Top

ശ്രീനിവാസന്‍ വധക്കേസ് വഴിത്തിരിവില്‍; നാല് പ്രതികളെ തിരിച്ചറിഞ്ഞ് പൊലീസ്

20 April 2022 2:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശ്രീനിവാസന്‍ വധക്കേസ് വഴിത്തിരിവില്‍; നാല് പ്രതികളെ തിരിച്ചറിഞ്ഞ് പൊലീസ്
X

പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ പാലക്കാട് നഗരത്തില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത നാല് പേരെയാണ് തിരിച്ചറിഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ശംഖുവാരത്തോടെ സ്വദേശി അബ്ദുള്‍ റഹ്മാന്‍, ഫിറോസ്, ഉമ്മര്‍, അബ്ദുള്‍ ഖാദര്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇവരെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും, മൊബൈല്‍ പരിശോധനകളില്‍ നിന്നുമാണ് ഇവരിലേക്ക് എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതികള്‍ സഞ്ചരിച്ച ബൈക്കുകളില്‍ ഒന്ന് തമിഴ്‌നാട് തമിഴ്‌നാട് രജിട്രേഷനാണ്. ഈ ബൈക്ക് പിന്നീട് നഗരത്തിന് പുറത്തേക്ക് പോയതിന് തെളിവ് ലഭിച്ചിട്ടുണ്ട്. ശ്രീനിവാസനെ ആക്രമിക്കാന്‍ ഫിറോസും ഉമ്മറും എത്തിയത് ഈ ബൈക്കിലാണ്. അക്രമികള്‍ സഞ്ചരിച്ച ഇരുചക്ര വാഹനങ്ങളില്‍ ഒന്ന് ആകീടീവയായിരുന്നു. ഇതില്‍ എത്തിയത് അബ്ദുള്‍ ഖാദര്‍ ആണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ആക്ടീവ നഗരം വിട്ട് പോയിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം.

പ്രതിയെന്ന് സംശയിക്കുന്ന അബ്ദുള്‍ഖാദര്‍ ഹേമാംബിക നഗര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസില്‍ നേരത്തെയും പ്രതിയായിരുന്നു എന്ന സൂചനയും പൊലീസ് നല്‍കുന്നു.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട് 24 മണിക്കൂര്‍ തികയും മുമ്പായിരുന്നു മുന്‍ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം. ആറംഗ കൊലയാളി സംഘം മൂന്ന് ബൈക്കുകകളിലായെത്തിയാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. പ്രതികള്‍ക്കായി മൊബൈല്‍ ഫോണുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത് എന്നും. പ്രതികളെ ഉടന്‍ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്നും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി വിജയ് സാഖറെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രധാന വിവരങ്ങള്‍ പുറത്ത് വരുന്നത്.

അതേസമയം, പാലക്കാട് ഏലപുള്ളിയില്‍ കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും ; കൊലപാതകത്തിനു പിന്നില്‍ ഗൂഢാലോചന ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.

മാസങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിതിന്റെ കൊലപാതകത്തില്‍ പ്രതികാരമായാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്നാണ് പ്രതികളുടെ മൊഴി . സഞ്ജിത്തിന്റെ സുഹൃത്ത് രമേശ് , അറുമുഖന്‍ , ശരവണന്‍ എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത് . കൊലപാതകത്തില്‍ ഗൂഢാലോചന അടക്കമാണ് പോലീസ് അന്വേഷിക്കുക. കൊലപ്പെടുത്താന്‍ ഉപയോഗിച്ച 4 വടി വാളുകള്‍ ഇന്നലെ തെളിവെടുപ്പിനിടെ പോലീസ് കണ്ടെത്തിയിരുന്നു.

തുടര്‍ കൊലപാതകങ്ങള്‍ക്ക് പിന്നാലെ പാലക്കാട് ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കും.

Content Highlight: Palakkad sreenivasan murder case

Next Story