Top

'ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തയാള്‍ കുലംകുത്തി'; കമ്മ്യൂണിസ്റ്റുകളും എല്‍ഡിഎഫും അങ്ങനെ ചെയ്യില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍

ബിജെപിക്ക് വോട്ട് ചെയ്തയാള്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ ആയാലും നടപടി ഉറപ്പാണ്

23 July 2022 8:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തയാള്‍ കുലംകുത്തി; കമ്മ്യൂണിസ്റ്റുകളും എല്‍ഡിഎഫും അങ്ങനെ ചെയ്യില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍
X

തിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ക്രോസ് വോട്ടിംഗ് നടന്നതിനെ വിമര്‍ശിച്ച് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ബിജെപിക്ക് വോട്ട് ചെയ്ത എംഎല്‍എ കുലംകുത്തിയാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. രാഷ്ട്രീയ അധാര്‍മികതയാണ് ചെയ്തത്. ഇത് ചെയ്തയാളെ തിരിച്ചറിഞ്ഞാല്‍ അയാള്‍ കേരള രാഷ്ട്രീയത്തില്‍ അപ്രസക്തനാകുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

'ഒരു വോട്ടെങ്കിലും ബിജെപിക്ക് കിട്ടിയത് അപകടമാണ്. അതിനെ ഭയപ്പെടുന്നു. കേരളത്തിന് അപമാനമാണിത്. രാഷ്ട്രീയത്തിലെ മര്യാദകേടാണ് കാണിച്ചത്.' പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

ബിജെപിക്ക് വോട്ട് ചെയ്തയാള്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ ആയാലും നടപടി ഉറപ്പാണ്. എല്ലാ പാര്‍ട്ടികള്‍ക്കും ഇത് പാഠമാകണം. കമ്മ്യൂണിസ്റ്റുകളും എല്‍ഡിഎഫ് കക്ഷികളും ഇത് ചെയ്തതായി വിശ്വസിക്കുന്നില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ കൂട്ടിചേര്‍ത്തു.

കേരളത്തില്‍നിന്നുള്ള 140 എംഎല്‍എമാരില്‍ ഒരു എംഎല്‍എയുടെ വോട്ട് ദ്രൗപദി മുര്‍വിന് ലഭിച്ചിരുന്നു. പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് 21,128 മൂല്യമുള്ള 139 വോട്ടുകളും ദ്രൗപദിക്ക് 152 മൂല്യമുള്ള ഒരു വോട്ടുമാണ് ലഭിച്ചത്. കേരള നിയമസഭയില്‍ പ്രാതിനിധ്യമുള്ള ഒരു പാര്‍ട്ടിയും ദ്രൗപദിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല. ദ്രൗപദിയെ പിന്തുണയ്ക്കാമെന്ന് ജനതാദള്‍ (എസ്) പ്രഖ്യാപിച്ചിരുന്നെങ്കിലും കേരളത്തില്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്നാണ് സംസ്ഥാന ഘടകം അറിയിച്ചിരുന്നത്.

Next Story