Top

പാലക്കാട് കൊലപാതകങ്ങള്‍: സോഷ്യല്‍മീഡിയയില്‍ പ്രകോപന സന്ദേശങ്ങള്‍ പങ്കുവച്ചാല്‍ നടപടിയെന്ന് പൊലീസ്

ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരും ഗ്രൂപ്പുകളും ഗ്രൂപ്പ് അഡ്മിന്‍മാരും പൊലീസിന്റെ നിരീഷണത്തിലാണ്

16 April 2022 12:37 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാലക്കാട് കൊലപാതകങ്ങള്‍: സോഷ്യല്‍മീഡിയയില്‍ പ്രകോപന സന്ദേശങ്ങള്‍ പങ്കുവച്ചാല്‍ നടപടിയെന്ന് പൊലീസ്
X

പാലക്കാട്: പാലക്കാട് നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. പ്രകോപനപരമായ സന്ദേശങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഔദ്യോഗിക പേജിലൂടെ അറിയിച്ചു. ചില സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടതായും പ്രകോപനപരമായ സന്ദേശങ്ങള്‍ പങ്കുവയ്ക്കുന്ന ഗ്രൂപ്പുകളും അഡ്മിന്‍മാരും നിരീക്ഷണത്തിലാണെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് പാലക്കാട് മുന്നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിട്ടുണ്ട്. എഡിജിപി വിജയ് സാഖ്‌റെ പാലക്കാട്ടേക്ക് പുറപ്പെട്ടു. കൊലപാതകങ്ങള്‍ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി അനില്‍കാന്ത് വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

' പാലക്കാട് നടന്ന അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സമൂഹത്തില്‍ വിദ്വേഷവും സ്പര്‍ദ്ധയും വളര്‍ത്തി, സാമുദായിക ഐക്യം തകര്‍ക്കുക എന്ന ഉദ്ദേശത്തോടു കൂടി ചില സാമൂഹ്യ വിരുദ്ധര്‍ സമൂഹമാധ്യമങ്ങള്‍ വഴിയും അല്ലാതെയും പ്രകോപന പരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരും ഗ്രൂപ്പുകളും ഗ്രൂപ്പ് അഡ്മിന്‍മാരും പൊലീസിന്റെ നിരീഷണത്തിലാണ്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതായിരിക്കും'

പാലക്കാട് മേലാമുറിയിലും എലപ്പുള്ളിയിലുമായി എസ്ഡിപിഐ, ആര്‍എസ്എസ് നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ന് രാവിലെയാണ് ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി വെട്ടേറ്റ ശ്രീനിവാസനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ശ്രീനിവാസന്റെ തലയ്ക്കും കയ്യിനും കാലിനുമാണ് വെട്ടേറ്റിരുന്നത്. രണ്ട് ബൈക്കുകളിലെത്തിയവര്‍ ശ്രീനിവാസനെ കടയില്‍ കയറി വെട്ടുകയായിരുന്നു. 'ബൈക്കിന്റെ ഷോറൂം നടത്തുന്നയാളാണ് ശ്രീനിവാസന്‍. കടയില്‍ ശ്രീനിവാസന്‍ ഒറ്റയ്ക്കായിരുന്നു.

ഇന്നലെയാണ് എലപ്പുള്ളിയിൽ എസ്ഡിപിഐ നേതാവ് സുബൈർ കൊല്ലപ്പെട്ടത് .പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ സുബൈറിനെ ആക്രമിക്കുകയായിരുന്നു. ഇരുവരേയും കാറിടിച്ച് റോഡില്‍ വീഴ്ത്തിയ ശേഷം സംഘം സുബൈറിനെ വെട്ടുകയായിരുന്നു. മാരകമായ പരുക്കേറ്റ സുബൈറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രണ്ടു വാഹനങ്ങളിലെത്തിയ അക്രമി സംഘം ഒരു കാര്‍ സംഭവ സ്ഥലത്ത് ഉപേക്ഷിച്ചാണ് കടന്നുകളഞ്ഞത്. ഉപേക്ഷിച്ച കാര്‍ മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റേതാണെന്ന് പൊലീസ് കണ്ടെത്തി. കൊലയ്ക്ക് ഉപയോഗിച്ച രണ്ടാമത്തെ കാര്‍ ഇന്ന് കഞ്ചിക്കോട് നിന്നും പൊലീസ് കണ്ടെത്തി. അലിയാര്‍ എന്നയാളുടേതായിരുന്നു കാര്‍. രമേശന്‍ എന്ന ബിജെപി പ്രവര്‍ത്തകനാണ് കാര്‍ വാടകയ്‌ക്കെടുത്തതെന്ന് അലിയാര്‍ പൊലീസിന് മൊഴി നല്‍കി. സുബൈറിന്റെ അയല്‍ വാസിയാണ് രമേശന്‍.


STORY HIGHLIGHTS: Palakkad murders: Police say action will be taken if provocative messages are shared on social media

Next Story