Top

പന്തിരിക്കര സ്വര്‍ണക്കടത്ത്; ഇര്‍ഷാദ് കൊലപാതകത്തില്‍ മൂന്ന് പേര്‍ കീഴടങ്ങി

സ്വര്‍ണക്കടത്തു സംഘത്തിലെ മിസ്ഫര്‍, ഷാനവാസ്, ഇര്‍ഷാദ് എന്നിവരാണ് കല്‍പ്പറ്റ സിജെഎം കോടതിയിലെത്തി കീഴടങ്ങിയത്.

8 Aug 2022 9:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പന്തിരിക്കര സ്വര്‍ണക്കടത്ത്; ഇര്‍ഷാദ് കൊലപാതകത്തില്‍ മൂന്ന് പേര്‍ കീഴടങ്ങി
X

കോഴിക്കോട്: പന്തിരിക്കരയിലെ ഇര്‍ഷാദിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസില്‍ മൂന്ന് പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. സ്വര്‍ണക്കടത്തു സംഘത്തിലെ മിസ്ഫര്‍, ഷാനവാസ്, ഇര്‍ഷാദ് എന്നിവരാണ് കല്‍പ്പറ്റ സിജെഎം കോടതിയിലെത്തി കീഴടങ്ങിയത്.

വിദേശത്ത് നിന്നും കൊടുത്തുവിട്ട സ്വര്‍ണ്ണം, മറ്റൊരു സംഘത്തിന് കൈമാറിയതോടെ ഇത് തിരിച്ചെടുക്കാനാണ് ഇര്‍ഷാദിന് സംഘം തട്ടിക്കൊണ്ടുപോയത്. അറുപത് ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണമാണ് ഇര്‍ഷാദ് നാട്ടിലെത്തിച്ച ശേഷം മറ്റൊരു സംഘത്തിന് കൈമാറിയത്. സ്വര്‍ണം വീണ്ടെടുക്കാനാണ് സംഘം ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതും കൊലപ്പെടുത്തിയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. മുഹമ്മദ് സ്വാലിഹ് എന്ന 916 നാസറാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ദുബായില്‍ 916 നാസറിന്റെ തടവില്‍ കഴിയുന്ന കണ്ണൂര്‍ സ്വദേശി ജസീലിന്റെ പിതാവ് ജലീല്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. മകന്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ തടവിലാണെന്ന് മൂന്ന് മാസം മുന്‍പ് കൂത്തുപറമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നാണ് ജലീല്‍ വാദിച്ചത്.

അതേസമയം, ജസീലിനെ കാണാതായതുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യ പ്രതികളായ സ്വാലിഹ്, ഷംനാദ് എന്നിവര്‍ വിദേശത്തായതിനാല്‍, ഇവരെ നാട്ടിലെത്തിക്കാനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ അന്വേഷണ സംഘം കോടതിയെ സമീപിക്കും. പൊലീസിന്റെ അപേക്ഷ കേന്ദ്ര ആഭ്യന്തര വകുപ്പിനും കൈമാറും. ഇരുവരെയും ഇന്റര്‍പോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. കേസില്‍ നേരത്തെ അറസ്റ്റിലായ മുര്‍ഷിദിനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.

Story highlights: Pandirikara gold smuggling; Three people surrendered in Irshad's murder

Next Story