Top

'രാഷ്ട്രീയക്കാരും മതസംഘടനകളും പറയുന്നവരെ പ്രതികളാക്കുന്നു'; പൊലീസിനെതിരെ പന്ന്യൻ രവീന്ദ്രൻ

22 Dec 2021 2:55 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാഷ്ട്രീയക്കാരും മതസംഘടനകളും പറയുന്നവരെ പ്രതികളാക്കുന്നു; പൊലീസിനെതിരെ പന്ന്യൻ രവീന്ദ്രൻ
X

കേരള പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. പൊലീസ് പലപ്പോഴും രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും പറയുന്നവരെ പ്രതികളാക്കുന്നു. ചിസ ഉദ്യോഗസ്ഥര്‍ ഇതിനായി മാത്രം നില്‍ക്കുന്നെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

'പൊലീസ് മതസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും നല്‍കുന്ന പേര് വെച്ച് അവരെ പ്രതികളാക്കി കേസ് ഒതുക്കുന്ന ഏര്‍പ്പാട് പലപ്പോഴും നടക്കാറുണ്ട്. അത് ആപത്താണ്. അത് കൂടിക്കൂടി വരികയാണ് പലസ്ഥലങ്ങളിലും. ചില പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ അതിനു വേണ്ടി മാത്രം നിലനില്‍ക്കുന്ന ആളുകളാണ്. നാട്ടില്‍ ഈ കൊലപാതക പ്രവണതകള്‍ തടയാന്‍ വേണ്ടി കൃത്യമായ ഇടപെടലുണ്ടാവണം. ആ കാര്യത്തില്‍ പൊലീസ് കര്‍ശനമായ സംവിധാനങ്ങളുമായി മുന്നോട്ട് വരണം,' പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

ആലപ്പുഴയിലെ ഇരട്ടക്കൊലപാതകമുൾപ്പെടെ സംസ്ഥാനത്ത് സംഘർഷ സാധ്യതയുണ്ടാക്കിയ സാഹചര്യത്തിലാണ് പന്ന്യൻ രവീന്ദ്രന്റെ പരാമർശം. അതേസമയം, കേരളത്തെ ഞെട്ടിച്ച രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ശേഷം നാല് ദിവസം പിന്നിടുമ്പോഴും കൃത്യം നിര്‍വഹിച്ച പ്രതികളിലേക്ക് എത്താനാകാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്. സംസ്ഥാന വ്യാപകമായി തിരച്ചില്‍ തുടരുമ്പോഴും ഇരു കൊലപാതകങ്ങളിലും നേരിട്ട് പങ്കാളിത്തമുള്ളവരെ കണ്ടെത്താന്‍ പൊലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഷാന്റെയും രഞ്ജിത്തിന്റെയും കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഉന്നതതല ഗൂഢാലോചനയും, ആസൂത്രണവും നടന്നിട്ടുണ്ടെന്ന് എഡിജിപി വിജയ് സാഖറെ സ്ഥിരീകരിക്കുന്നു.

Next Story