Top

'രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന് ദൗര്‍ബല്യങ്ങളുണ്ട്'; അതിനേക്കാള്‍ കൂടുതല്‍ സേവനങ്ങള്‍ ചെയ്ത് ദേശീയ തലത്തില്‍ മാതൃകയായെന്ന് പന്ന്യന്‍ രവീന്ദ്രന്‍

വെള്ളൂരില്‍ എയിംസ് ആശുപത്രി സ്ഥാപിക്കണമെന്ന് പ്രമേയം

9 Aug 2022 2:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന് ദൗര്‍ബല്യങ്ങളുണ്ട്; അതിനേക്കാള്‍ കൂടുതല്‍ സേവനങ്ങള്‍ ചെയ്ത് ദേശീയ തലത്തില്‍ മാതൃകയായെന്ന് പന്ന്യന്‍ രവീന്ദ്രന്‍
X

കോട്ടയം: മുന്നണിയുടെ നിലനില്‍പ്പിനായി സിപിഐക്ക് വിട്ടുവീഴ്ച ചെയ്യേണ്ടിവന്നിട്ടുണ്ടെന്ന് ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. കേട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഏറ്റുമാനൂരില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന് ദൗര്‍ബല്യങ്ങളുണ്ട് എന്നാല്‍ അതിനേക്കാള്‍ കൂടുതല്‍ സേവനങ്ങള്‍ ചെയ്ത് ദേശീയ തലത്തില്‍ മാതൃകയാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

ഭരിക്കുമ്പോള്‍ മുന്നണിയെ കോട്ടമില്ലാതെ കൊണ്ടുപോകാന്‍ സിപിഐക്ക് വിട്ടുവീഴ്ച ചെയ്യേണ്ടിവരും. എന്നാല്‍ വിട്ടുവീഴ്ചയെ സറണ്ടര്‍ ചെയ്തുവെന്ന് പറയുന്നവരോട് ഒന്നും പറയാനില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാനിരുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അസുഖബാധിതനായതിനെ തുടര്‍ന്നാണ് പന്ന്യന്‍ രവീന്ദ്രന്‍ പകരക്കാരനായെത്തിയത്.

അതേസമയം, വെള്ളൂരില്‍ എയിംസ് ആശുപത്രി സ്ഥാപിക്കണമെന്ന് സിപിഐ ജില്ലാ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി വക സ്ഥലത്ത് കെപിപിഎല്ലിന് ആവശ്യമായ സ്ഥലം ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച എയിംസ് സ്ഥാപിക്കണമെന്നാണ് സിപിഐയുടെ ആവശ്യം.

അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത 687 ഏക്കര്‍ സ്ഥലമാണ് വെള്ളൂരില്‍ എച്ച്എന്‍എല്ലിന് നല്‍കിയത്. മറ്റാവശ്യങ്ങള്‍ക്ക് സ്ഥലം ഉപയോഗിക്കരുതെന്ന വ്യവസ്ഥയുണ്ടായിരുന്നത് കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ എച്ച്എന്‍എല്‍ വില്‍ക്കുവാന്‍ തീരുമാനിച്ചപ്പോള്‍ സര്‍ക്കാരിന് കെപിപിഎല്ലിനായി സ്ഥലം ഏറ്റെടുക്കുവാന്‍ സാധിച്ചത്.

STORY HIGHLIGHTS: Pannyan Ravindran says CPI has compromised for LDF

Next Story