഴിഞ്ഞത്...'; ഷാരോണും പെണ്‍കുട്ടിയും തമ്മിലുള്ള അവസാനസന്ദേശം പുറത്ത്

''കഷായം കുടിച്ചെന്ന് വീട്ടില്‍ പറയാന്‍ പറ്റൂല്ലല്ലോ. ഞാന്‍ പറഞ്ഞത്...''

29 Oct 2022 10:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അന്നു കുടിച്ചില്ലേ ഒരു മാ. എക്സ്പിയറി ഡേറ്റ് കഴിഞ്ഞത്...; ഷാരോണും പെണ്‍കുട്ടിയും തമ്മിലുള്ള അവസാനസന്ദേശം പുറത്ത്
X

തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണ്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത്. വിഷാംശം കലര്‍ന്ന പാനീയം കുടിച്ച ശേഷം കാമുകിയുമായി നടത്തിയ വാട്‌സ്ആപ്പ് സന്ദേശമാണ് ഇപ്പോള്‍ ബന്ധുക്കള്‍ പുറത്തുവിട്ടിരിക്കുന്നത്.

കഷായം കുടിച്ച കാര്യം വീട്ടില്‍ പറഞ്ഞിട്ടില്ലെന്നും തീയതി കഴിഞ്ഞ ജ്യൂസ് കുടിച്ചതാണ് പ്രശ്‌ന കാരണമെന്നും ഷാരോണ്‍ പെണ്‍കുട്ടിയോട് പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ജ്യൂസില്‍ ചില സംശയങ്ങളുണ്ടെന്ന് പെണ്‍കുട്ടി ഷാരോണിനോട് പറയുന്നതും സന്ദേശത്തിലുണ്ട്. ഷാരോണ്‍ പെണ്‍കുട്ടിയുമായി നടത്തിയ അവസാന വാട്‌സ്ആപ്പ് സന്ദേശമാണിതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

''കഷായം കുടിച്ചെന്ന് ചേട്ടനോട് പറയാന്‍ പറ്റൂല്ലല്ലോ. ഞാന്‍ പറഞ്ഞത്. നമ്മള്‍ അന്നു കുടിച്ചില്ലേ ഒരു മാ. എക്സ്പിയറി ഡേറ്റ് കഴിഞ്ഞത്. ഒരു കയ്പുള്ള മാ അന്നു കുടിച്ചില്ലേ. അതേ പോലത്തെ ഒരു സാധനം കുടിച്ചെന്നാണ് ഞാന്‍ പറഞ്ഞത്. അതു കുടിച്ചതു തൊട്ട് ഛര്‍ദ്ദില്‍ തുടങ്ങിയെന്നാണ് ഞാന്‍ വീട്ടില്‍ പറഞ്ഞത്.''-ഷാരോണ്‍ പറഞ്ഞു.

തുടർന്ന് പെണ്‍കുട്ടി നല്‍കിയ മറുപടി: ''എനിക്കും ഈ ജ്യൂസില്‍ എന്തോ ഡൗട്ട് തോന്നുന്നുണ്ട്. അത് നോര്‍മല്‍ ടേസ്റ്റ് ആയിരുന്നോ, കുഴപ്പമൊന്നും ഇല്ലല്ലോ. ഇനി അത് റിയാക്ട് ആയതാണോ എന്തോ.''

ഇരുവരും തമ്മില്‍ ജ്യൂസ് ചലഞ്ച് നടത്തിയതായും സൂചനയുണ്ട്. ഷാരോണ്‍ മരിക്കുന്നതിന് രണ്ടാഴ്ച മുന്‍പാണ് ജ്യൂസ് ചലഞ്ച് നടത്തിയത്. ഇതിന്റെ വീഡിയോയും ഷാരോണിന്റെ ബന്ധുക്കള്‍ പുറത്തുവിട്ടിട്ടുണ്ട്. അന്നും ഷാരോണ്‍ ഛര്‍ദിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞു.

അതേസമയം, ഷാരോണിന്റെ മരണത്തില്‍ പങ്കില്ലെന്ന് പെണ്‍കുട്ടി ഇന്നും ആവര്‍ത്തിച്ചു. തന്റെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയ ആളോട് അങ്ങനെ താന്‍ ചെയ്യില്ല. തങ്ങള്‍ രഹസ്യമായി വിവാഹം കഴിച്ചതാണെന്നും പെണ്‍കുട്ടി പറഞ്ഞു.

ഇതിനിടെ ഷാരോണിന്റെ മരണത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് രക്ത പരിശോധനാഫലം പുറത്തുവന്നു. സംഭവം നടന്ന ഒക്ടോബര്‍ 14ന് നടത്തിയ രക്ത പരിശോധനയില്‍ ഷാരോണിന്റെ ആന്തരിക അവയവങ്ങള്‍ക്ക് മറ്റു തകരാറുകള്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടില്ല. എന്നാല്‍ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം നടത്തിയ പരിശോധനയില്‍ രക്തത്തിലെ ബിലിറൂബിന്റെ അളവ് ഉയര്‍ന്നതായാണ് പരിശോധനാ ഫലത്തില്‍ നിന്നും വ്യക്തമാകുന്നത്.

ആദ്യ രക്ത പരിശോധനയില്‍ ഷാരോണിന്റെ രക്തത്തിലെ ബിലിറൂബിന്റെ അളവ് ഡെസീലിറ്ററില്‍ ഒരുമില്ലി ഗ്രാം എന്ന നിലയിലായിരുന്നു. ആ സമയത്ത് ഷാരോണിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നില്ല എന്നതാണ് ഇതില്‍ നിന്നും ലഭിക്കുന്ന സൂചന. മൊത്തം ബിലിറൂബിന്‍ ടെസ്റ്റില്‍ ഡെസീലിറ്ററില്‍ 1.2 മില്ലിഗ്രാം വരെ നോര്‍മല്‍ അളവായാണ് കണക്കാക്കുന്നത്. എന്നാല്‍ മൂന്നുദിവസത്തിനുശേഷം നടത്തിയ പരിശോധനയില്‍ ബിലിറൂബിന്‍ കൗണ്ട് ഡെസീലിറ്ററില്‍ അഞ്ച് മില്ലിഗ്രാം എന്ന നിലയിലേക്ക് ഉയര്‍ന്നതായി പരിശോധനഫലത്തില്‍ കാണുന്നു.

Next Story