Top

'ചതിക്കല്ലേ സാറെ..., ഇങ്ങുപോരെ ഇങ്ങുപോരെ'; പല്ലന്‍ ഷൈജു ഇനി അഴിക്കുള്ളില്‍ ചിരിക്കും; വീഡിയോ

8 Feb 2022 6:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചതിക്കല്ലേ സാറെ..., ഇങ്ങുപോരെ ഇങ്ങുപോരെ; പല്ലന്‍ ഷൈജു ഇനി അഴിക്കുള്ളില്‍ ചിരിക്കും; വീഡിയോ
X

പൊലീസിനെ വെല്ലുവിളിച്ച് സോഷ്യല്‍ വീഡിയില്‍ വീഡിയോ ഇട്ട കുപ്രസിദ്ധ ഗുണ്ട പല്ലന്‍ ഷൈജുവിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. ഇപ്പോള്‍ പല്ലന്‍ ഷൈജുവിനെ പിടികൂടുന്ന വീഡിയോ പങ്കു വെച്ചിരിക്കുകയാണ് പൊലീസ്. ഷൈജു പൊലീസിനെ വെല്ലുവിളിച്ച ആദ്യ പോസ്റ്റും മീമുകളും ഉള്‍പ്പെടുത്തി രസകരമായാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ആദ്യ ഭാഗത്ത് പൊലീസിനെ വെല്ലുവിളിക്കുന്ന ഷൈജുവിനെയാണ് കാണുന്നതെങ്കില്‍ ചിരിച്ചു കൊണ്ട് ജയിലനകത്ത് നില്‍ക്കുന്ന ഷൈജുവിനെയാണ് വീഡിയോയുടെ അവസാനം കാണുന്നത്.

കോട്ടക്കല്‍ ഇന്‍സ്‌പെക്ടര്‍ എംകെ ഷാജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം അംഗങ്ങളായ എസ്‌ഐ ഗിരീഷ് എം, ദിനേഷ് ഇരുപ്പക്കണ്ടന്‍, മുഹമ്മദ് സലീം പൂവത്തി, കെ.ജെസിര്‍, ആര്‍ ഷഹേഷ് കെ സിറാജ് എന്നിവരടങ്ങിയ സംഘം ആണ് പ്രതിയെ പിടികൂടിയത്. പിടികൂടുമ്പോള്‍ പൊന്നു സാറേ ചതിക്കല്ലേ എന്ന് ഒപ്പമുണ്ടായിരുന്ന സ്ത്രീ പറഞ്ഞത്. ചതിക്കുകയല്ല വാറണ്ടാണെന്ന് പൊലീസ് മറുപടിയും നല്‍കി. ( പൊലീസ് എഡിറ്റ് ചെയ്ത വീഡിയോയില്‍ ഈ ഭാഗം ഇല്ല)

കേരളത്തിന് അകത്തും പുറത്തുമായി കൊലപാതകം, കൊലപാതക ശ്രമം, കവര്‍ച്ച, കുഴല്‍പ്പണം, കഞ്ചാവ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഷൈജു. കൊടകര, പുതുക്കാട്, തൃശ്ശൂര്‍ ഈസ്റ്റ്, നെടുപുഴ, എറണാകുളം ചെങ്ങമനാട്, 'വയനാട് സുല്‍ത്താന്‍ ബത്തേരി, തിരുനെല്ലി എന്നീ പോലീസ് സ്റ്റേഷനുകളിലും, കേരളത്തിനു പുറത്ത് ഗുണ്ടല്‍പേട്ട് സ്റ്റേഷനിലും, ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് ഓഫീസില്‍ കഞ്ചാവ് കേസുകളിലും പ്രതിചേര്‍ക്കപ്പെട്ടയാളാണ്.

കാപ്പാ നിയമം ചുമത്തി തൃശൂര്‍ ജില്ലയില്‍ നിന്നും പുറത്താക്കിയ പല്ലന്‍ ഷൈജു പൊലീസിനെ വെല്ലുവിളിച്ച ശേഷം ഒളിവിലായിരുന്നു. കുപ്രസിദ്ധ ഗുണ്ട കോടാലി ഷൈജുവിന്റെ കൂട്ടാളിയായിരുന്നു പല്ലന്‍ ഷൈജു. നേരത്തെ പൊലീസിനെ വെല്ലുവിളിച്ച് കൊണ്ട് പല്ലന്‍ ഷൈജുവിട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കൂട്ടുകാര്‍ക്കൊപ്പം പോസ്റ്റ് ചെയ്ത ലൈവ് വീഡിയോയിലാണ് ഇയാളുടെ ഭീഷണി.

വീഡിയോയിലെ ഷൈജുവിന്റെ സംഭാഷണം- 'ഞാനിപ്പോ കടലിലാ.. നാട്ടിലല്ലേ നില്‍ക്കാന്‍ പറ്റാത്തതുള്ളൂ. കൃഷ്ണന്‍കോട്ട പാലം കഴിഞ്ഞാ പിന്നെ അവന്റെ അപ്പന്റെ വകയൊന്നുവല്ല. ഇതിപ്പോ എറണാകുളം ജില്ലയിലാ, തൃശൂര്‍ ജില്ലയിലെ പോസ്റ്റോഫീസൊക്കെ പല്ലന്‍ ഷൈജൂന് നന്നായറിയാം. അതുകൊണ്ട് എനിക്ക് ഒന്നുമില്ല. എല്ലാവര്‍ക്കും വണക്കം, വന്ദനം. നമുക്ക് വീണ്ടും കാണാം. ചിയേഴ്‌സ് ബ്രോ..(മദ്യപിക്കുന്നു) ഇതുകൊണ്ട് മനംതകര്‍ന്നു കെട്ടിത്തൂങ്ങി ചാകുവൊന്നും വേണ്ട. നെല്ലായിയില്‍ എനിക്കൊരു കൂട്ടുകാരനുണ്ട്. അവനോട് പറയണം, വിഷമിക്കുവൊന്നും വേണ്ട, പല്ലന്‍ ഷൈജു അങ്ങോട്ടു തന്നെ വരും. പെണ്ണിനെ കാണാന്‍ ഇനി നാട്ടിലേക്കൊന്നും വരരുതെന്ന് ഇന്നലെ അവന്‍ എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു. വേണമെങ്കില്‍ ഫ്‌ലൈറ്റ് ചാര്‍ട്ടര്‍ ചെയ്തു ദുബായിലേക്കു വരെ ഞാന്‍ പോകും..'


Next Story