Top

പൊലീസിനെ വെല്ലുവിളിച്ച പല്ലൻ ഷൈജു 'കരയിലെത്തി'; പിടിയിൽ

7 Feb 2022 3:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൊലീസിനെ വെല്ലുവിളിച്ച പല്ലൻ ഷൈജു കരയിലെത്തി; പിടിയിൽ
X

ഗുണ്ടാ നേതാവ് പല്ലൻ ഷൈജു പിടിയിൽ. കാപ്പാ നിയമം ചുമത്തി തൃശൂർ ജില്ലയിൽ നിന്നും പുറത്താക്കിയ പല്ലൻ ഷൈജു പൊലീസിനെ വെല്ലുവിളിച്ച ശേഷം ഒളിവിലായിരുന്നു. മലപ്പുറം കോട്ടക്കൽ പൊലീസ് വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് ഷൈജുവിനെ അറസ്റ്റ് ചെയ്തത്. കുപ്രസിദ്ധ ​ഗുണ്ട കോടാലി ഷൈജുവിന്റെ കൂട്ടാളിയായിരുന്നു പല്ലൻ ഷൈജു.

നേരത്തെ പൊലീസിനെ വെല്ലുവിളിച്ച് കൊണ്ട് പല്ലൻ ഷൈജുവിട്ട വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കൂട്ടുകാർക്കൊപ്പം പോസ്റ്റ് ചെയ്ത ലൈവ് വീഡ‍ിയോയിലാണ് ഇയാളുടെ ഭീഷണി.

വീഡിയോയിലെ ഷൈജുവിന്റെ സംഭാഷണം..

"ഞാനിപ്പോ കടലിലാ.. നാട്ടിലല്ലേ നിൽക്കാൻ പറ്റാത്തതുള്ളൂ. കൃഷ്ണൻകോട്ട പാലം കഴിഞ്ഞാ പിന്നെ അവന്റെ അപ്പന്റെ വകയൊന്നുവല്ല. ഇതിപ്പോ എറണാകുളം ജില്ലയിലാ… തൃശൂർ ജില്ലയിലെ പോസ്റ്റോഫീസൊക്കെ പല്ലൻ ഷൈജൂന് നന്നായറിയാം. അതുകൊണ്ട് എനിക്ക് ഒന്നുമില്ല. എല്ലാവർക്കും വണക്കം, വന്ദനം. നമുക്ക് വീണ്ടും കാണാം. ചിയേഴ്‌സ് ബ്രോ..(മദ്യപിക്കുന്നു) ഇതുകൊണ്ട് മനംതകർന്നു കെട്ടിത്തൂങ്ങി ചാകുവൊന്നും വേണ്ട. നെല്ലായിയിൽ എനിക്കൊരു കൂട്ടുകാരനുണ്ട്. അവനോട് പറയണം, വിഷമിക്കുവൊന്നും വേണ്ട, പല്ലൻ ഷൈജു അങ്ങോട്ടു തന്നെ വരും. പെണ്ണിനെ കാണാൻ ഇനി നാട്ടിലേക്കൊന്നും വരരുതെന്ന് ഇന്നലെ അവൻ എന്നെ ഫോണിൽ വിളിച്ചു പറഞ്ഞു. വേണമെങ്കിൽ ഫ്‌ലൈറ്റ് ചാർട്ടർ ചെയ്തു ദുബായിലേക്കു വരെ ഞാൻ പോകും.."

കേരളത്തിന് അകത്തും പുറത്തുമായി കൊലപാതകം, കൊലപാതക ശ്രമം, കവർച്ച, കുഴൽപ്പണം, കഞ്ചാവ് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഷൈജു. കൊടകര, പുതുക്കാട്, തൃശ്ശൂർ ഈസ്റ്റ്, നെടുപുഴ, എറണാകുളം ചെങ്ങമനാട്, 'വയനാട് സുൽത്താൻ ബത്തേരി, തിരുനെല്ലി എന്നീ പോലീസ് സ്റ്റേഷനുകളിലും, കേരളത്തിനു പുറത്ത് ഗുണ്ടൽപേട്ട് സ്റ്റേഷനിലും, ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് ഓഫീസിൽ കഞ്ചാവ് കേസുകളിലും പ്രതിചേർക്കപ്പെട്ടയാളാണ്.


Next Story