Top

പാലിയേക്കരയിലെ ടോള്‍ പിരിവ് ആയിരം കോടിയിലേക്ക്; പിഴിഞ്ഞെടുത്തത് ചെലവിട്ടതിനേക്കാള്‍ 200 കോടിയിലധികം

23 Nov 2021 2:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാലിയേക്കരയിലെ ടോള്‍ പിരിവ് ആയിരം കോടിയിലേക്ക്; പിഴിഞ്ഞെടുത്തത് ചെലവിട്ടതിനേക്കാള്‍ 200 കോടിയിലധികം
X

ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതയുടെ നിര്‍മാണചെലവിലേക്കാള്‍ കൂടുതല്‍ ടോള്‍ പിരിവ്. തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ കണക്കുകളാണ് നിര്‍മാണ ചെലവിനേയും മറികടന്ന് ഏറെ മുന്നോട്ട് പോയത്. ടോള്‍ പിരിവ് ആരംഭിച്ച് ഒമ്പത് വര്‍ഷം പിന്നിടുമ്പോള്‍ ഇതുവരെ പിരിച്ച തുക ആയിരം കോടി രൂപയിലേക്ക് എത്തുകയാണ്.

വിവരാവകാശ രേഖകള്‍ പ്രകാരം ഇതുവരെ 958.68 കോടിയാണ് പാലയേക്കരയില്‍ നിന്നും ഇതുവരെ പിരിച്ചെടുത്തത്. നിലവിലെ കരാര്‍ പ്രകാരം 2028 ജൂലൈ വരെ ടോള്‍ പിരിക്കാനും കഴിയും. ഏഴ് വര്‍ഷത്തോളം ബാക്കി നില്‍ക്കെ വലിയ തുക അധികമായി ടോള്‍ ഇനത്തില്‍ ഇവിടെ നിന്നും പിരിച്ചെടുക്കുന്ന നിലയുണ്ടാവും.

മണ്ണുത്തി ഇടപള്ളി നാലുവരി പാതയുടെ നിര്‍മാണത്തിന് ആകെ ചെലവായത് 721.17 കോടി രൂപയാണ്. ഇതുവരെ 958.68 കോടി രൂപ പിരിച്ചെടുത്തപ്പോള്‍ അധികമായി ലഭിച്ചത് 236 കോടി രൂപയാണ്. ദേശീയ പാത അതോറിറ്റിയും ടോള്‍ പ്ലാസ നടത്തിപ്പുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും തമ്മിലുളള കരാര്‍ ഏഴ് വര്‍ഷം കൂടി ബാക്കി നില്‍ക്കെ ചെലവായതിനേക്കാള്‍ പത്ത് മടങ്ങ് തുക ടോള്‍ ഇനത്തില്‍ പിരിച്ചെടുക്കുന്ന നിലയുണ്ടാവും.

2012 ഫെബ്രുവരി ഒമ്പത് മുതലാണ് ടോള്‍ പിരിവ് തുടങ്ങിയത്. ടോള്‍ പ്ലാസയിലൂടെ പ്രതിദിനം 45000 വാഹനങ്ങള്‍ കടന്ന് പോവുകയും ചെയ്യുന്നുണ്ട്. ഈ കണക്ക് പരിശോധിച്ചാല്‍ ഒരോ ദിനവും ശരാശരി 30 ലക്ഷം രൂപ ടോള്‍ പ്ലാസയില്‍ നിന്നും പിരിച്ചെടുക്കുന്നു.

മുടക്കുമുതലിനേക്കാള്‍ തുക ടോള്‍ കമ്പനിക്ക് ഇതിനോടകം തിരിച്ചുകിട്ടിയ സാഹചര്യത്തില്‍ പിരിവ് നിര്‍ത്തണമെന്ന ആവശ്യവും ശക്തമാണ്. മുടക്ക് മുതലിനേക്കാള്‍ 200 കോടിയിലധികം കുടുതല്‍ ലഭിച്ച് കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ദേശീയപാത അതോറിറ്റി പാത അതോറിറ്റി കരാര്‍ കാലാവധി തികയും മുമ്പു തന്നെ പാത ഏറ്റെടുക്കണമെന്നും നാട്ടുകാരും പൊതു പ്രവര്‍ത്തകരും ആവശ്യപ്പെടുന്നു.

Next Story