Top

പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു; വിട പറഞ്ഞത് കഥക് നൃത്തത്തെ ലോക വേദിയിലെത്തിച്ച പ്രതിഭ

17 Jan 2022 1:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു; വിട പറഞ്ഞത് കഥക് നൃത്തത്തെ ലോക വേദിയിലെത്തിച്ച പ്രതിഭ
X

കഥക് നൃത്ത രംഗത്തെ ഇതിഹാസം പണ്ഡിറ്റ് ബിര്‍ജു മഹാരാജ് (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലായിരുന്നു അന്ത്യം. കഥക്കിനെ ലോക ശ്രദ്ധയില്‍ എത്തിച്ച പ്രതിഭയാണ് ഇന്ത്യയിലെ കഥക് നൃത്തത്തിന്റെ പ്രധാന ആചാര്യന്‍മാരിലൊരാള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പണ്ഡിറ്റ് ബിര്‍ജു മഹാരാജ് എന്ന ബ്രിജ്‌മോഹന്‍ മിശ്ര.

ഞായറാഴ്ച രാത്രി കൊച്ചുമക്കള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് ബിര്‍ജു മഹാരാജ് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചത് എന്നാണ് വിവരം. പിന്നാലെ ആരോഗ്യനില വഷളാവുകയും അബോധാവസ്ഥയിലാവുകയും ചെയ്യുകയായിരുന്നു. ഡല്‍ഹിയിലെ സാകേത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അടുത്തിടെ പണ്ഡിറ്റ് ബിര്‍ജു മഹാരാജിന് വൃക്കരോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഡയാലിസിസിനും വിധേയമാക്കിയിരുന്നു.

അറിയപ്പെടുന്ന ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞന്‍ കൂടിയായ പണ്ഡിറ്റ് ബിര്‍ജു മഹാരാജിനെ 1986 ല്‍ രാജ്യം പത്മവിഭൂഷന്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ 'കലാശ്രമം' എന്ന പേരില്‍ കഥക് കളരി നടത്തിവന്നിരുന്ന അദ്ദേഹം ലോകമെമ്പാടും നൃത്താവതരണങ്ങള്‍ നടത്തിയിട്ടുണ്ട്. നിരവധി കഥക് നൃത്തങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള വ്യക്തികൂടിയാണ് പണ്ഡിറ്റ് ബിര്‍ജു മഹാരാജ്. കഥക്കിലെ കല്‍ക്ക - ബിനാദിന്‍ ഘരാനയുടെ മുഖ്യ പ്രചാരകന്‍ കൂടിയാണ് അദ്ദേഹം.

കഥക് നര്‍ത്തകരുടെ വലിയ പാരമ്പര്യം പേറുന്ന മഹാരാജ് കുടുംബത്തിലെ അംഗമാണ് പണ്ഡിറ്റ് ബിര്‍ജു മഹാരാജ്. ശംഭു മഹാരാജിന്റെയും ലച്ചു മഹാരാജിന്റെയും പാരമ്പര്യം പേറുന്ന മഹാരാജ് കുടുംബാംഗം. അച്ചാന്‍ മഹാരാജാണ് പിതാവ്.

Next Story